Wednesday, June 16, 2010

മൊഴികളില്‍ സംഗീതമായ്- മാരിവില്ലിന്റെ തേന്‍മലരുകള്‍

നിരൂപണം
മൊഴികളില്‍ സംഗീതമായ്- മാരിവില്ലിന്റെ തേന്‍മലരുകള്‍
കെ.പി. നിര്‍മല്‍കുമാര്‍
Posted on:16 Jun 2010

സംഗീതകാരന്മാരെ അസാധാരണമായ അലിവോടും സ്നേഹത്തോടും പരിഗണിക്കുന്നതാണ് രവി മേനോന്റെ എഴുത്ത്. എന്നോ നിലച്ച മൂളിപ്പാട്ടിനെ തിരിച്ചുപിടിക്കുകകൂടി ചെയ്തു ഈ പുസ്തകമെന്ന് ലേഖകന്‍.

രു സ്‌പോര്‍ട്‌സ് ലേഖകന്റെ അനൗപചാരികമായ, എന്നാല്‍ ദൂഷണച്ഛായ ഇല്ലാത്ത, സംഗീതകാരന്മാരോട് അനുതാപവും ഐക്യദാര്‍ഢ്യവുമുള്ള, സഹിഷ്ണുതാപരമായ, പരിഷ്‌കൃതംപോലുമായ മലയാളമാണ് രവിമേനോന്‍ ഉപയോഗിക്കുന്നത്. നിന്ദയും കാലുഷ്യവും, ഗവേഷണോന്മുഖമായ വിസ്താരങ്ങളും നിറഞ്ഞ ഒരു ഭാഷ മലയാളത്തില്‍ നിലവിലുണ്ട്. ആവിധം നിര്‍ദയനല്ല രവിമേനോന്‍. സാഹിത്യകൃതികളെ തലനാരിഴയും നാഡിഞരമ്പും കീറി പരിശോധിക്കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി, ഗാനരചന, സംഗീതം, ആലാപനം, വാണിജ്യനിര്‍മിതി എന്നിവയില്‍ അദ്ദേഹം ജിജ്ഞാസാഭരിതമായ അന്വേഷണം നടത്തുന്നതിലെല്ലാം കാണാം, കരുണാമയത്വം, കനിവിന്റെ നീര്‍ച്ചോല. അങ്ങനെ നോക്കിയാല്‍ ഈ പുസ്തകത്തില്‍ പരാമര്‍ശവിധേയരായ സംഗീതകാരന്മാര്‍ ഭാഗ്യവാന്മാരാണ്. ശരീരത്തോടൊപ്പം യശസ്സും കാലയവനികയ്ക്കുപിന്നില്‍ അപ്രത്യക്ഷമാവാന്‍ വിധിക്കപ്പെട്ട ഈ പിന്നണിപ്രവര്‍ത്തകരെ, ഇവിടെ കുടിയിരുത്തുകയാണ്, പൂവും വെള്ളവുംകൊടുത്തുയര്‍ത്തുകയാണ്. ആസ്വാദകന്റെ ഹൃദയമാണ് രവി മോഷ്ടിച്ചത്, കീശയല്ല എന്നര്‍ഥം. ഹൃദയകവര്‍ച്ചയായിരുന്നില്ല ലക്ഷ്യം, സംഗീതാസ്വാദനം ഹൃദയദ്രവീകരണക്ഷമമാക്കുകയാണ്; ഉത്തമ സംഗീതത്തിന്റെ അമ്പാടിപ്പശുക്കളെ സുഷിരവാദ്യകലയിലൂടെ ഒന്നിച്ചൊരു ഗോവര്‍ധനഗിരിക്കുതാഴെ കൊണ്ടുവന്നിരിക്കയാണ്; സംഗീതദേവതയാല്‍ അനുഗ്രഹിക്കപ്പെട്ട രവി, എഴുത്തുകാരനല്ല പരികര്‍മിയാണ്. സംഗീതമെന്നാല്‍ മ്യൂസിക് അക്കാദമികളിലെ പുരോഹിതരല്ലെന്ന് രവി തെളിയിച്ചു. ആസ്വാദകന്റെ ചുണ്ടില്‍ വിടരുന്നതും തുമ്മിയാല്‍ തെറിക്കാത്തതുമായ ഗാനശകലമാണ് പ്രതീക്ഷയും