Wednesday, December 29, 2010

മല ചവിട്ടുന്ന പാട്ടുകള്‍

Mala chavittunna pattukal                                                            

Tuesday, November 30, 2010

ഡോ: കെ ഓമനക്കുട്ടി തന്റെ ജ്യേഷ്ഠസഹോദരനെ കുറിച്ച്

This is something written by Dr Omanakkutty on her illustrious sibling MG Radhakrishnan, as preface for my  book on MGR (a handbook of sorts) , being published by Chalachithra Academy as part of the forthcoming international film festival.

Teacher - Kurip

Sunday, November 28, 2010

വാനമ്പാടിയുടെ നിഴലില്‍

Vanampadiyude nizhalil                                                            

Friday, November 19, 2010

പണ്ഡിറ്റ് ജസ്‌രാജില്‍ നിന്ന് മയില്‍‌പ്പീലി അവാര്‍ഡ്

പണ്ഡിറ്റ്  ജസ്‌രാജില്‍ നിന്ന് മയില്‍‌പ്പീലി അവാര്‍ഡ് സ്വീകരിയ്ക്കുന്നു - നവംബര്‍ 17ന്

Tuesday, November 2, 2010

ശബ്ദത്തിനൊപ്പം ഒരു ജീവിതം

Sabdathinoppam oru jeevitham                                                            

Monday, October 25, 2010

പാട്ടിന്റെ പാലാഴി തീര്‍ത്തവര്‍

ഇന്ത്യാ ടുഡേ - സെപ്തംബര്‍ 2, 2009

കടപ്പാട് : സംശയാലു

Friday, October 22, 2010

സ്വരലയ ഈണം അവാര്‍ഡ് - 2010

Hi


I'm receiving the Swaralaya music award on Sunday (24th) at 3.30 pm. The venue is Sonata Hall, Mascot Hotel, Trivandrum. Request your presence and blessings...The invitation is attached.


Regards


Ravi


Thursday, September 30, 2010

മറവി തൻ മാറിടത്തിൽ....


ഒക്ടോബർ-1 ലോക വൃദ്ധദിനം.

മലയാള ചലച്ചിത്രഗാനരംഗത്തെ കുലപതികളിലൊരാളുടെ വാർദ്ധക്യസഹജമായ ഓർമ്മക്കുറവിനെ പറ്റി നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവം ശ്രീ.രവി മേനോൻ പങ്കുവെക്കുന്നു...

കടപ്പാട് : മാതൃഭൂമി ആരോഗ്യമാസിക
 
സർഗ്ഗാത്മകതയും സാമൂഹ്യബോധവും ഉന്നതമൂല്യങ്ങളുമൊക്കെ പുലർത്തിയിരുന്ന ആളായിരുന്നു പ്രഗൽഭ സംവിധായകനും മുതിർന്ന രാഷ്ട്രീയപ്രവർത്തകനും മാധ്യമപ്രവർത്തകനും മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാളുമായിരുന്ന പി.ഭാസ്കരൻ. ഓർമ്മക്കുറവു മൂലം ഏതാനും വർഷം ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്കരൻ മാഷിനെ കാണാൻ എസ്.ജാനകിക്കൊപ്പം പോയ അനുഭവം പങ്കുവെക്കുകയാ‍ണ് പ്രശസ്ത ഗാനനിരൂപകനായ രവി മേനോൻ.
തിരുവനന്തപുരത്ത് ഒരു ഗാനമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്കു ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്കരൻ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്.
             ജവഹർ നഗറിലെ വീട്ടിലെത്തുമ്പോൾ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണർത്തിയപ്പോൾ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തിൽ. ഏതോ ഒരു സ്ത്രീ എന്ന കൌതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു- ആരാ മനസ്സിലായില്ലല്ലോ! വിതുമ്പൽ അടക്കി നിർത്താനായില്ല എസ്.ജാനകിക്ക്. മാസ്ടറുടെ കൈകൾ രണ്ടും ചേർത്തു പിടിച്ച് വിതുമ്പലോടെ അവർ പതുക്കെ ഉരുവിട്ടു - മാസ്റ്ററേ ഇത് ഞാനാണ്... ജാനകി.
          മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കേ പറഞ്ഞൂ-ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാ‍തിലിൽ ചാരിയിരുന്ന് ജാനകി പാടാൻ തുടങ്ങി - ഭാസ്കരൻ മാഷുടെ മനോഹരമായ ഗാനം ‘തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ....’ പാട്ട് ഭാസ്കരൻ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
            ജാനകി പിന്നെയും പാടി. ‘ഒരു കൊച്ചു സ്വപ്നത്തിൻ...,ആരാധികയുടെ പൂജാ കുസുമം...,കേശാദിപാദം തൊഴുന്നേൻ....,നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ....,‘ ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോൾ സ്വയമറിയാതെ മാസ്റ്റർ അതിൽ പങ്കു ചേരുന്നുണ്ടായിരുന്നു.
            മടങ്ങാൻ നേരം,സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ എസ്.ജാനകി എഴുന്നേറ്റപ്പോൾ അവരുടെ നേരെ കൈകൂപ്പി നിഷ്ക്കളങ്കമായ ചിരിയോടെ മാസ്റ്റർ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നാ‍യി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം...

    എസ്.ജാനകിയുടെ വിതുമ്പൽ തൊണ്ടയിൽ തടഞ്ഞുപോയി........
              
 

Tuesday, September 7, 2010

എന്റെ ലത; നിങ്ങളുടെയും

ജമാല്‍ കൊച്ചങ്ങാടി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ലത - ജീവിതവും സംഗീതവും എന്ന പുസ്തകത്തിന് രവി മേനോന്‍ എഴുതിയ അവതാരിക

ഓര്‍മ്മയിലെ ലതാ മങ്കേഷ്കര്‍ക്ക് തങ്കമ്മായിയുടെ രൂപവും ശബ്ദവുമാണ് ; മുല്ലപ്പൂവിന്റെ മണവും.
രാജസ്ഥാനിലെ ഉദയ് പൂരില്‍ നിന്ന് ഭര്‍ത്താവിനും മകനുമൊപ്പം വേനലവധിയ്ക്ക് നാട്ടിലെത്തുന്ന സുന്ദരിയായ അമ്മായിയോട് ആരാധനയായിരുന്നു എന്നും. ജഗ്ജിത് സിങ്ങിന്റെയും ഗുലാം അലിയുടെയും ഗസല്‍ കേള്‍ക്കുന്ന അമ്മായി. ഖസാക്കിന്റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളും വായിക്കുന്ന അമ്മായി.എടരിക്കോട്ടെ തറവാട് വീട്ടിന്റെ വടക്കേ അറയിലെ ആള്‍പ്പൊക്കമുളള നീലക്കണ്ണാടിയ്ക്ക് മുന്നില്‍ ഇരുന്ന്‌ ഒരു മൂളിപ്പാട്ടോടെ മുടി ഭംഗിയായി ചീകിയൊതുക്കുന്ന അമ്മായിയെ വാതിലില്‍ ചാരിനിന്ന് കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‍. അന്തരീക്ഷത്തില്‍ മുല്ലപ്പൂവിന്റെ സുഗന്ധമുണ്ടാകും അപ്പോള്‍. അത് അവര്‍ ഉപയോഗിച്ചിരുന്ന ഷാമ്പൂവിന്റെതായിരുന്നോ? അതോ ഏതെങ്കിലും വില പിടിപ്പുള്ള പെര്ഫ്യുമിന്റെ ? അറിയില്ല. ഒന്ന് മാത്രം അറിയാം. ശൈശവത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ക്ക് ഇന്നും അതേ സുഗന്ധമാണ്.
ആ ദിവസങ്ങളില്‍ എന്നോ ഒരിക്കല്‍, മധുരമുള്ള ഒരു മൂളിപ്പാട്ടായി അന്നത്തെ പത്തുവയസ്സുകാരന്റെ കാതിലും മനസ്സിലും ഒഴുകിയെത്തുന്നു ഒരു ഗാനം: രസിക് ബല്‍മാ ഹായേ ദില്‍ ക്യോം ലഗായാ തോസേ...തങ്കമ്മായി പാടുകയായിരുന്നില്ല; മന്ത്രിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ മന്ത്രണത്തിന്റെ മാധുര്യം മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

രണ്ടു വര്ഷം കഴിഞ്ഞ്‌ പിന്നെയും ആ പാട്ട് കേട്ടു-- വയനാട്ടിലെ ചുണ്ടേല്‍ ആര്‍ സി ഹൈസ്കൂള്‍ അങ്കണത്തില്‍ വച്ച്. ഗാനമേള അവതരിപ്പിക്കാന്‍ ചുരം കയറി എത്തിയ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ ട്രൂപ്പിലെ ഇരുനിറക്കാരിയായ യുവതി മൈക്കിനു മുന്നില്‍ നിന്ന് രസിക് ബല്‍മാ പാടുമ്പോള്‍, തരിച്ചിരിക്കുകയായിരുന്നു ഞാനും അമ്മയും അനിയനും അനിയത്തിയും അടങ്ങിയ സദസ്സ്. പാട്ടിനൊടുവില്‍ ഒരു നേര്‍ത്ത വിതുമ്പല്‍. ``ഈ പാട്ട് എപ്പോള്‍ പാടുമ്പോഴും എനിക്ക് കരച്ചില്‍ വരും. ക്ഷമിക്കണേ..'' നിറഞ്ഞ സദസ്സിനു മുന്‍പില്‍ ഗായിക കൈകൂപ്പി തലകുനിക്കുന്നു . മച്ചാട്ട് വാസന്തി എന്നായിരുന്നു പാട്ടുകാരിയുടെ പേരെന്ന് പിന്നീടറിഞ്ഞു. ജീവിതത്തില്‍ ആദ്യമായി ഒരു ഗാനമേള കാണുകയും കേള്‍ക്കുകയുമായിരുന്നു.

വിവിധ് ഭാരതിയിലെ ഫര്‍മയേശി പ്രോഗ്രാമില്‍ നിന്ന് , തറവാട്ടു വീട്ടിന്റെ തട്ടിന്‍പുറത്തു പൊടി പിടിച്ചു കിടന്ന ഗ്രാമഫോണ്‍ പെട്ടിയില്‍ നിന്ന് , പിന്നെയും പിന്നെയും രസിക് ബല്‍മാ ഒഴുകിക്കൊണ്ടേയിരുന്നു. ചോരി ചോരി എന്ന ചിത്രത്തില്‍ മജ് രൂഹ് സുല്‍ത്താന്‍പുരി എഴുതി ശങ്കര്‍ ജയ്‌കിഷന്‍ ഈണം പകര്‍ന്ന ആ പാട്ടിനോടുള്ള പ്രണയം ഉള്ളില്‍ വളരുകയായിരുന്നു; ലതാജിയുടെ ശബ്ദത്തോടും. രണ്ടും ഇന്ന് എന്റെ ഹൃദയത്തിന്റെ ഭാഗം.

``ഇന്‍ സേര്‍ച്ച്‌ ഓഫ് ലതാ മങ്കേഷ്കര്‍'' എന്ന പുസ്തകത്തില്‍ ലതാജിയുടെ പഴയ പ്രോഗ്രാം മാനേജര്‍ ഹരിഷ് ബിമാനി രസിക് ബല്‍മാ എന്ന പാട്ടിനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു സ്മരണ പങ്കുവെക്കുന്നുണ്ട്: ഹിന്ദി സിനിമാലോകത്തെ തലമുതിര്‍ന്ന നിര്‍മ്മാതാവും സംവിധായകനുമായ മെഹബൂബ് ഖാന്‍ ഗുരുതരമായ അസുഖം ബാധിച്ച് ലോസ് ആഞ്ചലസിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാലം. രോഗവിവരം ആരായാന്‍ മുംബൈയില്‍ നിന്ന് ഫോണ്‍ വിളിച്ച ലതയോട് ഖാന്‍സാബ് ക്ഷീണിതമായ ശബ്ദത്തില്‍ പറഞ്ഞു: രസിക് ബല്‍മാ എന്ന പാട്ട് പാടിത്തരണം എനിക്ക്. ഞാന്‍ അതുകേട്ട് എല്ലാം മറന്നൊന്ന് മയങ്ങട്ടെ.''

സസന്തോഷം ലതാജി പാടി. ഒന്നും രണ്ടുമല്ല തുടര്‍ച്ചയായി ഏഴു ദിവസം. വന്‍കരകള്‍ താണ്ടി എത്തിയ ആ നാദസൌഭഗത്തില്‍ സ്വയം മറന്നലിഞ്ഞ മെഹബൂബ് ഖാന്‍ രോഗശയ്യ വിട്ടതും പൂര്‍വാധികം ആരോഗ്യവാനായി നാട്ടില്‍ തിരിച്ചെത്തിയതും കഥയുടെ ക്ലൈമാക്സ്. ``ദൈവം ലതാജിയുടെ ശബ്ദത്തില്‍ പാടുന്നു''-- പിന്നീടൊരിക്കല്‍ ഖാന്‍സാബ് പറഞ്ഞു.