നിരാശയും, പ്രണയവും കുമ്പസാരവും നിരന്തരം പ്രതീകങ്ങളാവുന്നവ. നിങ്ങളുടെ ജീവകോശത്തെ അത് ത്രസിപ്പിക്കുന്നു. പിടികിട്ടാത്ത ആകാശത്തെയും വഴിതടയുന്ന ഭൂമിയെയും സംഗീതം ഒന്നിപ്പിക്കുന്നു. ജനപ്രിയ ചലച്ചിത്ര സംഗീതത്തിന്റെ ഭൂതകാലത്തേക്ക്‌ശ്രോതാവിനെ രവി, ഒരു നല്ല ചങ്ങാതിയെപ്പോലെ കൈപിടിച്ചുകൊണ്ടുപോവുന്നു. രവി ചെയ്യുന്നത് പത്രപ്രവര്‍ത്തനം അല്ല, അതൊരു തീര്‍ഥയാത്രയാണ്. ആര്‍ദ്രഭാവങ്ങളുടെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയാണ് രവി നമ്മെ വ്യത്യസ്ത കാലഘട്ടങ്ങളിലേക്കു നയിക്കുന്നത്. എല്ലാറ്റിലുമുണ്ട് മൂടല്‍മഞ്ഞുപോലെ വിഷാദസ്​പര്‍ശം, പലപ്പോഴും വായനക്കാരനെ നിശ്ശബ്ദനാക്കുന്നത് എന്തോ അത്! നിങ്ങളാവശ്യപ്പെടുന്ന ചലച്ചിത്രഗാനമേതാണെന്ന് ചോദിച്ചാല്‍, വികാരതരളിതനാവാത്ത മലയാളിയുണ്ടായിരുന്നില്ല. വാക്കും സംഗീതവും ശ്രോതാക്കാള്‍ വ്യത്യസ്ത ജീവാതാവസ്ഥകളുമായി കൈകോര്‍ത്തു. ധനികക്രൈസ്തവ കുടുംബത്തിലെ വിവാഹോത്സവത്തിന്, രാവുപകല്‍ ഉച്ചഭാഷിണിയില്‍ 'നീലക്കുയില്‍' ഗാനങ്ങള്‍, അന്തരീക്ഷത്തില്‍ ശബ്ദമലിനീകരണമില്ലാത്ത, പൂര്‍വികര്‍ ജീവിച്ചിരുന്ന ബാല്യത്തിലാണ് (കുയിലിനെതേടി, മാനെന്നും വിളിക്കില്ല, കായലരികത്ത് എന്നിങ്ങനെ) ഇന്നും മറക്കപ്പെട്ടിട്ടില്ലാത്ത രാഘവസംഗീതം, ആദ്യമായി കേള്‍ക്കുന്നത്. മൂന്നേകാല്‍കോടി മലയാളികള്‍ക്കുമുണ്ടാവും ആ വിധം ഓരോ ഗാനത്തെപ്പറ്റിയും ഇടനെഞ്ഞിലേറ്റാനൊരു അനുഭൂതിദായകമായ ഓര്‍മ. നഷ്ടഭൂതത്തെയാണ് മുറുകെ ആ ഗാനങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നത്. പ്രകൃതി മനുഷ്യന്‌വേണ്ടി ചെയ്യുന്ന സാര്‍ഥകമായ അടയാളമാണത്. എപ്പോഴെല്ലാം നിങ്ങള്‍ നിലവിലുള്ള ഭൂമിയില്‍ നിന്നുയര്‍ന്ന്, സ്രഷ്ടാവുമൊത്ത് മകരനിലാവില്‍ ഒഴുകി നടക്കുന്നൊരു ദേവദൂതനാണെന്ന് സങ്കല്പിക്കുന്നുവോ, സംഗീതമാണത് നിങ്ങള്‍ക്ക് സാധിച്ചുതന്നിട്ടുള്ളത്. ഫാന്റസി വഴിമുട്ടി നില്‍ക്കുമ്പോള്‍, 'കനകനിലാവേ' എന്ന് നിങ്ങള്‍ക്കുവേണ്ടി പാടിയത് ആരായിരുന്നു എന്നു ചിന്തിച്ചുനോക്കൂ.

നാലുവരിപ്പാതയില്‍ അതിവേഗം പായുന്ന സ്വകാര്യവാഹനത്തില്‍ വാചാലനായി 'മരിച്ചു' പൊരുതിയിരുന്ന കമിതാവ്, പൊടുന്നനെ നിശ്ശബ്ദനായത് എന്തുകൊണ്ടായിരുന്നു? അവന്റെ നോട്ടം, ചില്ലിനപ്പുറം മേലെ മേഘമാലകളിലേക്ക് തെറിച്ചുവോ? ''ചാരിക്കിടന്ന് സ്വപ്നം കാണുകയാണോ?'' ചുമലില്‍ തട്ടി ചോദിച്ചു നോക്കൂ, ദേവദൂതന്റെ സാന്നിദ്ധ്യത്തില്‍ നിന്ന്, ദേശീയപാതയിലെ ഖരമാലിന്യനിക്ഷേപത്തിലേക്ക് അയാള്‍ തെറിച്ചുവീഴുന്നതു കാണാം. മനുഷ്യനേത്രങ്ങള്‍ക്ക് വഴങ്ങാത്ത പരമോന്നത ദൈവസന്നിധിയിലേക്ക്, മറ്റുവിധത്തില്‍ നിസ്സാരനായ നിന്റെ കമിതാവിനെ, അല്പനേരത്തേക്കെത്തിച്ചത് എന്തായിരുന്നു, എന്നോ? ആ സംഗീതത്തെക്കുറിച്ചാണ് രവിമേനോന്‍ കുറച്ചുവര്‍ഷങ്ങളായി നമുക്ക് മൃദുഭാഷയില്‍ ക്ലാസെടുക്കുന്നത്.

പരാമര്‍ശ വിധേയരാവുന്ന സംഗീതകാരന്മാരെ സാന്ത്വനപ്രശ്‌നം നല്‍കി രവി സംഗീതാസ്വാദകര്‍ക്കു മുന്‍പില്‍ കൊണ്ടുവരുന്നു. പറഞ്ഞുപറഞ്ഞ് അവഹേളിക്കാനല്ല, നാം ജീവിക്കുന്ന സമൂഹത്തിന്റെ സംസ്‌കാര ചിഹ്നങ്ങളാക്കാന്‍. ദിവസത്തിലൊരിക്കല്‍ അരമണിക്കൂര്‍ ചാരിക്കിടന്നെങ്കിലും വായിക്കാവുന്നവര്‍ക്കെല്ലാം ഈ പുസ്തകം നിങ്ങള്‍ ഹൃദയപൂര്‍വം സമ്മാനമായി കൊടുത്തുനോക്കൂ. സാധിക്കുമെങ്കില്‍ നിങ്ങള്‍ അടുത്തിരുന്ന് ചിലഭാഗങ്ങള്‍ വാത്സല്യത്തോടെ, കുസൃതിയോടെ സല്ലാപത്തിന്റെ സന്മനസ്സോടെ വായിച്ചുകേള്‍പ്പിക്കൂ, പുസ്തകം മടക്കിവെക്കുമ്പോഴേക്കും നിങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടാവും, രോഗി (അയാള്‍ കുടുംബാംഗമോ കമിതാവോ ആയിരിക്കാം) യുടെ മുഖം ഭാവദീപ്തിയില്‍ നമ്മെ വിസ്മയിപ്പിക്കുന്നു. എന്തുസംഭവിച്ചു? സാങ്കേതിക സംജ്ഞയോടെന്നപോലെയല്ല അയാള്‍ സംഗീത പരിചരണത്തിന് പ്രതികരിച്ചത്. കുട്ടികള്‍ വഴിനടക്കുന്നയിടങ്ങളില്‍ കുഴിബോംബുവെച്ചും അതിരുകിളച്ചുമാറ്റിയും, കിടപ്പാടം തകര്‍ത്തും അയല്‍ക്കാരന്‍ നിങ്ങള്‍ക്കുമേല്‍ ശാരീരിക അധിനിവേശം നടത്താന്‍ ഭീതിയുടെ കരിമുകിലുകള്‍ തുടരെ വിന്യസിക്കുന്ന ഈ അശാന്തഭൂമികയില്‍, രവിമേനോന്റെ ഈ 'തീര്‍ഥയാത്ര' രോഗിയില്‍ പ്രത്യാശ നല്‍കും എന്നു തോന്നുന്നു. ഞാന്‍ ഒരുപടികൂടി മുന്നോട്ടുപോയി പരീക്ഷണം നടത്തി. ഈ ഗ്രന്ഥത്തിലെ പതിനാറോളം സംഗീത സംവിധായകരുടെ കൃതികള്‍ ഇന്നലെയും ഇന്നുമായി ഞാന്‍ ഭാര്യയെ ഒഴിവുസമയത്ത് ഒന്നൊന്നായി കേള്‍പ്പിച്ചു. ശബ്ദമലിനീകരണം തുടങ്ങിയിട്ടില്ലാത്ത ഉള്‍നാടന്‍ കളപ്പുരയുടെ മുറ്റത്തും ഉമ്മറത്തുമായി അവള്‍ ഓരോന്നും പാടിനോക്കി, ആ വിധം ഈ 'ഇന്റര്‍ആക്ടീവ് സംഗീത പരീക്ഷണ'ത്തില്‍ പങ്കുചേര്‍ന്നു. ചിലതു പരിചയം തോന്നുന്നില്ലെന്ന് തലയാട്ടി. ചിലത് ആഹ്ലാദത്തോടെ ചൊല്ലി ആസ്വദിച്ചു. പ്രേക്ഷകനായി ഞാന്‍ മാത്രം.