ഓര്‍ക്കാന്‍ രസമുണ്ട്. ഇതേ മെഹബൂബ് ഖാന്‍ തന്നെ ലതാജിയുടെ പ്രതിഭയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് ഒരിക്കല്‍. നാല്‍പതുകളില്‍ അന്ദാസ് എന്ന പടത്തിന്റെ റിക്കോഡിംഗ് വേളയിലായിരുന്നു അത്. നര്ഗീസിനു വേണ്ടി പിന്നണി പാടാന്‍ വന്ന പുതിയ പാട്ടുകാരിയെ ആപാദചൂഡം ഒന്ന് നോക്കി ഒപ്പമുണ്ടായിരുന്ന സംഗീതസംവിധായകന്‍ നൌഷാദിനോട് പടത്തിന്റെ നിര്‍മാതാവും സംവിധായകനുമായ മെഹബൂബ് ഖാന്‍ ചോദിച്ചു: ``മജ് രൂഹിന്റെ വരികളില്‍ കവിത മാത്രമല്ല, ശുദ്ധമായ ഉര്‍ദുവിന്റെ സംഗീതം കൂടി ഉണ്ട്. ആ സംഗീതത്തോട്‌ നീതി പുലര്‍ത്താന്‍ മഹാരാഷ്ട്രക്കാരിയായ ഈ പെണ്കുട്ടിയ്ക്കാകുമോ ?

നൌഷാദ് ചിരിക്കുക മാത്രം ചെയ്തു. കാലം ആ ചോദ്യത്തിന് മറുപടി നല്‍കുമെന്ന് മനസ്സില്‍ മന്ത്രിച്ചിരിക്കണം അദ്ദേഹം . അന്ന് ലത പാടി റെക്കോര്‍ഡ്‌ ചെയ്തു പാട്ട് കേട്ട് മെഹബൂബ് ഖാന്‍ വികാരവായ്പോടെ തന്നെ ആശ്ലേഷിച്ച കഥ ഒരു അഭിമുഖത്തില്‍ നൌഷാദ് വിവരിച്ചു കേട്ടിട്ടുണ്ട്. ദശാബ്ദങ്ങള്‍ക്ക് ശേഷവും നമ്മെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നു അന്നത്തെ ഇരുപതുകാരിയുടെ ഗാനം: ഉഡായെജാ ഉന്കെ സിതം.....

അങ്ങനെ എത്രയെത്ര പാട്ടുകള്‍. ലതാജിയുടെ ശബ്ദം ഒരിക്കലെങ്കിലും കാതില്‍ വന്നു വീഴാത്ത ദിനങ്ങള്‍ അപൂര്‍വമാണ് ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തില്‍. ടെലിവിഷനിലൂടെ, റേഡിയോയിലൂടെ, ഇന്റര്‍നെറ്റിലൂടെ, മൊബൈല്‍ ഫോണുകളിലൂടെ, മള്‍ട്ടിവാട്ട്സ് സ്പീക്കറുകളിലൂടെ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു അത്.

ജമാല്‍ കൊച്ചങ്ങാടി എഴുതിയ ഈ പുസ്തകവും ലതാജിയുടെ ഗാനങ്ങള്‍ പോലെ മധുരോദാരം. ആര്‍ദ്രവും സംഗീതാത്മകവുമായ ഭാഷ. മാഞ്ഞു പോയ ഒരു കാലഘട്ടത്തിന്റെ മനോഹരമായ പുനരാവിഷ്കാരം. ജമാലിന്റെ വരികളിലൂടെ ഒഴുകിപ്പോകുമ്പോള്‍ ഒരു `മെഹഫിലിന്റെ' സുഖമറിയുന്നു നാം; സിനിമാ സംഗീതത്തിന്റെ ശൈശവവും ബാല്യവും കൌമാര-യൌവനങ്ങളും ഒരു തിരശീലയില്‍ എന്ന വണ്ണം നമുക്ക് മുന്നില്‍ തെളിയുന്നു; ഗുലാം ഹൈദര്‍ മുതല്‍ എ ആര്‍ റഹ്മാന്‍ വരെ, ലതയുടെ ശബ്ദമാധുരിയില്‍ നിന്ന് അപൂര്‍വ സുന്ദരഗാനങ്ങള്‍ മിനഞ്ഞെടുത്ത സംഗീത ശില്‍പ്പികളുടെ മിഴിവാര്‍ന്ന ചിത്രങ്ങളും.
വരിക. ഈ മെഹ്ഫില്‍ ആസ്വദിക്കുക: ലഗ്ജാ ഗലേ കെ ഫിര്‍ യെ ഹസീന്‍ രാത് ഹോ ന ഹോ, ശായദ് ഫിര്‍ ഇസ് ജനം മേ മുലാകാത് ഹോ ന ഹോ


Monday, August 30, 2010

ഈ പാട്ടുമൂളുമ്പോൾ ഇവരെയും ഓർക്കുക...

mathrubhumi_onam                                                              

Saturday, July 3, 2010

എം ജി രാധാകൃഷ്ണന്‍

ഇന്നത്തെ മാതൃഭൂമിയില്‍ നിന്ന്

എം ജി രാധാകൃഷ്ണനെയും ജി ദേവരാജനെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ചില കണ്ണികളുണ്ട്. കവിതയോടുള്ള പ്രണയമാണ് ഒന്ന്. മറ്റൊന്ന്, ശാസ്ത്രീയരാഗങ്ങളെ ലളിതസംഗീതവുമായി ഔചിത്യപൂര്‍വം വിളക്കിചേര്‍ക്കാനുള്ള കഴിവ്.
തീര്‍ന്നില്ല. കൌതുകകരമായ മറ്റൊരു സാമ്യം കൂടിയുണ്ട് ഇരുവര്‍ക്കും. രണ്ടു പേരും ആദ്യമായി ഒരു ഗാനം ചിട്ടപ്പെടുത്തി പാടുന്നത് വിദ്യാര്‍ഥി ജീവിതകാലത്താണ് -- ഒരേ പാട്ടുതന്നെ . കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ... ഉള്ളൂര്‍ എഴുതിയ ആ പ്രശസ്തമായ കുട്ടിപ്പാട്ടിനു അവരവരുടേതായ രീതിയില്‍ വ്യത്യസ്തമായ `സംഗീതവ്യാഖ്യാന'ങ്ങള്‍ നല്‍കുകയായിരുന്നു ചെറുപ്രായത്തില്‍ തന്നെ ദേവരാജനും രാധാകൃഷ്ണനും.
1930 കളില്‍ പറവൂര്‍ തെക്കുംഭാഗം എല്‍ പി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു, ദേവരാജന്‍ മാസ്റ്ററുടെ ആദ്യ `` സംഗീതപരീക്ഷണം '' . അധ്യാപകന്റെ നിര്‍ദേശപ്രകാരം പദ്യം ചൊല്ലാന്‍ എഴുന്നേറ്റു നിന്നപ്പോള്‍, അത് പാടിപ്പഴകിയ ഈണത്തില്‍ ആവരുതെന്നു മനസ്സില്‍ ഉറച്ചിരിക്കണം ദേവരാജന്‍. ‍ വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്ന് താന്‍ പാടിയ ``കാക്കേ കാക്കേ'' ശങ്കരാഭരണം രാഗത്തിലായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിയുന്നത്‌.
അന്‍പതുകളില്‍ ആലപ്പുഴ എസ്‌ ഡി കോളേജില്‍ വച്ച് ഇതേ കവിതാശകലം ``തന്നിഷ്ടപ്രകാരം'' സഹപാഠികളെ ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ രാധാകൃഷ്ണനും അറിഞ്ഞിരുന്നില്ല മോഹന രാഗം തന്റെ ആലാപനത്തില്‍ വന്നു നിറഞ്ഞ കാര്യം . . ``മനസ്സില്‍ തോന്നിയ ഒരു ഈണത്തില്‍ പാടി. അത്ര തന്നെ. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന മോഹം അന്നേ ഉപബോധമനസ്സില്‍ ഉണ്ടായിരുന്നിരിക്കണം,'' പില്‍ക്കാലത്ത് ഒരു കൂടിക്കാഴ്ചയില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചെയ്ത ഗാനങ്ങളുടെ എണ്ണത്തേക്കാള്‍, വൈവിധ്യം കൊണ്ടായിരിക്കണം തന്നെ വരുംതലമുറകള്‍ ഓര്‍ക്കേണ്ടതെന്ന ആഗ്രഹം ആയുഷ്കാലം മുഴുവന്‍ അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നത് സ്വാഭാവികം.
കാവാലവുമായി ചേര്‍ന്ന് സൃഷ്ടിച്ച എണ്ണമറ്റ ജനപ്രിയ ലളിതഗാനങ്ങളിലൂടെ (ഘനശ്യാമസന്ധ്യാഹൃദയം, ഓടക്കുഴല്‍ വിളി, ശ്രീ ഗണപതിയുടെ, പൂമുണ്ടും തോളത്തിട്ടു, കുറ്റാലം കുറവഞ്ചി... ) മലയാളികളുടെ ഹൃദയം കവര്‍ന്ന ശേഷമാണ് രാധാകൃഷ്ണന്‍ സിനിമയില്‍ പ്രശസ്തനാകുന്നത്. ഗായകനായിട്ടായിരുന്നു തുടക്കം - കള്ളിച്ചെല്ലമ്മയില്‍ പി ഭാസ്കരനും കെ രാഘവനും ചേര്‍ന്നൊരുക്കിയ ``ഉണ്ണി ഗണപതിയെ'' എന്ന ഗാനത്തിലൂടെ. പക്ഷെ എം ജി രാധാകൃഷ്ണന്‍ എന്ന ഗായകന്റെ അഗാധഗംഭീരശബ്ദം ഇന്നും നമ്മുടെ കാതിലും മനസ്സിലും മുഴങ്ങുന്നുവെങ്കില്‍ അതിനു നന്ദി പറയേണ്ടത് വയലാര്‍- ദേവരാജന്‍ ടീമിനോടാണ്. ശരശയ്യക്ക് വേണ്ടി അവര്‍ സൃഷ്ടിച്ച ശാരികേ ശാരികേ എന്ന ഗാനം മറ്റേതെങ്കിലും ഗായകന്റെ ശബ്ദത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവുമോ നമുക്ക്? നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പല്ലനയാറ്റിന്‍ തീരത്ത്‌ (സുശീലയോടൊപ്പം) , കുമാരസംഭവത്തിലെ മല്ലാക്ഷി മണി മാറില്‍ (വസന്തയോടൊപ്പം) എന്നീ ഗാനങ്ങളും മറക്കാനാവില്ല. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും , രാധാകൃഷ്ണന്റെ വേറിട്ട ശബ്ദം സിനിമാ പിന്നണിഗാനങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്ടീരിയോടൈപ്പ് സങ്കല്പങ്ങളുമായി യോജിച്ചു പോകുന്നതേ ആയിരുന്നില്ല. ഗായകനില്‍ നിന്ന് മുഴുവന്‍സമയ സംഗീതസംവിധായകനിലെക്കുള്ള വേഷപ്പകര്‍ച്ച ഈ തിരിച്ചറിവില്‍ നിന്നാവണം.