''പണ്ടു കേട്ടവയാണ്,'' -അവള്‍ പറഞ്ഞു. ''മിക്കതും അനിയത്തിമാര്‍ക്കൊപ്പം ഇവിടെ ഇരുന്ന് കേള്‍ക്കും. ഈ ഗ്രാമത്തില്‍ ഇവിടെമാത്രമേ അന്ന് റോഡിയോ ഉള്ളൂ.''
''അക്കാലത്ത് പാടുമായിരുന്നോ?''- ഞാന്‍ ചോദിച്ചു.
''എം.എസ്സിക്കു പഠിക്കുമ്പോള്‍ യൂസികോളേജ് മീറ്റിങ്ങില്‍ 'തെച്ചീ മന്ദാരം' പാടി. മൈക്കുണ്ടായിരുന്നില്ല. ആരെങ്കിലും അത് കേട്ടുവോ എന്നറിയില്ല'', അവള്‍ക്കാ ഓര്‍മ കൗതുകമായി.
''മൂളിപ്പാട്ടുപാടാറില്ലല്ലോ'', ഞാന്‍ വിസ്മയിച്ചു. കേട്ടിരുന്നില്ല.
''വിവാഹത്തിനുശേഷം ഞാന്‍ മൂളിപ്പാട്ട് നിര്‍ത്തി.'' സ്വന്തം ഭര്‍ത്താവിന്റെ ആണ്‍കോയ്മക്കെതിരെ ഒരു സ്ത്രീക്ക് തനിയെ ചെയ്യാവുന്ന സമരമുഖമാണ് ചുണ്ടുകളിലെ സംഗീതം നിലയ്ക്കുന്നത്. ആ നിലച്ച സംഗീതമാണ്, രണ്ടുദിവസമായി ഈ പുസ്തകവായനയിലൂടെ ഞങ്ങള്‍ തിരിച്ചുപിടിച്ചതും.

ബഹുസ്വര മലയാള സമൂഹത്തില്‍ ഒരു ഗാനം ഹിറ്റായി എന്നു പറയുമ്പോള്‍ എന്താണര്‍ഥമാക്കേണ്ടത്? ആലോചിക്കാന്‍ സമയമായി. കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ മലയാളനാടിലൊരു വര്‍ഗീകരണം നടന്നു. അതാണിന്ന് മലയാള ചലച്ചിത്രഗാനാസ്വാദനത്തിന്റെ സാര്‍വത്രികതയെ വെല്ലുവിളിക്കുന്നത്. മുപ്പതുവര്‍ഷം മുന്‍പു സംഭവിച്ച ചലച്ചിത്രസംഗീതത്തിന്റെ ആധുനികതയ്ക്ക് നേതൃത്വം കൊടുത്തവരായിരുന്നു രവീന്ദ്രന്‍, ജോണ്‍സണ്‍ എന്നിവര്‍. വന്‍ ആസ്വാദക പിന്തുണയവര്‍ക്കുണ്ടായെങ്കിലും അവരുടെ സംഗീതപാരമ്പര്യത്തിന് അന്തരമുണ്ടായിരുന്നു. ക്ലാസിക്കല്‍ സംഗീതത്തില്‍ പരിശീലനം നേടിയിരുന്നു രവീന്ദ്രന്‍, കര്‍ണാടകസംീതത്തിലധിഷ്ഠിതമായ ചലച്ചിത്രസംഗീതസംസ്‌കാരം പൊടുന്നനെ വളര്‍ത്തി, വിപുല ആരാധകവൃന്ദത്തെ ആകര്‍ഷിച്ചത് കൊഴുത്ത ഹൈന്ദവപദസമ്പത്തിലൂടെ ആയിരുന്നു. മറുവശത്താകട്ടെ ജോണ്‍സണ്‍, ഔസേപ്പച്ചന്‍ എന്നിവര്‍ ഹൈന്ദവമെന്ന് മുദ്രകുത്താനാവില്ലെങ്കിലും, കുറെക്കൂടി മിതമായി ഭൂരിപക്ഷ മതസംഹിതയെ അവതരിപ്പിച്ചു. മലയാള ജനസമൂഹത്തിന്റെ നാലിലൊന്നുവരുന്ന മുസ്‌ലിം ജനതയുടെ സാക്ഷര മധ്യവര്‍ഗം ഇക്കാലത്ത്, പ്രത്യേകിച്ച്, കഴിഞ്ഞ ദശാബ്ദത്തില്‍, ഹൈന്ദവബിംബകല്പനകളുടെ ആധിക്യത്തില്‍ ആസ്വാദനം അലങ്കോലപ്പെട്ട് പിന്‍വാങ്ങിയിരിക്കയാണ്. ചലച്ചിത്രത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും ആസ്വാദനത്തിലും അവര്‍ ഉള്‍പ്പെടുന്നു ണ്ടെങ്കിലും പൊതുവെ ഇന്ന് മലയാള സംഗീതത്തിലെ ഹൈന്ദവബിംബസാന്ദ്രത അവര്‍ നിസ്സഹകരണത്തിലൂടെ ചെറുക്കുന്നതായാണ് സാമൂഹിക മാറ്റങ്ങളുടെ ചെറുചലനങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ കാണുക. ബാബുരാജ് എന്നോ മരിച്ചുപോയി. ഹിന്ദിയില്‍ ഗാനരചന, സംഗീതം, ആലാപനം എന്നിവയെല്ലാം ചെയ്യാന്‍ അനുഗൃഹീതരായ മുസ്‌ലിം പ്രതിഭാശാലികള്‍ ഉള്ളപ്പോള്‍, മലയാളത്തില്‍ യൂസഫലി കേച്ചേരി സ്വയം കൃഷ്ണഭക്തനായി അവതരിച്ചത് സ്വത്വാന്വേഷണ തത്പരരായ മലയാള മുസ്‌ലിം സാക്ഷര മധ്യവര്‍ഗത്തിന് സ്വീകാര്യമല്ല. അവര്‍ മലയാള മുഖ്യധാരാ ചലച്ചിത്ര സംഗീതത്തില്‍ നിന്ന് അകന്നുപോയി. എങ്ങനെ അകലാതിരിക്കും? ഹൈന്ദവമയമാണ് ഗാനരചനകള്‍, സവര്‍ണ ഹൈന്ദവതയാണ് മൊത്തം സാംസ്‌കാരിക ഉള്ളടക്കം. ഇതെത്രനാള്‍ മലയാള ചലച്ചിത്രത്തിനിങ്ങനെ കണ്ടില്ലെന്ന് നടിച്ച് മൂഢസ്വര്‍ഗത്തിലിരിക്കാനാവും? ബഹുസ്വര സമൂഹത്തെ സംപ്രീതരാക്കാന്‍, വേണം തീര്‍ത്തും