സിനിമയില്‍ രാധാകൃഷ്ണന്‍ ആദ്യം ചിട്ടപ്പെടുത്തിയതും കാവാലത്തിന്റെ വരികള്‍ തന്നെ: തമ്പില്‍ ഉഷാരവി പാടിയ കാനകപ്പെണ്ണ് ചെമ്പരുത്തി. ``സാധാരണ പാട്ടെഴുത്തുകാരുടെ ശൈലിയിലല്ല കാവാലം എഴുതുക. ഒരു പ്രത്യേക താളമാണ് ആ പാട്ടുകള്‍ക്ക്. കാവാലത്തിന്റെ മനസ്സിലെ താളം എളുപ്പം തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു..'' രാധാകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞു. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ (രണ്ടു ജന്മം), മുക്കുറ്റി തിരുതാളി (ആരവം), പ്രേമയമുനാ (പൂരം), ചെമ്പഴുക്ക, ഹരിചന്ദന (കണ്ണെഴുതി പൊട്ടും തൊട്ടു) എന്നിവ ഈ സഖ്യത്തിന്റെ മികച്ച സിനിമാ ഗാനങ്ങള്‍. ഗിരീഷ്‌ പുത്തഞ്ചേരിയും എം ജി രാധാകൃഷ്ണനും ഒരുമിച്ചപ്പോഴാണ് സൂര്യകിരീടം (ദേവാസുരം), നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ (അഗ്നിദേവന്‍), പൊന്നാര്യന്‍ പാടം (രക്തസാക്ഷികള്‍ സിന്ദാബാദ്), തിരനുരയും, ഇണക്കമാണോ (അനന്ത ഭദ്രം) , എന്തിത്ര വൈകി നീ (പകല്‍) തുടങ്ങിയ മനോഹരഗാനങ്ങള്‍ പിറന്നത്‌ . ഓ എന്‍ വി (ജാലകത്തിലെ ഒരു ദലം മാത്രം, മിഥുനത്തിലെ അല്ലിമലര്‍ കാവില്‍, അയിത്തത്തിലെ ഒരു വാക്കില്‍), പൂവച്ചല്‍ ഖാദര്‍ (തകരയിലെ മൌനമേ, ചാമരത്തിലെ നാഥാ നീ വരും), ബിച്ചു തിരുമല (മണിച്ചിത്രത്താഴിലെ പഴംതമിഴ് പാട്ട് ), കൈതപ്രം ( അദ്വൈതത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട്), സത്യന്‍ അന്തിക്കാട് (ഞാന്‍ എകനാണിലെ ഓ മൃദുലേ, രജനീ), രമേശന്‍ നായര്‍ (രാക്കുയിലിന്‍ രാഗസദസ്സിലെ എത്ര പൂക്കാലം), തിരുനല്ലൂര്‍ (കാറ്റേ നീ വീശരുതിപ്പോള്‍), മധുസൂദനന്‍ നായര്‍ (കുലത്തിലെ എന്തമ്മേ ചുണ്ടത്ത്‌), കണിയാപുരം രാമചന്ദ്രന്‍ (യൌവനം ദാഹത്തിലെ അനുരാഗസുധയാല്‍)....എല്ലാ ഗാനരചയിതാക്കള്‍ക്കും അനശ്വരമായ ഈണങ്ങള്‍ സൃഷ്ടിച്ചു നല്‍കി രാധാകൃഷ്ണന്‍.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നിലൂടെയുള്ള പതിവ് സായാഹ്നയാത്രക്കിടെ കാവാലം ആത്മഗതമെന്നോണം മൂളിയ ഒരു പല്ലവിയില്‍ നിന്നു നിമിഷങ്ങള്‍ക്കകം രാധാകൃഷ്ണന്‍ സൃഷ്ടിച്ച ഈണമാണ് ഘനശ്യാമ സന്ധ്യാഹൃദയം എന്ന അവിസ്മരണീയ ലളിതഗാനമായത്-- യുവജനോത്സവ വേദികളില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഗാനം. ``വളരെ പെട്ടെന്നാവും പല പാട്ടുകളും പിറവി കൊള്ളുക . പലപ്പോഴും പല്ലവിയുടെ പ്ലാന്‍ എന്റെതാകും. ചരണത്തിന്റെത് രാധാകൃഷ്ണന്റെതും. ചിലപ്പോള്‍ ഞാന്‍ വരികള്‍ ഫോണില്‍ ചൊല്ലിക്കൊടുക്കും. ഒരു തവണ കേട്ടാല്‍ മതി; ഈണം രാധാകൃഷ്ണന്റെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടാകും..'' കാവാലത്തിന്റെ വാക്കുകള്‍. ``സമാന ഹൃദയഭാവങ്ങളുടെ അനുരണനമുണ്ട് ഞങ്ങളുടെ ഗാനസൃഷ്ടിയില്‍.''
കാവാലത്തിന് പുറമേ ഓ എന്‍ വിയും (ഓടക്കുഴലേ ), പി ഭാസ്കരനും (മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയീ) ബിച്ചുവും (ശാരദേന്ദു മയൂഖമാലകള്‍, അന്നത്തോണി പൂന്തോണി), കെ ജി സേതുനാഥും (വാതുക്കലെത്തുന്ന നേരം ചിരിക്കുന്ന ) പൂവച്ചലും (രാമായണക്കിളി , ജയദേവകവിയുടെ), മഹാദേവന്‍ തമ്പിയും (ബ്രഹ്മകമല ദളങ്ങള്‍) മുതല്‍ ഭാര്യ പദ്മജ വരെ (ആകാശത്താരകള്‍ കണ്ണുകള്‍ ചിമ്മി) രാധാകൃഷ്ണന് വേണ്ടി ലളിതസുന്ദരഗാനങ്ങള്‍ എഴുതി. ആകാശവാണിയിലൂടെ ഒഴുകിവന്ന ആ ഗാനങ്ങള്‍ ജനപ്രീതിയില്‍ സിനിമാഗാനങ്ങളെ അതിശയിച്ചിരുന്നു ഒരു കാലത്ത്. മലയാളിയുടെ ലളിതസംഗീതാസ്വാദന സംസ്കാരം രൂപപ്പെടുത്തിയതില്‍ കെ രാഘവനും ദേവരാജനും ഒപ്പം രാധാകൃഷ്ണനും ഉണ്ട് നിര്‍ണായകമായ ഒരു പങ്ക്‌.
``ഔദ്യോഗികവൃത്തിയുടെ ഭാഗമായി പാട്ടുണ്ടാക്കേണ്ടി വരുമ്പോള്‍ പരിമിതികള്‍ പലതുണ്ടാകും ,'' രാധാകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞു. ``വ്യക്തിപരമായ വൈഷമ്യങ്ങള്‍ പോലും മറന്നു സംഗീതസൃഷ്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. എന്റെ ഭാര്യ അസുഖം ബാധിച്ചു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്നു. എനിക്കാണെങ്കില്‍ 24 മണിക്കൂറിനകം യേശുദാസിന് പാടാന്‍ ഒരു ലളിതഗാനം ഉണ്ടാക്കണം . ഭാര്യയെ ആശുപത്രിയില്‍ ചെന്ന് കണ്ട്‌ ഹൃദയഭാരത്തോടെ തിരികെ വരും വഴി കാറിന്റെ സ്റ്റിയറിംഗില്‍ താളം പിടിച്ചു മനോഹരമായ ഒരു പ്രണയ ഗാനം ചിട്ടപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ. ആ മാനസികാവസ്ഥയില്‍ സൃഷ്ടിച്ചതാണ് പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും എന്ന ഗാനം....''

അവസാനമായി എം ജി രാധാകൃഷ്ണനെ കണ്ടത് ആഴ്ചകള്‍ മാത്രം മുന്‍പാണ്. കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ അദ്ദേഹം ഞങ്ങളെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ, ഒപ്പമുണ്ടായിരുന്ന ഗായകന്‍ ജയചന്ദ്രന്റെ കരം ഗ്രഹിച്ച് പതുക്കെ മൂളി: ``ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ...'' അരികില്‍ ഇരുന്ന്‌ ആ വരികള്‍ മുഴുമിക്കവേ ജയചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു; രാധാകൃഷ്ണന്റെയും. മാഞ്ഞുപോയ പഴയൊരു കാലം ഓര്‍ത്തുപോയിരിക്കാം അവര്‍.

Wednesday, June 16, 2010

മൊഴികളില്‍ സംഗീതമായ്- മാരിവില്ലിന്റെ തേന്‍മലരുകള്‍

നിരൂപണം
മൊഴികളില്‍ സംഗീതമായ്- മാരിവില്ലിന്റെ തേന്‍മലരുകള്‍
കെ.പി. നിര്‍മല്‍കുമാര്‍
Posted on:16 Jun 2010

സംഗീതകാരന്മാരെ അസാധാരണമായ അലിവോടും സ്നേഹത്തോടും പരിഗണിക്കുന്നതാണ് രവി മേനോന്റെ എഴുത്ത്. എന്നോ നിലച്ച മൂളിപ്പാട്ടിനെ തിരിച്ചുപിടിക്കുകകൂടി ചെയ്തു ഈ പുസ്തകമെന്ന് ലേഖകന്‍.

രു സ്‌പോര്‍ട്‌സ് ലേഖകന്റെ അനൗപചാരികമായ, എന്നാല്‍ ദൂഷണച്ഛായ ഇല്ലാത്ത, സംഗീതകാരന്മാരോട് അനുതാപവും ഐക്യദാര്‍ഢ്യവുമുള്ള, സഹിഷ്ണുതാപരമായ, പരിഷ്‌കൃതംപോലുമായ മലയാളമാണ് രവിമേനോന്‍ ഉപയോഗിക്കുന്നത്. നിന്ദയും കാലുഷ്യവും, ഗവേഷണോന്മുഖമായ വിസ്താരങ്ങളും നിറഞ്ഞ ഒരു ഭാഷ മലയാളത്തില്‍ നിലവിലുണ്ട്. ആവിധം നിര്‍ദയനല്ല രവിമേനോന്‍. സാഹിത്യകൃതികളെ തലനാരിഴയും നാഡിഞരമ്പും കീറി പരിശോധിക്കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി, ഗാനരചന, സംഗീതം, ആലാപനം, വാണിജ്യനിര്‍മിതി എന്നിവയില്‍ അദ്ദേഹം ജിജ്ഞാസാഭരിതമായ അന്വേഷണം നടത്തുന്നതിലെല്ലാം കാണാം, കരുണാമയത്വം, കനിവിന്റെ നീര്‍ച്ചോല. അങ്ങനെ നോക്കിയാല്‍ ഈ പുസ്തകത്തില്‍ പരാമര്‍ശവിധേയരായ സംഗീതകാരന്മാര്‍ ഭാഗ്യവാന്മാരാണ്. ശരീരത്തോടൊപ്പം യശസ്സും കാലയവനികയ്ക്കുപിന്നില്‍ അപ്രത്യക്ഷമാവാന്‍ വിധിക്കപ്പെട്ട ഈ പിന്നണിപ്രവര്‍ത്തകരെ, ഇവിടെ കുടിയിരുത്തുകയാണ്, പൂവും വെള്ളവുംകൊടുത്തുയര്‍ത്തുകയാണ്. ആസ്വാദകന്റെ ഹൃദയമാണ് രവി മോഷ്ടിച്ചത്, കീശയല്ല എന്നര്‍ഥം. ഹൃദയകവര്‍ച്ചയായിരുന്നില്ല ലക്ഷ്യം, സംഗീതാസ്വാദനം ഹൃദയദ്രവീകരണക്ഷമമാക്കുകയാണ്; ഉത്തമ സംഗീതത്തിന്റെ അമ്പാടിപ്പശുക്കളെ സുഷിരവാദ്യകലയിലൂടെ ഒന്നിച്ചൊരു ഗോവര്‍ധനഗിരിക്കുതാഴെ കൊണ്ടുവന്നിരിക്കയാണ്; സംഗീതദേവതയാല്‍ അനുഗ്രഹിക്കപ്പെട്ട രവി, എഴുത്തുകാരനല്ല പരികര്‍മിയാണ്. സംഗീതമെന്നാല്‍ മ്യൂസിക് അക്കാദമികളിലെ പുരോഹിതരല്ലെന്ന് രവി തെളിയിച്ചു. ആസ്വാദകന്റെ ചുണ്ടില്‍ വിടരുന്നതും തുമ്മിയാല്‍ തെറിക്കാത്തതുമായ ഗാനശകലമാണ് പ്രതീക്ഷയും നിരാശയും, പ്രണയവും കുമ്പസാരവും നിരന്തരം പ്രതീകങ്ങളാവുന്നവ. നിങ്ങളുടെ ജീവകോശത്തെ അത് ത്രസിപ്പിക്കുന്നു. പിടികിട്ടാത്ത ആകാശത്തെയും വഴിതടയുന്ന ഭൂമിയെയും സംഗീതം ഒന്നിപ്പിക്കുന്നു. ജനപ്രിയ ചലച്ചിത്ര സംഗീതത്തിന്റെ ഭൂതകാലത്തേക്ക്‌ശ്രോതാവിനെ രവി, ഒരു നല്ല ചങ്ങാതിയെപ്പോലെ കൈപിടിച്ചുകൊണ്ടുപോവുന്നു. രവി ചെയ്യുന്നത് പത്രപ്രവര്‍ത്തനം അല്ല, അതൊരു തീര്‍ഥയാത്രയാണ്. ആര്‍ദ്രഭാവങ്ങളുടെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയാണ് രവി നമ്മെ വ്യത്യസ്ത കാലഘട്ടങ്ങളിലേക്കു നയിക്കുന്നത്. എല്ലാറ്റിലുമുണ്ട് മൂടല്‍മഞ്ഞുപോലെ വിഷാദസ്​പര്‍ശം, പലപ്പോഴും വായനക്കാരനെ നിശ്ശബ്ദനാക്കുന്നത് എന്തോ അത്! നിങ്ങളാവശ്യപ്പെടുന്ന ചലച്ചിത്രഗാനമേതാണെന്ന് ചോദിച്ചാല്‍, വികാരതരളിതനാവാത്ത മലയാളിയുണ്ടായിരുന്നില്ല. വാക്കും സംഗീതവും ശ്രോതാക്കാള്‍ വ്യത്യസ്ത ജീവാതാവസ്ഥകളുമായി കൈകോര്‍ത്തു. ധനികക്രൈസ്തവ കുടുംബത്തിലെ വിവാഹോത്സവത്തിന്, രാവുപകല്‍ ഉച്ചഭാഷിണിയില്‍ 'നീലക്കുയില്‍' ഗാനങ്ങള്‍, അന്തരീക്ഷത്തില്‍ ശബ്ദമലിനീകരണമില്ലാത്ത, പൂര്‍വികര്‍ ജീവിച്ചിരുന്ന ബാല്യത്തിലാണ് (കുയിലിനെതേടി, മാനെന്നും വിളിക്കില്ല, കായലരികത്ത് എന്നിങ്ങനെ) ഇന്നും മറക്കപ്പെട്ടിട്ടില്ലാത്ത രാഘവസംഗീതം, ആദ്യമായി കേള്‍ക്കുന്നത്. മൂന്നേകാല്‍കോടി മലയാളികള്‍ക്കുമുണ്ടാവും ആ വിധം ഓരോ ഗാനത്തെപ്പറ്റിയും ഇടനെഞ്ഞിലേറ്റാനൊരു അനുഭൂതിദായകമായ ഓര്‍മ. നഷ്ടഭൂതത്തെയാണ് മുറുകെ ആ ഗാനങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നത്. പ്രകൃതി മനുഷ്യന്‌വേണ്ടി ചെയ്യുന്ന സാര്‍ഥകമായ അടയാളമാണത്. എപ്പോഴെല്ലാം നിങ്ങള്‍ നിലവിലുള്ള ഭൂമിയില്‍ നിന്നുയര്‍ന്ന്, സ്രഷ്ടാവുമൊത്ത് മകരനിലാവില്‍ ഒഴുകി നടക്കുന്നൊരു ദേവദൂതനാണെന്ന് സങ്കല്പിക്കുന്നുവോ, സംഗീതമാണത് നിങ്ങള്‍ക്ക് സാധിച്ചുതന്നിട്ടുള്ളത്. ഫാന്റസി വഴിമുട്ടി നില്‍ക്കുമ്പോള്‍, 'കനകനിലാവേ' എന്ന് നിങ്ങള്‍ക്കുവേണ്ടി പാടിയത് ആരായിരുന്നു എന്നു ചിന്തിച്ചുനോക്കൂ.

നാലുവരിപ്പാതയില്‍ അതിവേഗം പായുന്ന സ്വകാര്യവാഹനത്തില്‍ വാചാലനായി 'മരിച്ചു' പൊരുതിയിരുന്ന കമിതാവ്, പൊടുന്നനെ നിശ്ശബ്ദനായത് എന്തുകൊണ്ടായിരുന്നു? അവന്റെ നോട്ടം, ചില്ലിനപ്പുറം മേലെ മേഘമാലകളിലേക്ക് തെറിച്ചുവോ? ''ചാരിക്കിടന്ന് സ്വപ്നം കാണുകയാണോ?'' ചുമലില്‍ തട്ടി ചോദിച്ചു നോക്കൂ, ദേവദൂതന്റെ സാന്നിദ്ധ്യത്തില്‍ നിന്ന്, ദേശീയപാതയിലെ ഖരമാലിന്യനിക്ഷേപത്തിലേക്ക് അയാള്‍ തെറിച്ചുവീഴുന്നതു കാണാം. മനുഷ്യനേത്രങ്ങള്‍ക്ക് വഴങ്ങാത്ത പരമോന്നത ദൈവസന്നിധിയിലേക്ക്, മറ്റുവിധത്തില്‍ നിസ്സാരനായ നിന്റെ കമിതാവിനെ, അല്പനേരത്തേക്കെത്തിച്ചത് എന്തായിരുന്നു, എന്നോ? ആ സംഗീതത്തെക്കുറിച്ചാണ് രവിമേനോന്‍ കുറച്ചുവര്‍ഷങ്ങളായി നമുക്ക് മൃദുഭാഷയില്‍ ക്ലാസെടുക്കുന്നത്.

പരാമര്‍ശ വിധേയരാവുന്ന സംഗീതകാരന്മാരെ സാന്ത്വനപ്രശ്‌നം നല്‍കി രവി സംഗീതാസ്വാദകര്‍ക്കു മുന്‍പില്‍ കൊണ്ടുവരുന്നു. പറഞ്ഞുപറഞ്ഞ് അവഹേളിക്കാനല്ല, നാം ജീവിക്കുന്ന സമൂഹത്തിന്റെ സംസ്‌കാര ചിഹ്നങ്ങളാക്കാന്‍. ദിവസത്തിലൊരിക്കല്‍ അരമണിക്കൂര്‍ ചാരിക്കിടന്നെങ്കിലും വായിക്കാവുന്നവര്‍ക്കെല്ലാം ഈ പുസ്തകം നിങ്ങള്‍ ഹൃദയപൂര്‍വം സമ്മാനമായി കൊടുത്തുനോക്കൂ. സാധിക്കുമെങ്കില്‍ നിങ്ങള്‍ അടുത്തിരുന്ന് ചിലഭാഗങ്ങള്‍ വാത്സല്യത്തോടെ, കുസൃതിയോടെ സല്ലാപത്തിന്റെ സന്മനസ്സോടെ വായിച്ചുകേള്‍പ്പിക്കൂ, പുസ്തകം മടക്കിവെക്കുമ്പോഴേക്കും നിങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടാവും, രോഗി (അയാള്‍ കുടുംബാംഗമോ കമിതാവോ ആയിരിക്കാം) യുടെ മുഖം ഭാവദീപ്തിയില്‍ നമ്മെ വിസ്മയിപ്പിക്കുന്നു. എന്തുസംഭവിച്ചു? സാങ്കേതിക സംജ്ഞയോടെന്നപോലെയല്ല അയാള്‍ സംഗീത പരിചരണത്തിന് പ്രതികരിച്ചത്. കുട്ടികള്‍ വഴിനടക്കുന്നയിടങ്ങളില്‍ കുഴിബോംബുവെച്ചും അതിരുകിളച്ചുമാറ്റിയും, കിടപ്പാടം തകര്‍ത്തും അയല്‍ക്കാരന്‍ നിങ്ങള്‍ക്കുമേല്‍ ശാരീരിക അധിനിവേശം നടത്താന്‍ ഭീതിയുടെ കരിമുകിലുകള്‍ തുടരെ വിന്യസിക്കുന്ന ഈ അശാന്തഭൂമികയില്‍, രവിമേനോന്റെ ഈ 'തീര്‍ഥയാത്ര' രോഗിയില്‍ പ്രത്യാശ നല്‍കും എന്നു തോന്നുന്നു. ഞാന്‍ ഒരുപടികൂടി മുന്നോട്ടുപോയി പരീക്ഷണം നടത്തി. ഈ ഗ്രന്ഥത്തിലെ പതിനാറോളം സംഗീത സംവിധായകരുടെ കൃതികള്‍ ഇന്നലെയും ഇന്നുമായി ഞാന്‍ ഭാര്യയെ ഒഴിവുസമയത്ത് ഒന്നൊന്നായി കേള്‍പ്പിച്ചു. ശബ്ദമലിനീകരണം തുടങ്ങിയിട്ടില്ലാത്ത ഉള്‍നാടന്‍ കളപ്പുരയുടെ മുറ്റത്തും ഉമ്മറത്തുമായി അവള്‍ ഓരോന്നും പാടിനോക്കി, ആ വിധം ഈ 'ഇന്റര്‍ആക്ടീവ് സംഗീത പരീക്ഷണ'ത്തില്‍ പങ്കുചേര്‍ന്നു. ചിലതു പരിചയം തോന്നുന്നില്ലെന്ന് തലയാട്ടി. ചിലത് ആഹ്ലാദത്തോടെ ചൊല്ലി ആസ്വദിച്ചു. പ്രേക്ഷകനായി ഞാന്‍ മാത്രം.

''പണ്ടു കേട്ടവയാണ്,'' -അവള്‍ പറഞ്ഞു. ''മിക്കതും അനിയത്തിമാര്‍ക്കൊപ്പം ഇവിടെ ഇരുന്ന് കേള്‍ക്കും. ഈ ഗ്രാമത്തില്‍ ഇവിടെമാത്രമേ അന്ന് റോഡിയോ ഉള്ളൂ.''
''അക്കാലത്ത് പാടുമായിരുന്നോ?''- ഞാന്‍ ചോദിച്ചു.
''എം.എസ്സിക്കു പഠിക്കുമ്പോള്‍ യൂസികോളേജ് മീറ്റിങ്ങില്‍ 'തെച്ചീ മന്ദാരം' പാടി. മൈക്കുണ്ടായിരുന്നില്ല. ആരെങ്കിലും അത് കേട്ടുവോ എന്നറിയില്ല'', അവള്‍ക്കാ ഓര്‍മ കൗതുകമായി.
''മൂളിപ്പാട്ടുപാടാറില്ലല്ലോ'', ഞാന്‍ വിസ്മയിച്ചു. കേട്ടിരുന്നില്ല.
''വിവാഹത്തിനുശേഷം ഞാന്‍ മൂളിപ്പാട്ട് നിര്‍ത്തി.'' സ്വന്തം ഭര്‍ത്താവിന്റെ ആണ്‍കോയ്മക്കെതിരെ ഒരു സ്ത്രീക്ക് തനിയെ ചെയ്യാവുന്ന സമരമുഖമാണ് ചുണ്ടുകളിലെ സംഗീതം നിലയ്ക്കുന്നത്. ആ നിലച്ച സംഗീതമാണ്, രണ്ടുദിവസമായി ഈ പുസ്തകവായനയിലൂടെ ഞങ്ങള്‍ തിരിച്ചുപിടിച്ചതും.

ബഹുസ്വര മലയാള സമൂഹത്തില്‍ ഒരു ഗാനം ഹിറ്റായി എന്നു പറയുമ്പോള്‍ എന്താണര്‍ഥമാക്കേണ്ടത്? ആലോചിക്കാന്‍ സമയമായി. കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ മലയാളനാടിലൊരു വര്‍ഗീകരണം നടന്നു. അതാണിന്ന് മലയാള ചലച്ചിത്രഗാനാസ്വാദനത്തിന്റെ സാര്‍വത്രികതയെ വെല്ലുവിളിക്കുന്നത്. മുപ്പതുവര്‍ഷം മുന്‍പു സംഭവിച്ച ചലച്ചിത്രസംഗീതത്തിന്റെ ആധുനികതയ്ക്ക് നേതൃത്വം കൊടുത്തവരായിരുന്നു രവീന്ദ്രന്‍, ജോണ്‍സണ്‍ എന്നിവര്‍. വന്‍ ആസ്വാദക പിന്തുണയവര്‍ക്കുണ്ടായെങ്കിലും അവരുടെ സംഗീതപാരമ്പര്യത്തിന് അന്തരമുണ്ടായിരുന്നു. ക്ലാസിക്കല്‍ സംഗീതത്തില്‍ പരിശീലനം നേടിയിരുന്നു രവീന്ദ്രന്‍, കര്‍ണാടകസംീതത്തിലധിഷ്ഠിതമായ ചലച്ചിത്രസംഗീതസംസ്‌കാരം പൊടുന്നനെ വളര്‍ത്തി, വിപുല ആരാധകവൃന്ദത്തെ ആകര്‍ഷിച്ചത് കൊഴുത്ത ഹൈന്ദവപദസമ്പത്തിലൂടെ ആയിരുന്നു. മറുവശത്താകട്ടെ ജോണ്‍സണ്‍, ഔസേപ്പച്ചന്‍ എന്നിവര്‍ ഹൈന്ദവമെന്ന് മുദ്രകുത്താനാവില്ലെങ്കിലും, കുറെക്കൂടി മിതമായി ഭൂരിപക്ഷ മതസംഹിതയെ അവതരിപ്പിച്ചു. മലയാള ജനസമൂഹത്തിന്റെ നാലിലൊന്നുവരുന്ന മുസ്‌ലിം ജനതയുടെ സാക്ഷര മധ്യവര്‍ഗം ഇക്കാലത്ത്, പ്രത്യേകിച്ച്, കഴിഞ്ഞ ദശാബ്ദത്തില്‍, ഹൈന്ദവബിംബകല്പനകളുടെ ആധിക്യത്തില്‍ ആസ്വാദനം അലങ്കോലപ്പെട്ട് പിന്‍വാങ്ങിയിരിക്കയാണ്. ചലച്ചിത്രത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും ആസ്വാദനത്തിലും അവര്‍ ഉള്‍പ്പെടുന്നു ണ്ടെങ്കിലും പൊതുവെ ഇന്ന് മലയാള സംഗീതത്തിലെ ഹൈന്ദവബിംബസാന്ദ്രത അവര്‍ നിസ്സഹകരണത്തിലൂടെ ചെറുക്കുന്നതായാണ് സാമൂഹിക മാറ്റങ്ങളുടെ ചെറുചലനങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ കാണുക. ബാബുരാജ് എന്നോ മരിച്ചുപോയി. ഹിന്ദിയില്‍ ഗാനരചന, സംഗീതം, ആലാപനം എന്നിവയെല്ലാം ചെയ്യാന്‍ അനുഗൃഹീതരായ മുസ്‌ലിം പ്രതിഭാശാലികള്‍ ഉള്ളപ്പോള്‍, മലയാളത്തില്‍ യൂസഫലി കേച്ചേരി സ്വയം കൃഷ്ണഭക്തനായി അവതരിച്ചത് സ്വത്വാന്വേഷണ തത്പരരായ മലയാള മുസ്‌ലിം സാക്ഷര മധ്യവര്‍ഗത്തിന് സ്വീകാര്യമല്ല. അവര്‍ മലയാള മുഖ്യധാരാ ചലച്ചിത്ര സംഗീതത്തില്‍ നിന്ന് അകന്നുപോയി. എങ്ങനെ അകലാതിരിക്കും? ഹൈന്ദവമയമാണ് ഗാനരചനകള്‍, സവര്‍ണ ഹൈന്ദവതയാണ് മൊത്തം സാംസ്‌കാരിക ഉള്ളടക്കം. ഇതെത്രനാള്‍ മലയാള ചലച്ചിത്രത്തിനിങ്ങനെ കണ്ടില്ലെന്ന് നടിച്ച് മൂഢസ്വര്‍ഗത്തിലിരിക്കാനാവും? ബഹുസ്വര സമൂഹത്തെ സംപ്രീതരാക്കാന്‍, വേണം തീര്‍ത്തും ഒരഴിച്ചുപണി. നീലക്കുയിലില്‍ കെ. രാഘവന്റെ ''കുയിലിനെതേടി'' മുതല്‍ 'നീലത്താമര'യില്‍ വിദ്യാസാഗറിന്റെ 'അനുരാഗവിലോചനനായി' വരെ, കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി മലയാള ചലച്ചിത്ര സംഗീതം, ഏതു നിത്യജീവിതപോരാട്ടത്തിനിടയിലും ശ്രോതാക്കളെ ഗൂഢമായൊരാത്മാനുഭൂതിയായി, ചുണ്ടത്ത് ആഹ്ലാദകരമായ ആനന്ദവും നൊമ്പരവുമായി, കുത്തിപ്പടര്‍ന്നു. കള്ളവും കുതികാല്‍വെട്ടും നിറഞ്ഞ വാണിജ്യ ലാഭമോഹംതന്നെയാണ് മലയാള ചലച്ചിത്രഗാനത്തിന്റെ നിര്‍മിതിയെന്ന തിരിച്ചറിവ്, മലയാള ചലച്ചിത്രസംഗീതാസ്വാദകനെ നിരുത്സാഹപ്പെടുത്താറില്ല. 'ഉണ്ണിയാര്‍ച്ച'യില്‍ അയാള്‍ ''അന്നുനിന്നെ കണ്ടതില്‍ പിന്നെ'' എന്ന് നെടുവീര്‍പ്പിടുന്നു, 'ഉമ്മ'യില്‍ ''കദളിവാഴക്കയ്യിലിരുന്ന്'' വിരുന്ന് വിളിക്കുന്ന കാക്കയെ അടയാളമാക്കുന്നു, 'നദി'യിലെ ''ആയിരം പാദസരങ്ങള്‍ കിലുക്കുന്നു'', 'ചില്ലി'ല്‍ ''ഒരുവട്ടംകൂടി''യായും 'പണിതീരാത്തവീടി'ല്‍ ''സുപ്രഭാത''മായും 'അവളുടെ രാവുകളി'ല്‍ ''രാകേന്ദു കിരണങ്ങ''ളായും 'റോസി'യില്‍ ''വെളുക്കുമ്പം പുഴയൊരു കളിക്കുട്ടി''യായും 'മുറപ്പെണ്ണിലെ' ''കരയുന്നോപുഴ ചിരിക്കുന്നോ'' ആയും 'ഞാന്‍ ഗന്ധര്‍വ'നില്‍ ''ദേവാങ്കണങ്ങളാ''യും ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ''നപ്രമദവനമായും'കിലുക്ക'ത്തില്‍ ''കിലുകില്‍ പമ്പരമാ''യും 'വന്ദന'ത്തില്‍ ''അന്തിപ്പൊന്‍വെട്ട''മായും 'നിറ'ത്തില്‍ ''പ്രായംതമ്മിലാ''യും, ഗാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കയല്ലേ? വെറുതെയാണോ, കാവ്യാത്മകമായ ഒരു ശൈലിയില്‍ നവയുഗ ശബ്ദവുമായി ഒരു സ്ത്രീപക്ഷ നിരൂപക, ബാല്യകാലാനുഭവങ്ങളെക്കുറിച്ചെഴുതുമ്പോള്‍ പറഞ്ഞത്- ''ഞാനിപ്പോള്‍ (ബാല്യകാല) ഓര്‍മകളുടെ ഊഞ്ഞാലാട്ടത്തി''ലാണ്. അങ്ങനെ ശക്തമായി ബാല്യകൗമാരങ്ങളെ അവതരിപ്പിക്കാന്‍ വേണ്ട ആന്തരിക ശക്തി പലര്‍ക്കുമില്ലായിരിക്കാം, എന്നിരുന്നാലും ഹൃദ്യമായ ഓരോ മലയാള ചലച്ചിത്ര ഗാനത്തിന്റെയും ഉള്‍ക്കാമ്പില്‍ത്തന്നെയല്ലേ നമ്മുടെ അമര്‍ത്തിപ്പിടിച്ച വിതുമ്പലും ആഹ്ലാദവും ഇക്കാലവും ബലിഷ്ഠങ്ങളായ സാന്ത്വനഹസ്തങ്ങളെ കണ്ടത്! സുവര്‍ണശോഭയാര്‍ന്ന പഴയഗാനങ്ങള്‍ ആകസ്മികമായി നാം കേള്‍ക്കുമ്പോള്‍, രവിമേനോന്‍ ഓര്‍ക്കുന്നതുപോലെ, തിരിച്ചുവരില്ലേ ആ പഴയ നല്ല ദിനങ്ങള്‍? പ്രാര്‍ഥിച്ചുനോക്കൂ.

മൊഴികളില്‍ സംഗീതമായ്
രവിമേനോന്‍
മാതൃഭൂമി ബുക്‌സ്

Tuesday, June 15, 2010

താഴമ്പൂമണമുള്ള പാട്ടുകള്‍

മാതൃഭൂമി ജൂണ്‍ 15,2010

പാതിരാക്കാറ്റില്‍ ഒരു പുല്ലാങ്കുഴല്‍ പാടുന്നു--എ എം രാജയുടെ വിഷാദാര്ദ്രമായ ശബ്ദത്തില്‍ : കാറ്ററിയില്ല കടലറിയില്ല അലയും തിരയുടെ വേദന...

നൊമ്പരമുണര്‍ത്തുന്ന നാദം. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പാവം മനുഷ്യന്റെ വ്യഥകളും വിഹ്വലതകളും ഉണ്ടതില്‍. ഒരു പാട് അസ്വസ്ഥതകള്‍ ഉള്ളില്‍ ഒതുക്കി, പ്രശാന്തമായി ഒഴുകുന്ന നദിയെ ഓര്‍മ്മിപ്പിക്കുന്ന ആലാപനം. രാജയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം വയലാര്‍- ദേവരാജന്‍ ടീമിന് വേണ്ടി അദ്ദേഹം തന്നെ പാടി അനശ്വരമാക്കിയ പഴയൊരു പാട്ടിന്റെ ഈരടികളാണ് മനസ്സില്‍ വന്നു നിറയുക: `` തീര്‍ഥയാത്രകള്‍ പോയാലും, ചെന്ന് തീരങ്ങളോട് പറഞ്ഞാലും, കരുണയില്ലാത്തൊരീ ലോകത്തിലാരും തിരിഞ്ഞുനോക്കുകയില്ലല്ലോ...''. അറം പറ്റിയോ ആ വരികള്‍ക്ക്?

ജീവിതത്തെ പോലെ മരണവും ആ മഹാകലാകാരനോട്‌ കരുണ കാട്ടിയില്ല. ദാരുണമായിരുന്നു രാജയുടെ വിടവാങ്ങല്‍. കന്യാകുമാരി ജില്ലയിലെ കുറ്റാലുമൂട് ഭദ്രേശ്വരി അമ്മന്‍ കോവിലില്‍ ഗാനമേള നടത്താന്‍ സ്വന്തം ട്രൂപ്പിനോപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു രാജ. വഴിക്ക്, വണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോള്‍ ഒപ്പമുള്ള ഒരാളെ തിരഞ്ഞു അദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു. പരിഭ്രമത്തോടെ ഓടുന്ന വണ്ടിയില്‍ പിടിച്ചു കയറാനുള്ള ശ്രമത്തില്‍ കൈവഴുതി രാജ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിലൂടെ റെയില്‍പ്പാളത്തിലേക്ക്‌ ഊര്‍ന്നുവീഴുന്നു. ക്രൂരമായ അന്ത്യം.

തീവണ്ടിയുടെ കംപാര്ട്ട്മെന്റിനകത്ത് നിസ്സഹായരായി ആ ദുരന്തം കണ്ടു തരിച്ചിരുന്നവരില്‍ രാജയുടെ പ്രിയപത്നീയും ഉണ്ടായിരുന്നു-- തെന്നിന്ത്യയുടെ ഗാനകോകിലമായിരുന്ന ജിക്കി എന്ന പി ജി കൃഷ്ണവേണി. ജീവിതാന്ത്യം വരെ ആ ദൃശ്യം ജിക്കിയെ വേട്ടയാടിയിരിക്കണം. 1990 കളുടെ ഒടുവില്‍, ``ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദലഹരി'' എന്ന ദൂരദര്‍ശന്‍ സംഗീതപരമ്പരയ്ക്ക് വേണ്ടി ചെന്നൈയിലെ ഫ്ലാറ്റില്‍ വച്ച് നേരിട്ട് കണ്ടപ്പോള്‍, ഒന്ന് വാവിട്ടു കരയാന്‍ പോലും ആവാതെ നിശ്ചലയായി, നിര്‍വികാരയായി ഇരുന്നുപോയ ആ നിമിഷങ്ങള്‍ ജിക്കി വേദനയോടെ അയവിറക്കിയതോര്‍ക്കുന്നു.

1989 ഏപ്രില്‍ ഏഴിനായിരുന്നു തെന്നിന്ത്യന്‍ സംഗീതലോകത്തെ നടുക്കിയ ആ ദുരന്തം. അതിനു കഷ്ടിച്ച് 24 മണിക്കൂര്‍ മാത്രം മുന്‍പാണ് ഗായകന്‍ ഉദയഭാനുവിന് രാജയുടെ ഒരു കത്ത് കിട്ടുന്നത് . ``രണ്ടു ദിവസത്തിനകം ഞാന്‍ തിരുവനന്തപുരത്തെത്തും -- ദൂരദര്‍ശനിലും ആകാശവാണിയിലും ലളിതഗാനങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി. എത്രയോ കാലമായുള്ള ആഗ്രഹമാണ് . എല്ലാ സഹായവും വേണം. ബാക്കി കാര്യങ്ങള്‍ നേരിട്ട് കാണുമ്പോള്‍ ...'' വടിവൊത്ത കൈപ്പടയില്‍ ഇംഗ്ലീഷില്‍ എഴുതിയ ആ കത്ത് വര്‍ഷങ്ങളോളം സൂക്ഷിച്ചു വച്ചിരുന്നു ഉദയഭാനു.

പക്ഷെ, ആ ആഗ്രഹം നടന്നില്ല. `` കത്ത് കിട്ടിയതിന്റെ പിറ്റേന്ന് കാലത്ത് രാജയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. പൊതുവേ ആരോടും ഉള്ളു തുറന്നു സംസാരിക്കുന്ന ശീലമില്ലാത്ത രാജയുടെ അപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഞാന്‍.''-- ഉദയഭാനു പറയുന്നു.

രാജയെ ഉദയഭാനു ആദ്യം കാണുന്നത് 1960 ലാണ് . ഉദയായുടെ ഉമ്മ എന്ന പടത്തിന്റെ റെക്കോര്‍ഡിംഗ് വേളയില്‍. . ``സിനിമയില്‍ പാടാന്‍ വേണ്ടിയാണ് സംഗീത സംവിധായകന്‍ ബാബുരാജ് എന്നെ മദ്രാസിലേക്ക് കൂട്ടിക്കൊണ്ടു പോയത്. നാട്ടില്‍ വച്ചുതന്നെ ഉമ്മയിലെ പാട്ടുകള്‍ പാടി പഠിപ്പിച്ചിരുന്നു. പക്ഷെ മദ്രാസിലെത്തിയപ്പോള്‍ എല്ലാ പ്ലാനും തകിടം മറിഞ്ഞു. പാട്ടുകള്‍ എ എം രാജ പാടണം എന്ന് കുഞ്ചാക്കോ. ബാബുരാജ് ധര്‍മസങ്കടത്തിലായി. കുഞ്ചാക്കോയോട് ആരും മറുത്തു പറയുന്ന പതിവില്ല അന്ന് . മനസ്സില്ലാമനസ്സോടെ ബാബു വഴങ്ങുന്നു. പാടാന്‍ മോഹിച്ച രണ്ടു പാട്ടുകളും രാജയെ ഒടുവില്‍ ഞാന്‍ തന്നെ പാടി പഠിപ്പിക്കേണ്ടിവന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം --- പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക് , എന്‍ കണ്ണിന്റെ കടവിലടുത്താല്‍... ‍''

മറ്റാര്‍ക്കായിരുന്നെങ്കിലും കടുത്ത രോഷവും അസൂയയും തോന്നിയെക്കാവുന്ന സന്ദര്‍ഭം. പക്ഷെ, ഉദയഭാനുവും രാജയും മനസ്സുകൊണ്ട് അടുത്തത്‌ അതിനു ശേഷമാണ് . ``ചെന്നൈയില്‍ ചെല്ലുമ്പോഴെല്ലാം ഞാന്‍ രാജയുടെ വീട്ടില്‍ പോകും. മിതഭാഷിയാണ്. അപരിചിതരെ മാത്രമല്ല അടുപ്പമുള്ളവരെയും സംശയത്തോടെ വീക്ഷിക്കുന്ന പ്രകൃതം. എങ്കിലും ഉള്ളിന്റെയുള്ളില്‍ രാജ പാവമായിരുന്നു. സംഗീതം മാത്രം ശ്വസിച്ച മനുഷ്യന്‍..''

ഏകാന്തസുന്ദരമായ ഒരു ലോകം സ്വയം സൃഷ്ടിച്ച് അതിന്റെ അതിരുകള്‍ക്കുള്ളിലേക്ക് നിശബ്ദമായി ഉള്‍വലിയുമ്പോഴും, സ്വന്തം സംഗീതത്തിന്റെ ശക്തി തിരിച്ചറിഞ്ഞിരുന്നു രാജ. ഘണ്ടശാലയും ടി എം സൌന്ദരരാജനും പി ബി ശ്രീനിവാസും യേശുദാസും ഒക്കെ ജ്വലിച്ചു നിന്ന തെന്നിന്ത്യന്‍ സംഗീതലോകത്ത് തന്റേതായ മേല്‍വിലാസം ഉണ്ടാക്കാന്‍ രാജയ്ക്ക് കഴിഞ്ഞതും അതുകൊണ്ട് തന്നെ. തമിഴന് ആ ശബ്ദം ``തേന്‍നിലവാ''യിരുന്നു; ആത്മാവിലേക്ക് മധുകണമായി പെയ്തിറങ്ങുന്ന ആലാപനം. നമ്മള്‍ മലയാളികള്‍ ആ നാദത്തിലെ വിഷാദഭാവത്തെയാണ് കൂടുതല്‍ പ്രണയിച്ചതെന്നു തോന്നിയിട്ടുണ്ട്. മലയാളത്തില്‍ രാജ പാടിയ കാല്‍പനികഗാനങ്ങള്‍ക്ക് പോലും ഉണ്ടായിരുന്നില്ലേ മധുരമുള്ള ഒരു വിഷാദസ്പര്‍ശം? ദേവതാരു പൂത്ത നാളൊരു (മണവാട്ടി). കണ്മണി നീയെന്‍ കരം പിടിച്ചാല്‍ , കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തെ (കുപ്പിവള), കുങ്കുമച്ചാറുമണിഞ്ഞു പുലര്‍കാലമങ്ക (കിടപ്പാടം), കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ (വെളുത്ത കത്രീന ), അന്ന് നിന്നെ കണ്ടതില്‍ പിന്നെ (സുശീലയോടൊപ്പം ഉണ്ണിയാര്‍ച്ചയില്‍ ), ആകാശഗംഗയുടെ കരയില്‍ (ഓമനക്കുട്ടന്‍), മാനസേശ്വരീ മാപ്പ് തരൂ, താഴമ്പൂ മണമുള്ള (അടിമകള്‍), മയില്‍‌പ്പീലി കണ്ണ് കൊണ്ട് (കസവ് തട്ടം), ചന്ദ്രികയില്‍ അലിയുന്ന (ഭാര്യമാര്‍ സൂക്ഷിക്കുക), സ്നേഹത്തില്‍ വിരിയുന്ന പൂവേതു പൂവ് (ബല്ലാത്ത പഹയന്‍), പട്ടും വളയും പാദസരവും (അമ്മ എന്ന സ്ത്രീ).... അവസാനം പറഞ്ഞ പാട്ടിനു ഒരു പ്രത്യേകത കൂടിയുണ്ട്: എ എം രാജ സ്വയം ചിട്ടപ്പെടുത്തി പാടിയ പാട്ടാണത് .രാജയിലെ അസാമാന്യ പ്രതിഭാശാലിയായ സംഗീതസംവിധായകനെ തിരിച്ചറിയാന്‍, തമിഴില്‍ അദ്ദേഹം ഈണമിട്ട സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍ കേള്‍ക്കണം നാം. കല്യാണപ്പരിശ് , വിടിവള്ളി , തേന്‍നിലവ്, ആടിപ്പെരുക്ക് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍. ഹംസാനന്ദി രാഗത്തിന്റെ വശ്യത മുഴുവന്‍ ചാലിച്ചുചേര്‍ത്ത തേന്‍നിലവിലെ ``കാലൈയും നീയെ മാലൈയും നീയേ'' കേള്‍ക്കുമ്പോള്‍ രാജയിലെ സംഗീതശില്പിയെ മനസ്സുകൊണ്ട് പ്രണമിച്ചു പോകാറുണ്ട്, ഇന്നും.


പട്ടിന്റെ മിനുമിനുപ്പുള്ള ശബ്ദം
പാട്ടുകാരാകാന്‍ മോഹിച്ച് ഒടുവില്‍ സംഗീത സംവിധായകരായി തീര്‍ന്നവര്‍ നിരവധിയുണ്ട് നമ്മുടെ സിനിമാചരിത്രത്തില്‍ -- മദന്‍മോഹനും ബോംബെ രവിയും എം എസ് വിശ്വനാഥനും രവീന്ദ്രന്‍ മാസ്റ്ററും ഉള്‍പ്പെടെ. നേരെ മറിച്ചാണ് എ എം രാജയുടെ കഥ . കുട്ടിക്കാലത്തേ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതിലായിരുന്നു രാജയ്ക്ക് കമ്പം. പാടാന്‍ മറ്റാരെയും സൌകര്യത്തിനു ഒത്തുകിട്ടാത്തത് കൊണ്ട് മാത്രം ആ ഈണങ്ങള്‍ക്ക് സ്വന്തം ശബ്ദം നല്‍കി, രാജ. പാട്ട് കേട്ടവരുടെ മനസ്സില്‍ തങ്ങിയത് ലളിതസുന്ദരമായ ഈണങ്ങളെക്കാള്‍ , പട്ടുറുമാലിന്റെ മാര്‍ദവമുള്ള ആ ആലാപനസൌകുമാര്യമാണ്. ചെന്നൈ പച്ചൈപ്പാസ് കോളേജില്‍ നിന്ന് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുന്ദരനായ ചെറുപ്പക്കാരന് സിനിമയിലേക്ക് വഴി തുറന്നതും മിനുമിനുപ്പുള്ള ആ ശബ്ദം തന്നെ. സമകാലീനരായ മറ്റു പല ഗായകരെയും പോലെ ജന്മദേശമായ ആന്ധ്രപ്രദേശില്‍ നിന്ന് മദ്രാസില്‍ എത്തിപ്പെടുകയായിരുന്നു രാജ-- ഒരു നിയോഗം പോലെ. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലുള്ള രാമചന്ദ്രപുരത്താണ് ഏമല മന്മഥരാജു രാജയുടെ ജനനം . മൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട രാജ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം തമിഴ് നാട്ടിലേക്ക് താമസം മാറുന്നു -- ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പത്തെ കഥ.

രാജയിലെ സംഗീതവിദ്യാര്‍ഥിക്ക് വളക്കൂറുള്ള മണ്ണായിരുന്നു പഴയ മദ്രാസ്‌ നഗരം. കോളേജ് വിദ്യാഭ്യാസകാലത്ത്‌ കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലുമെന്ന പോലെ പിയാനോയിലും പ്രാവീണ്യം നേടിയ രാജ, എച്ച് എം വിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്ന കെ വി മഹാദേവന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. റെക്കോര്‍ഡ്‌ ആയി പുറത്തു വന്ന രാജയുടെ ആദ്യ രണ്ടു ഗാനങ്ങള്‍ക്കും പശ്ചാത്തലവാദ്യവിന്യാസം നിര്‍വഹിച്ചത് കെ വി എം ആണ്. രാജ സ്വയം ചിട്ടപ്പെടുത്തി പാടിയ ആ ലളിതഗാനങ്ങള്‍ റേഡിയോയില്‍ കേട്ട കല്‍ക്കി കൃഷ്ണമൂര്‍ത്തി പുതിയ പാട്ടുകാരന്റെ പേര് സുഹൃത്തായ ജെമിനി സ്റ്റുഡിയോ ഉടമ എസ് എസ് വാസന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. ജെമിനിയുടെ അടുത്ത ചിത്രമായ `സംസാര'ത്തില്‍ പിന്നണി ഗായകനായി രാജ അരങ്ങേറുന്നത് അങ്ങനെയാണ് -1950ല്‍. തെലുങ്ക്‌ പതിപ്പില്‍ എസ് ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ ഘണ്ടശാല വെങ്കടേശ്വരറാവു പാടിയ ശീര്‍ഷക ഗാനം അങ്ങനെ സംസാരത്തിന്റെ തമിഴ് പതിപ്പില്‍ പുതിയ ഗായകന്റെ ശബ്ദത്തില്‍ അനശ്വരമാകുന്നു.

പ്രണയത്തിന്റെ സംഗീതം
``സംസാര''ത്തില്‍ ജിക്കിയുമുണ്ട് പാട്ടുകാരിയായി. പിന്നണിഗായിക എന്ന നിലയില്‍ ജിക്കി അന്നേ നാടൊട്ടുക്കും പ്രശസ്ത. കാണാനും സുന്ദരി. .``റെക്കോര്‍ഡിംഗ് റൂമിന്റെ ഒരു മൂലയില്‍ ഒതുങ്ങി നിന്ന പുതിയ പാട്ടുകാരനെ അധികമാരും ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടണമെന്ന ആഗ്രഹവും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്‌. വര്‍ത്തമാനം വളരെ കുറവ്. ചിരി അതിലും അപൂര്‍വ്വം,'' -- രാജയുമായുള്ള ആദ്യ സമാഗമം ജിക്കി ഓര്‍ത്തെടുത്തത്‌ അങ്ങനെയാണ്. ഔപചാരികമായ സംഭാഷണശകലങ്ങള്‍ക്കപ്പുറത്തേക്ക് ആ സൗഹൃദം വളരുമെന്ന് രാജ പ്രതീക്ഷിച്ചിരുന്നില്ല; ജിക്കിയും. ഗായകന്‍ എന്ന നിലയില്‍ രാജ പ്രശസ്തിയുടെ പടവുകള്‍ കയറി തുടങ്ങിയതോടെ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പതിവായി. സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലെക്കുള്ള തിരക്കിട്ട പ്രയാണങ്ങള്‍ക്കിടയില്‍ , സ്വയമറിയാതെ തന്നെ അവര്‍ക്കിടയില്‍ അനുരാഗം മൊട്ടിട്ടിരിക്കണം. നാല് വര്‍ഷത്തെ നിശബ്ദ പ്രണയം. മഹേശ്വരി (1954 ) എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റിഹേഴ്സലിനിടെ ആയിരുന്നു രാജയുടെ വിവാഹാഭ്യര്‍ത്ഥന. പാട്ടിന്റെ നൊട്ടേഷന്‍ ഷീറ്റില്‍ രാജ കുറിച്ച് തന്ന വാക്കുകള്‍ മരണം വരെ മറന്നില്ല ജിക്കി : ``ഉന്നൈയും ഉന്‍ പാട്ടൈയും റൊമ്പ പിടിച്ചിരിക്ക്. ഉന്നൈ കല്യാണം പണ്ണിക്കാ ആസൈപ്പെടറേന്‍. സമ്മതമാ..?'' സമ്മതം എന്ന് എഴുതിക്കൊടുക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ജിക്കിക്ക്. ആര്‍ഭാടപൂര്‍ണമായിരുന്നു വിവാഹം.

``സംഗീതമാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. വ്യക്തികള്‍ എന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാന്‍ രണ്ടു പേരും ശ്രമിക്കാതിരുന്നത് ഒരു പോരായ്മയായി പിന്നീട് തോന്നിയിട്ടുണ്ട്,'' ജിക്കിയുടെ വാക്കുകള്‍. ``രാജയ്ക്ക് സംഗീതം ആയിരുന്നു എല്ലാം. കുടുംബം പോലും അത് കഴിഞ്ഞേ വരൂ. സുഹൃത്തുക്കള്‍ വളരെ കുറവ്. നേരെ മറിച്ചായിരുന്നു എന്റെ കാര്യം‍. സൌഹൃദങ്ങള്‍ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ല എനിക്ക്. ഈ പൊരുത്തക്കേടുകള്‍ക്കിടയിലും ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. ഇടയ്ക്കുവച്ച് അദ്ദേഹം യാത്ര പറഞ്ഞു പിരിയും വരെ, നിരവധി വേദികളില്‍ ഒന്നിച്ചു പാടി..''

ജി രാമനാഥന്റെ ഈണത്തില്‍ രാജയും ജിക്കിയും (അഴക്‌ നിലവിന്‍ ഓര്‍മ്മയില്ലേ?) സുശീലയും പാടിയ മനോഹരഗാനങ്ങള്‍ ഉണ്ടായിരുന്നു `മഹേശ്വരി'യില്‍. ആ ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിനായി മദ്രാസില്‍ നിന്ന് സേലം മോഡേണ്‍ തീയേറ്ററിലെക്കുള്ള തീവണ്ടിയാത്രക്കിടെയാണ് , പില്‍ക്കാലത്ത് തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ സംവിധായകനായി ഉയര്‍ന്ന ശ്രീധറിനെ രാജ പരിചയപ്പെടുന്നത്. രാജയെ പോലെ സിനിമാസ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്ന തിരക്കിലായിരുന്നു ശ്രീധറും.
.
തീവണ്ടി യാത്രയില്‍ ``വീണുകിട്ടിയ'' സുഹൃത്തിന്റെ സംഗീതജ്ഞാനത്തില്‍ ആകൃഷ്ടനായ ശ്രീധര്‍ രാജയ്ക്ക് ഒരു വാഗ്ദാനം നല്‍കുന്നു: എന്നെങ്കിലും ഞാന്‍ ഒരു പടം സംവിധാനം ചെയ്യുകയാണെങ്കില്‍ സംഗീതസംവിധാനം നിര്‍വഹിക്കുക നീയായിരിക്കും . നാല് വര്ഷം കഴിഞ്ഞ്, ശ്രീധര്‍ വാക്ക് പാലിച്ചു-- തന്റെ ആദ്യ ചിത്രമായ കല്യാണപ്പരിശില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ രാജയെ ക്ഷണിച്ചുകൊണ്ട്.

അതിനും ഏറെക്കാലം മുന്‍പ് തന്നെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചതാണ് രാജയ്ക്ക്. എം ജി ആര്‍ നായകനായ ജെനോവ ആയിരുന്നു പടം. വര്ഷം 1952 . ജ്ഞാനമണി, കല്യാണം എന്നിവര്‍ക്കൊപ്പം പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ രാജയെ ക്ഷണിച്ചത് സാക്ഷാല്‍ എം ജി ആര്‍ തന്നെ. പക്ഷെ, സുഹൃത്തായ എം എസ്‌ വിശ്വനാഥനെ ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു കൊണ്ട് പിന്‍വാങ്ങുകയായിരുന്നു രാജ. എം എസ്‌ വിയ്ക്ക് സംഗീതജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്‌ ആയി മാറി ജെനോവ.
വി ദക്ഷിണാമൂര്‍ത്തി , ജി രാമനാഥന്‍, എസ്‌ രാജേശ്വര റാവു, കെ വി മഹാദേവന്‍, ടി ആര്‍ പാപ്പ, സി എന്‍. പാണ്ഡുരംഗന്‍, വിശ്വനാഥന്‍--രാമമൂര്‍ത്തി, സുദര്‍ശനം, എസ്‌ വി വെങ്കടറാവു, ടി ചലപതിറാവു, ലിംഗപ്പ, ശങ്കര്‍ ഗണേഷ്, വേദ .. തമിഴില്‍ രാജയുടെ തേന്‍ കിനിയുന്ന ശബ്ദത്തില്‍ നിന്ന് ഹിറ്റുകള്‍ മെനഞ്ഞെടുത്ത സംഗീത സംവിധായകരുടെ നിര നീളുന്നു. അന്പേ വാ (അവന്‍), മയക്കും മാലൈ (ഗുലേബക്കാവലി), വാരായോ വെണ്ണിലാവെ , വൃന്ദാവനവും നന്ദകുമാരനും (മിസ്സിയമ്മ), തെന്‍ട്രല്‍ ഉറങ്കിയ പോതും (പെറ്റ്ര മകനെ വിറ്റ അന്നൈ), എന്തന്‍ കണ്ണില്‍ കലന്ത് (മല്ലികൈ ), ആടാത മനമും ആടുതെ, അരുകില്‍ വന്താല്‍ (കളത്തൂര്‍ കണ്ണമ്മ ), കലൈയെ എന്‍ വാഴ്കയില്‍ ( മീണ്ട സ്വര്‍ഗം), ഇദയ വാനിന്‍ ഉദയ നിലാവേ ( പാര്‍ഥിപന്‍ കനവ് ), സിര്‍പ്പി സെതുക്കാത (എതിര്‍പാരാതത് )..... ഒരു കാലഘട്ടത്തെ സുദീപ്തമാക്കിയ പാട്ടുകള്‍. സിര്പി സെതുക്കാത എന്ന ഗാനം ഇയ്യിടെ വീണ്ടും കേട്ടപ്പോള്‍ ഓര്മ വന്നത് തലത് മെഹ് മൂദിനെയാണ്. രാജയുടെ പ്രിയഗായകനായിരുന്നു തലത്.

തെലുങ്ക് ചിത്രമായ `ശോഭ'യിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എ എം രാജയുടെ അരങ്ങേറ്റം. അത് കഴിഞ്ഞു ശ്രിധരിന്റെ കല്യാണപ്പരിശ് . ഉന്നൈ കണ്ടു നാന്‍ ആടാ ‍, വാടിക്കൈ മറന്തതും ഏനോ, കാതലിലെ തോല്‍വിയുറ്റ്രാല്‍, ആസൈനാലേ മനം (രാജാ, സുശീല), തുള്ളാത മനമും തുള്ളും (ജിക്കി)....എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങള്‍. ജെമിനി ഗണേശന്റെ ശബ്ദമയി തമിഴകം രാജയെ അംഗീകരിച്ചു കഴിഞ്ഞിരുന്നു, അതിനകം. ``തുള്ളാത മനമും തുള്ളും'' സത്യത്തില്‍ ഇഷ്ടഗായികയായ പി സുശീലയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണ് രാജ. ശ്രീധറിന്റെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് ആ ഗാനം സ്വന്തം ഭാര്യയെക്കൊണ്ട് പാടിക്കാന്‍ രാജ തീരുമാനിച്ചത്. ``രാജയുടെ നിലപാടുകള്‍ പലതും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. തേന്‍ നിലവിന്റെ കമ്പോസിംഗ് വേളയില്‍, കണ്ണദാസന്‍ എഴുതിയ ഒരു പല്ലവി പൂര്‍ണമായും ഈണത്തിന്റെ സ്കെയിലില്‍ ഒതുങ്ങാതെ വന്നു. ഈണം ചെറുതായൊന്നു മാറ്റിയിരുന്നെങ്കില്‍ വരികള്‍ അതെ പോലെ നിലനിറുത്താന്‍ കഴിഞ്ഞേനെ. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലായിരുന്നു രാജ. ഒടുവില്‍ പല്ലവിയില്‍ മാറ്റം വരുത്താതെ ഗത്യന്തരമില്ലെന്നു വന്നു കണ്ണദാസന് .'' ശ്രീധര്‍ ഒരു പില്‍ക്കാല അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്തം ജോലിയോടുള്ള കറകളഞ്ഞ പ്രതിബദ്ധത തന്നെയാവണം രാജയുടെ ഈ കര്‍ശന നിലപാടുകള്‍ക്ക് പിന്നില്‍. തേന്‍നിലവിലെ പാട്ടുകള്‍ ഇന്നും നമ്മുടെ ഓര്‍മകളില്‍ സുഗന്ധം ചൊരിഞ്ഞു നില്‍ക്കുന്നതും അതുകൊണ്ട് തന്നെ. കാലൈയും നീയെ, ഓഹോ എന്തന്‍ ബേബി (രാജാ, ജാനകി), നിലവും മലരും, ചിന്ന ചിന്ന കണ്ണിലെ (രാജ, സുശീല) , പാട്ട് പാടവാ (രാജ), മലരേ മലരേ തെരിയാതെ (സുശീല)... രൂപത്തിലും ഭാവത്തിലും ആസ്വാദ്യതയിലും വൈവിധ്യം പുലര്‍ത്തുന്ന പാട്ടുകള്‍. പക്ഷെ തേന്‍നിലവിന് ശേഷം രാജയെ തന്റെ പടങ്ങളില്‍ സഹകരിപ്പിക്കാന്‍ ശ്രീധര്‍ തയ്യാറായില്ല എന്ന് കൂടി അറിയുക. രാജയുടെ പിടിവാശികള്‍ (തേന്‍നിലവിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കാതെ സ്ഥലം വിട്ട രാജയെ ഒടുവില്‍ സാക്ഷാല്‍ എം ജി ആര്‍ ഇടപെട്ടാണ് തിരിച്ചു കൊണ്ടുവന്നത് ) ശ്രീധറെ അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഫലം: അടുത്ത ചിത്രമായ നെഞ്ചില്‍ ഒരു ആലയത്തില്‍ സംഗീതസംവിധായകനായി രാജയ്ക്ക് പകരം വിശ്വനാഥന്‍ - രാമമൂര്‍ത്തി വന്നു.

തിരിച്ചടികള്‍, പക്ഷെ രാജയെ തളര്‍ത്തിയില്ല. സിനിമയില്ലെങ്കിലും ജീവിക്കും എന്ന വാശിയോടെ ചെന്നൈ നഗരത്തില്‍ ടൂറിസ്റ്റ് ടാക്സി ബിസിനസ് തുടങ്ങി വച്ച അദ്ദേഹം, മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ സജീവമായതും ഇക്കാലത്ത് തന്നെ. സത്യനും പ്രേംനസീറും നാഗേശ്വരറാവുവും എന്‍ ടി രാമറാവുവും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍, രാജയുടെ പ്രണയ ഗാനങ്ങള്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കി.

മലയാളത്തില്‍
മലയാളത്തില്‍ 1952 ലായിരുന്നു രാജയുടെ അരങ്ങേറ്റം. വിശപ്പിന്റെ വിളി, അച്ഛന്‍ , ലോകനീതി എന്നിവ ആദ്യകാല ചിത്രങ്ങള്‍. പക്ഷെ പുതിയ ഗായകന്‍ മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമാകുന്നത് സ്നേഹസീമയിലും (ലീലയോടൊപ്പം കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍ ), കിടപ്പാടത്തിലും (കുങ്കുമച്ചാറുമണിഞ്ഞു) അഭയദേവ്-ദക്ഷിണാമൂര്‍ത്തി ടീം ഒരുക്കിയ പാട്ടുകളിലൂടെയാണ് . അറുപതുകളുടെ മദ്ധ്യം വരെ നീണ്ട ആ ജൈത്രയാത്രയില്‍ രാജയുടെ ശബ്ദത്തില്‍ നിന്ന് ഹിറ്റുകള്‍ സൃഷ്ടിക്കാത്ത സംഗീതസംവിധായകര്‍ കുറവ്. കൂടുതല്‍ വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ സമ്മാനിച്ചത്‌ ദേവരാജനായിരുന്നു: ഭാര്യയിലെ പെരിയാറെ, മനസ്സമ്മതം തന്നാട്ടെ,ഓമനക്കുട്ടനിലെ ആകാശ ഗംഗയുടെ, കടലമ്മയിലെ പാലാഴിക്കടവില്‍, മണവാട്ടിയിലെ ദേവതാരു പൂത്ത നാളൊരു, ജയിലിലെ കാറ്ററിയില്ല, അടിമകളിലെ താഴമ്പൂ മണമുള്ള, മാനസേശ്വരീ, ദാഹത്തിലെ ഏകാന്തകാമുകാ നിന്‍ വഴിത്താരയില്‍ , ഓടയില്‍നിന്നിലെ മാനത്തു ദൈവമില്ല, വെളുത്ത കത്രീനയിലെ കാട്ടുചെമ്പകം, കസവുതട്ടത്തിലെ മയില്‍‌പ്പീലി കണ്ണ് കൊണ്ട്, കളിത്തോഴനിലെ നന്ദനവനിയില്‍ എന്നീ പാട്ടുകള്‍ ഓര്‍ക്കുക. മിക്ക യുഗ്മഗാനങ്ങളിലും സുശീലയായിരുന്നു സഹഗായിക.

ബാബുരാജ്-എ എം രാജ സഖ്യത്തിന്റെ ഗാനങ്ങളില്‍ കണ്മണി നീയെന്‍, കാണാന്‍ പറ്റാത്ത (കുപ്പിവള), എന്‍ കണ്ണിന്റെ കടവിലടുത്താല്‍ , പാലാണ് തേനാണെന്‍ (ഉമ്മ), കിഴക്കേ മലയിലെ (ലോറാ നീ എവിടെ), ചന്ദനപ്പല്ലക്കില്‍ (പാലാട്ടു കോമന്‍) എന്നിവ അവിസ്മരണീയം. രാഘവന്‍ (ഉണ്ണിയാര്ച്ചയിലെ അന്ന് നിന്നെ കണ്ടതില്‍ പിന്നെ, റബേക്കയിലെ കിളിവാതിലില്‍ മുട്ടി വിളിച്ചത്, മാനത്തെ എഴുനില മാളികയില്‍ , നീലിസാലിയിലെ ദൈവത്തിന്‍ പുത്രന്‍ ജനിച്ചു, കൂടപ്പിറപ്പിലെ മാനസറാണി), ദക്ഷിണാമൂര്‍ത്തി (ഭാര്യമാര്‍ സൂക്ഷിക്കുകയിലെ ചന്ദ്രികയില്‍ അലിയുന്ന, ആത്മാര്പണത്തിലെ ആനന്ദവല്ലീ, ഇണപ്രാവുകളിലെ അക്കരയ്ക്കുണ്ടോ ), ജോബ്‌ (ബല്ലാത്ത പഹയനിലെ സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്) ആര്‍ കെ ശേഖര്‍ (ആയിഷയിലെ മുത്താണേ എന്റെ മുത്താണേ, പഴശിരാജയിലെ ചിറകറ്റു വീണൊരു) എന്നിവരും രാജയ്ക്ക് വേണ്ടി മറക്കാനാവാത്ത ഈണങ്ങള്‍ ഒരുക്കിയവരാണ്. ``മലയാള സിനിമയില്‍ മാത്രമേ അദേഹത്തിന് കുറച്ചെങ്കിലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുള്ളൂ. ദേവരാജന്‍ മാസ്റ്ററോട് വലിയ ബഹുമാനമായിരുന്നു. യേശുദാസിനോട് സഹോദര നിര്‍വിശേഷമായ വാത്സല്യവും. തന്റെ ഈണത്തില്‍ ദാസ്‌ ഒരു പാട്ട് പാടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം'' (ജിക്കിയുടെ അഭിമുഖത്തില്‍ നിന്ന്.). അമ്മ എന്നാ സ്ത്രീയിലെ മദ്യപാത്രം മധുര കാവ്യം എന്ന ഗാനം ആ സ്വപ്നത്തിന്റെ സാക്ഷാല്കാരമായിരുന്നു. ശാസ്ത്രീയസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഉള്ള അവഗാഹം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ പോന്ന ഗാനങ്ങള്‍ മലയാളത്തില്‍ ലഭിചില്ലല്ലോ എന്നൊരു ദുഖമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.

മറ്റു പല അന്യഭാഷാ ഗായകരെയും പോലെ ഉച്ചാരണ വൈകല്യം തന്നെയായിരുന്നു മലയാളത്തില്‍ രാജയുടെ മുഖ്യ പോരായ്മ. `മരക്കാന്‍ നിനക്ക് മടിയാണെങ്കില്‍' എന്നും തനീച്ചിരുന്നുരങ്ങുന്ന ചെരൂപ്പക്കാരി'' എന്നും പാടിയ രാജയെ എന്നിട്ടും മലയാളികള്‍ ഹൃദയപൂര്‍വം സ്വീകരിച്ചെങ്കില്‍ അതിനു പിന്നില്‍ കാല്പനികഭാവം തുളുമ്പുന്ന ആ ശബ്ദത്തോടുള്ള അനുരാഗം തന്നെയാവണം. ഒരു ഇടവേളയ്ക്കു ശേഷം `ലവ് മാരേജ്' (1975 ) എന്ന സിനിമയ്ക്ക് വേണ്ടി പാടിയ `പ്രസാദകുങ്കുമം ചാര്‍ത്തിയ ദേവി' ആണ് രാജയുടെ അവസാന മലയാള ഗാനം.

മങ്കൊമ്പ് എഴുതി ആഹ്വാന്‍ സെബാസ്ത്യന്‍ ഈണമിട്ട ലവ് മാരേജിലെ മറ്റു പാട്ടുകള്‍ എല്ലാം റെക്കോര്‍ഡ്‌ ആയി പുറത്തു വന്നെങ്കിലും രാജ പാടിയ പ്രസാദകുങ്കുമം സിനിമയിലേ ഉള്ളു. അത് കൊണ്ട് തന്നെ ആ ഗാനം കേട്ടവര്‍ പിന്‍തലമുറയില്‍ അപൂര്‍വ്വം. ``യഥാര്‍ഥത്തില്‍ സിനിമയിലെ ഏറ്റവും മികച്ച ഗാനം അതായിരുന്നു.,'' സെബാസ്ട്യന്‍ ഓര്‍ക്കുന്നു.`` യേശുദാസിനെ ഉദ്ദേശിച്ചു ചിട്ടപ്പെടുത്തിയ പാട്ടാണത്. ‌ പെട്ടെന്ന് ബോംബയിലേക്ക് പോകേണ്ടി വന്നതിനാല്‍ ദാസിനു റെക്കോര്‍ഡിങ്ങിനു വരാന്‍ പറ്റിയില്ല. പകരം ബ്രഹ്മാനന്ദന്റെ പേര് പൊന്തിവന്നെങ്കിലും നിര്‍മാതാവിന് താല്പര്യമില്ല. അദ്ദേഹം നിര്‍ദേശിച്ചത് എ എം രാജയുടെ പേരാണ്. എനിക്കും സന്തോഷമായി . കുട്ടിക്കാലം മുതലേ രാജയുടെ ആരാധകനാണ് ഞാന്‍. പക്ഷെ ചെന്നൈ എ വി എം സ്റ്റുഡിയോയില്‍ പാട്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍ എത്തിയ രാജ ഞങ്ങളുടെ മനസ്സിലെ ആ പഴയ ഭാവഗായകന്റെ നിഴല്‍ മാത്രമായിരുന്നു. വാര്‍ധക്യം അദ്ദേഹത്തിന്റെ രൂപത്തെ മാത്രമല്ല ആലാപനത്തെയും ബാധിച്ചിരുന്നു. ദീര്‍ഘനേരം എടുത്തു പാട്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍. ഒടുവില്‍ കേട്ട് നോക്കിയപ്പോള്‍ ഗുണം പോരെന്നു തോന്നി. അത് കൊണ്ടാണ് റെക്കോര്‍ഡ്‌ പുറത്തിറക്കേണ്ട എന്ന് തീരുമാനിച്ചത്. എങ്കിലും രാജയെ കൊണ്ട് എന്റെ ഒരു ഈണം പാടിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഇന്നുമുണ്ട് അഭിമാനം .''

അതിനും വര്‍ഷങ്ങള്‍ മുന്‍പ് തന്നെ സിനിമയുടെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും രാജ അകന്നു കഴിഞ്ഞിരുന്നു. സ്വയം തിരഞ്ഞെടുത്ത ഒരു അജ്ഞാതവാസം.
``സിനിമയുടെ വഴികളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നു അദേഹത്തിന് . പ്രധാന കാരണം സംശയം തന്നെ. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലും സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയ രാജ അവരുമായി കരുതിക്കൂട്ടി തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതും പതിവായി. ശ്രീധറിനേയും കെ വി മഹാദേവനെയും പോലുള്ള പഴയ അഭ്യുദയകാംക്ഷികള്‍ പോലും അദേഹത്തില്‍ നിന്ന് പതുക്കെ അകന്നു. രാജയാകട്ടെ, എല്ലാം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗം എന്നാണു വിശ്വസിച്ചത്. ഒരു ഘട്ടത്തില്‍ ഭാര്യ ജിക്കിയെ നിര്‍ബന്ധിച്ചു സിനിമയില്‍ നിന്ന് അകറ്റിനിറുത്തുക വരെ ചെയ്തു അദ്ദേഹം.' രാജയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഒരു ഗായകന്‍ ഓര്‍ക്കുന്നു. ``പാട്ടുകാരി എന്ന നിലയില്‍ ജിക്കിയുടെ പ്രതിഭ അംഗീകരിക്കാന്‍ രാജ വിമുഖനായിരുന്നു.''

ഏഴാം വയസ്സില്‍ പന്തല്ലമ്മ എന്ന തെലുങ്ക് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമയില്‍ അരങ്ങേറിയ ജിക്കി പാട്ടുകാരിയാകുന്നത് ജ്ഞാനസൌന്ദരി എന്നാ തമിഴ് ചിത്രത്തിലൂടെയാണ്. ജിക്കിയുടെ മികച്ച ഗാനങ്ങളില്‍ മയക്കുംമാലൈ (ഗുലെബക്കാവലി) , വാരായി വാരായി പോകുമിടം (മന്ത്രികുമാരി), ഓ ദേവദാസ് (ദേവദാസ്), ഊരെങ്ങും തേടിനാന്‍ (തേന്‍ നിലവ്), ഏര് പൂട്ടി പോവായി (കാലം മാറി പോച്ച്) എന്നിവയുണ്ട്. വഞ്ചിക്കോട്ടൈ വാലിബനില്‍ പി ലീലയോടൊപ്പം പാടിയ കണ്ണും കണ്ണും കലന്തു സൊന്തം കൊണ്ടാടുതേ (സംഗീതം സി രാമചന്ദ്ര), തെന്നിന്ത്യന്‍ സിനിമയിലെ ആദ്യ റോക്കന്‍റോള്‍ ഗാനമായി വിശേഷിപ്പിക്കപ്പെടുന്ന ഉത്തമപുത്രനിലെ യാരടീ നീ മോഹിനീ (സംഗീതം ജി രാമനാഥന്‍) എന്നിവ ജിക്കിയുടെ സര്‍വകാല ഹിറ്റുകളാണ്.

മലയാളത്തില്‍ സജീവസാന്നിധ്യമായിരുന്നില്ലെങ്കിലും പാടിയ പാട്ടുകളില്‍ എല്ലാമുണ്ടായിരുന്നു സവിശേഷമായ ആ ആലാപനമുദ്ര. . ``അവരുണരുന്നു''വിലെ കിഴക്ക് നിന്നൊരു പെണ്ണ് വന്നു (വയലാര്‍-ദക്ഷിണാമൂര്‍ത്തി ), ഉമ്മയിലെ കദളിവാഴക്കയ്യിലിരുന്നു, അപ്പം തിന്നാന്‍ (ഭാസ്കരന്‍-ബാബുരാജ്‌), കാട്ടുതുളസിയിലെ മഞ്ചാടിക്കിളിമൈന , നാലുമൊഴി കുരവയുമായി (വയലാര്‍-ബാബുരാജ്‌), പാലാട്ടുകോമനിലെ പൂവേ നല്ല പൂവേ (ശാന്ത പി നായര്‍ക്കൊപ്പം.. വയലാര്‍- ബാബുരാജ്‌), കടലമ്മയിലെ മുങ്ങി മുങ്ങി (ജാനകിയോടൊപ്പം.. വയലാര്‍-ദേവരാജന്‍), നാടോടികളിലെ കുങ്കുമത്തിന്‍ പൊട്ടു തൊട്ടു (വയലാര്‍- ദക്ഷിണാമൂര്‍ത്തി) റബേക്കയിലെ മാനത്തെ എഴുനില (രാജയോടൊപ്പം...വയലാര്‍ ‍-രാഘവന്‍) എന്നിവ ഓര്‍ക്കുക. ദേവരാജന്‍ മാസ്റ്റര്‍ക്ക് വേണ്ടി പാടിയ കല്യാണപ്പുടവ വേണം എന്ന നാടകഗാനവും പ്രശസ്തം.

അജ്ഞാതവാസം അവസാനിപ്പിച്ച്‌ സിനിമയില്‍ തിരിച്ചുവരാന്‍ രാജയെ പ്രേരിപ്പിച്ചവരില്‍ ഒരാള്‍ സംഗീത സംവിധായകന്‍ വി.കുമാര്‍ ആണ്. കുമാറിന്റെ ഈണത്തില്‍ രംഗരത്തിനം എന്നാ ചിത്രത്തില്‍ എല്‍ ആര്‍ ഈശ്വരിയോടൊപ്പം പാടിയ മുത്താരമേ ആയിരുന്നു തമിഴില്‍ രാജയുടെ രണ്ടാംവരവിനു തുടക്കമിട്ട ഗാനം. വീട്ടുമാപ്പിള (1973 ), എനക്കൊരു മകന്‍ പിറപ്പാന്‍ (1975 ) എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചെങ്കിലും, ഈണങ്ങളിലെ പഴയ ഇന്ദ്രജാലം അപ്രത്യക്ഷമായിരുന്നു. ജിക്കിയാണ് തിരിച്ചുവരവ് കൂടുതല്‍ ശ്രദ്ധേയമാക്കിയത് . എഴുപതുകളുടെ ഒടുവിലും 80 കളിലുമായി ഇളയരാജയ്ക്ക് വേണ്ടി ജിക്കി പാടിയ പാട്ടുകളില്‍ കാലത്തിനു തൊടാന്‍ പോലും ആകാത്ത ആ ശബ്ദസൌകുമാര്യം നിറഞ്ഞു നിന്നു : കാതലെന്നും കാവ്യം (വട്ടത്തുക്കുള്‍ സതുരം), നിനൈത്ത്‌ യാരോ നീ താനേ (പാട്ടുക്ക്‌ ഒരു തലൈവന്‍), രാത്തിരി പൂത്തത് (ദായം ഒന്ന്)..

ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം, പതുക്കെ സിനിമയില്‍ നിന്ന്‌ അകന്ന ജിക്കി ഗാനമേളകളില്‍ പാടുന്നതും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നതും ദുര്‍ല്ലഭമായി. ദുരിതമയമായിരുന്നു അവരുടെ അവസാനനാളുകള്‍. അര്‍ബുദരോഗ ബാധിതയായി ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് 2004 ആഗസ്റ്റ്‌ 16 നു അവര്‍ മരണത്തിനു കീഴടങ്ങുന്നത്. രാജ - ജിക്കി ദമ്പതികളുടെ ആറ് മക്കളില്‍ രണ്ടു പേര്‍ ഗാനമേളാവേദികളില്‍ സജീവമായിരുന്നു ഏറെക്കാലം. ഇപ്പോള്‍ അവരെ കുറിച്ചും കേള്‍ക്കാറില്ല.

രാജയും ജിക്കിയും ഇന്ന് നമ്മുടെ ഗൃഹാതുരസ്മരണകളുടെ ഭാഗം. താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രികളില്‍, ആ ശബ്ദങ്ങള്‍ നമ്മെ ഇന്നും വന്നു തഴുകുന്നു.

Wednesday, June 9, 2010

സോജാ രാജകുമാരി - മൂന്നാം പതിപ്പ്

സോജാ രാ‍ജകുമാരിയുടെ മൂന്നാം പതിപ്പ് പുറത്തിറങ്ങി

ഇത് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മി.സന്ദീപുമായി 09895102962 എന്ന നമ്പറില്‍ ബന്ധപ്പെടുക


Sunday, May 2, 2010

വൈഷ്ണവര്‍ എന്ന 'ചിത്രത്തെ' കുറിച്ച്

ദേവദൂതര്‍ പാടുമ്പോള്‍ എന്ന ലേഖനത്തില്‍ നിന്ന്‍

Thursday, April 29, 2010

ഒരു നാളും നിലയ്ക്കാത്ത വേണുഗാനം

അന്തരിച്ച ശ്രീ ലോഹിതദാസിനെ കുറിച്ച് മാതൃഭൂമിയില്‍ എഴുതിയത്

Oru Naalum

Thursday, March 25, 2010

സിനിമാസംഗീത പുസ്തകങ്ങളുടെ ഡിമാന്റ്

രവി മേനോന്റെ പുതിയ പുസ്തകത്തിന്റെ (മൊഴികളിൽ സംഗീതമായി) ഡിമാന്റിനെ കുറിച്ച് വന്ന പത്രവാർത്ത


rm

Monday, February 15, 2010

പാട്ടെഴുത്തിന്റെ മായാമയൂരം

പുതിയ ലക്കം കലാകൌമുദിയില്‍ നിന്ന്

കടപ്പാട് : എ സുകുമാര്‍

pattezhutthinte mayamayooram

Friday, January 1, 2010

മൊഴികളിൽ സംഗീതമായി

രവി മേനോന്റെ ഏറ്റവും പുതിയ സമാഹാരം