ഒരഴിച്ചുപണി. നീലക്കുയിലില്‍ കെ. രാഘവന്റെ ''കുയിലിനെതേടി'' മുതല്‍ 'നീലത്താമര'യില്‍ വിദ്യാസാഗറിന്റെ 'അനുരാഗവിലോചനനായി' വരെ, കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി മലയാള ചലച്ചിത്ര സംഗീതം, ഏതു നിത്യജീവിതപോരാട്ടത്തിനിടയിലും ശ്രോതാക്കളെ ഗൂഢമായൊരാത്മാനുഭൂതിയായി, ചുണ്ടത്ത് ആഹ്ലാദകരമായ ആനന്ദവും നൊമ്പരവുമായി, കുത്തിപ്പടര്‍ന്നു. കള്ളവും കുതികാല്‍വെട്ടും നിറഞ്ഞ വാണിജ്യ ലാഭമോഹംതന്നെയാണ് മലയാള ചലച്ചിത്രഗാനത്തിന്റെ നിര്‍മിതിയെന്ന തിരിച്ചറിവ്, മലയാള ചലച്ചിത്രസംഗീതാസ്വാദകനെ നിരുത്സാഹപ്പെടുത്താറില്ല. 'ഉണ്ണിയാര്‍ച്ച'യില്‍ അയാള്‍ ''അന്നുനിന്നെ കണ്ടതില്‍ പിന്നെ'' എന്ന് നെടുവീര്‍പ്പിടുന്നു, 'ഉമ്മ'യില്‍ ''കദളിവാഴക്കയ്യിലിരുന്ന്'' വിരുന്ന് വിളിക്കുന്ന കാക്കയെ അടയാളമാക്കുന്നു, 'നദി'യിലെ ''ആയിരം പാദസരങ്ങള്‍ കിലുക്കുന്നു'', 'ചില്ലി'ല്‍ ''ഒരുവട്ടംകൂടി''യായും 'പണിതീരാത്തവീടി'ല്‍ ''സുപ്രഭാത''മായും 'അവളുടെ രാവുകളി'ല്‍ ''രാകേന്ദു കിരണങ്ങ''ളായും 'റോസി'യില്‍ ''വെളുക്കുമ്പം പുഴയൊരു കളിക്കുട്ടി''യായും 'മുറപ്പെണ്ണിലെ' ''കരയുന്നോപുഴ ചിരിക്കുന്നോ'' ആയും 'ഞാന്‍ ഗന്ധര്‍വ'നില്‍ ''ദേവാങ്കണങ്ങളാ''യും ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ''നപ്രമദവനമായും'കിലുക്ക'ത്തില്‍ ''കിലുകില്‍ പമ്പരമാ''യും 'വന്ദന'ത്തില്‍ ''അന്തിപ്പൊന്‍വെട്ട''മായും 'നിറ'ത്തില്‍ ''പ്രായംതമ്മിലാ''യും, ഗാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കയല്ലേ? വെറുതെയാണോ, കാവ്യാത്മകമായ ഒരു ശൈലിയില്‍ നവയുഗ ശബ്ദവുമായി ഒരു സ്ത്രീപക്ഷ നിരൂപക, ബാല്യകാലാനുഭവങ്ങളെക്കുറിച്ചെഴുതുമ്പോള്‍ പറഞ്ഞത്- ''ഞാനിപ്പോള്‍ (ബാല്യകാല) ഓര്‍മകളുടെ ഊഞ്ഞാലാട്ടത്തി''ലാണ്. അങ്ങനെ ശക്തമായി ബാല്യകൗമാരങ്ങളെ അവതരിപ്പിക്കാന്‍ വേണ്ട ആന്തരിക ശക്തി പലര്‍ക്കുമില്ലായിരിക്കാം, എന്നിരുന്നാലും ഹൃദ്യമായ ഓരോ മലയാള ചലച്ചിത്ര ഗാനത്തിന്റെയും ഉള്‍ക്കാമ്പില്‍ത്തന്നെയല്ലേ നമ്മുടെ അമര്‍ത്തിപ്പിടിച്ച വിതുമ്പലും ആഹ്ലാദവും ഇക്കാലവും ബലിഷ്ഠങ്ങളായ സാന്ത്വനഹസ്തങ്ങളെ കണ്ടത്! സുവര്‍ണശോഭയാര്‍ന്ന പഴയഗാനങ്ങള്‍ ആകസ്മികമായി നാം കേള്‍ക്കുമ്പോള്‍, രവിമേനോന്‍ ഓര്‍ക്കുന്നതുപോലെ, തിരിച്ചുവരില്ലേ ആ പഴയ നല്ല ദിനങ്ങള്‍? പ്രാര്‍ഥിച്ചുനോക്കൂ.

മൊഴികളില്‍ സംഗീതമായ്
രവിമേനോന്‍
മാതൃഭൂമി ബുക്‌സ്

No comments: