Tuesday, September 7, 2010

എന്റെ ലത; നിങ്ങളുടെയും

ജമാല്‍ കൊച്ചങ്ങാടി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ലത - ജീവിതവും സംഗീതവും എന്ന പുസ്തകത്തിന് രവി മേനോന്‍ എഴുതിയ അവതാരിക

ഓര്‍മ്മയിലെ ലതാ മങ്കേഷ്കര്‍ക്ക് തങ്കമ്മായിയുടെ രൂപവും ശബ്ദവുമാണ് ; മുല്ലപ്പൂവിന്റെ മണവും.
രാജസ്ഥാനിലെ ഉദയ് പൂരില്‍ നിന്ന് ഭര്‍ത്താവിനും മകനുമൊപ്പം വേനലവധിയ്ക്ക് നാട്ടിലെത്തുന്ന സുന്ദരിയായ അമ്മായിയോട് ആരാധനയായിരുന്നു എന്നും. ജഗ്ജിത് സിങ്ങിന്റെയും ഗുലാം അലിയുടെയും ഗസല്‍ കേള്‍ക്കുന്ന അമ്മായി. ഖസാക്കിന്റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളും വായിക്കുന്ന അമ്മായി.എടരിക്കോട്ടെ തറവാട് വീട്ടിന്റെ വടക്കേ അറയിലെ ആള്‍പ്പൊക്കമുളള നീലക്കണ്ണാടിയ്ക്ക് മുന്നില്‍ ഇരുന്ന്‌ ഒരു മൂളിപ്പാട്ടോടെ മുടി ഭംഗിയായി ചീകിയൊതുക്കുന്ന അമ്മായിയെ വാതിലില്‍ ചാരിനിന്ന് കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‍. അന്തരീക്ഷത്തില്‍ മുല്ലപ്പൂവിന്റെ സുഗന്ധമുണ്ടാകും അപ്പോള്‍. അത് അവര്‍ ഉപയോഗിച്ചിരുന്ന ഷാമ്പൂവിന്റെതായിരുന്നോ? അതോ ഏതെങ്കിലും വില പിടിപ്പുള്ള പെര്ഫ്യുമിന്റെ ? അറിയില്ല. ഒന്ന് മാത്രം അറിയാം. ശൈശവത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ക്ക് ഇന്നും അതേ സുഗന്ധമാണ്.
ആ ദിവസങ്ങളില്‍ എന്നോ ഒരിക്കല്‍, മധുരമുള്ള ഒരു മൂളിപ്പാട്ടായി അന്നത്തെ പത്തുവയസ്സുകാരന്റെ കാതിലും മനസ്സിലും ഒഴുകിയെത്തുന്നു ഒരു ഗാനം: രസിക് ബല്‍മാ ഹായേ ദില്‍ ക്യോം ലഗായാ തോസേ...തങ്കമ്മായി പാടുകയായിരുന്നില്ല; മന്ത്രിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ മന്ത്രണത്തിന്റെ മാധുര്യം മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

രണ്ടു വര്ഷം കഴിഞ്ഞ്‌ പിന്നെയും ആ പാട്ട് കേട്ടു-- വയനാട്ടിലെ ചുണ്ടേല്‍ ആര്‍ സി ഹൈസ്കൂള്‍ അങ്കണത്തില്‍ വച്ച്. ഗാനമേള അവതരിപ്പിക്കാന്‍ ചുരം കയറി എത്തിയ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ ട്രൂപ്പിലെ ഇരുനിറക്കാരിയായ യുവതി മൈക്കിനു മുന്നില്‍ നിന്ന് രസിക് ബല്‍മാ പാടുമ്പോള്‍, തരിച്ചിരിക്കുകയായിരുന്നു ഞാനും അമ്മയും അനിയനും അനിയത്തിയും അടങ്ങിയ സദസ്സ്. പാട്ടിനൊടുവില്‍ ഒരു നേര്‍ത്ത വിതുമ്പല്‍. ``ഈ പാട്ട് എപ്പോള്‍ പാടുമ്പോഴും എനിക്ക് കരച്ചില്‍ വരും. ക്ഷമിക്കണേ..'' നിറഞ്ഞ സദസ്സിനു മുന്‍പില്‍ ഗായിക കൈകൂപ്പി തലകുനിക്കുന്നു . മച്ചാട്ട് വാസന്തി എന്നായിരുന്നു പാട്ടുകാരിയുടെ പേരെന്ന് പിന്നീടറിഞ്ഞു. ജീവിതത്തില്‍ ആദ്യമായി ഒരു ഗാനമേള കാണുകയും കേള്‍ക്കുകയുമായിരുന്നു.

വിവിധ് ഭാരതിയിലെ ഫര്‍മയേശി പ്രോഗ്രാമില്‍ നിന്ന് , തറവാട്ടു വീട്ടിന്റെ തട്ടിന്‍പുറത്തു പൊടി പിടിച്ചു കിടന്ന ഗ്രാമഫോണ്‍ പെട്ടിയില്‍ നിന്ന് , പിന്നെയും പിന്നെയും രസിക് ബല്‍മാ ഒഴുകിക്കൊണ്ടേയിരുന്നു. ചോരി ചോരി എന്ന ചിത്രത്തില്‍ മജ് രൂഹ് സുല്‍ത്താന്‍പുരി എഴുതി ശങ്കര്‍ ജയ്‌കിഷന്‍ ഈണം പകര്‍ന്ന ആ പാട്ടിനോടുള്ള പ്രണയം ഉള്ളില്‍ വളരുകയായിരുന്നു; ലതാജിയുടെ ശബ്ദത്തോടും. രണ്ടും ഇന്ന് എന്റെ ഹൃദയത്തിന്റെ ഭാഗം.

``ഇന്‍ സേര്‍ച്ച്‌ ഓഫ് ലതാ മങ്കേഷ്കര്‍'' എന്ന പുസ്തകത്തില്‍ ലതാജിയുടെ പഴയ പ്രോഗ്രാം മാനേജര്‍ ഹരിഷ് ബിമാനി രസിക് ബല്‍മാ എന്ന പാട്ടിനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു സ്മരണ പങ്കുവെക്കുന്നുണ്ട്: ഹിന്ദി സിനിമാലോകത്തെ തലമുതിര്‍ന്ന നിര്‍മ്മാതാവും സംവിധായകനുമായ മെഹബൂബ് ഖാന്‍ ഗുരുതരമായ അസുഖം ബാധിച്ച് ലോസ് ആഞ്ചലസിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാലം. രോഗവിവരം ആരായാന്‍ മുംബൈയില്‍ നിന്ന് ഫോണ്‍ വിളിച്ച ലതയോട് ഖാന്‍സാബ് ക്ഷീണിതമായ ശബ്ദത്തില്‍ പറഞ്ഞു: രസിക് ബല്‍മാ എന്ന പാട്ട് പാടിത്തരണം എനിക്ക്. ഞാന്‍ അതുകേട്ട് എല്ലാം മറന്നൊന്ന് മയങ്ങട്ടെ.''

സസന്തോഷം ലതാജി പാടി. ഒന്നും രണ്ടുമല്ല തുടര്‍ച്ചയായി ഏഴു ദിവസം. വന്‍കരകള്‍ താണ്ടി എത്തിയ ആ നാദസൌഭഗത്തില്‍ സ്വയം മറന്നലിഞ്ഞ മെഹബൂബ് ഖാന്‍ രോഗശയ്യ വിട്ടതും പൂര്‍വാധികം ആരോഗ്യവാനായി നാട്ടില്‍ തിരിച്ചെത്തിയതും കഥയുടെ ക്ലൈമാക്സ്. ``ദൈവം ലതാജിയുടെ ശബ്ദത്തില്‍ പാടുന്നു''-- പിന്നീടൊരിക്കല്‍ ഖാന്‍സാബ് പറഞ്ഞു.

ഓര്‍ക്കാന്‍ രസമുണ്ട്. ഇതേ മെഹബൂബ് ഖാന്‍ തന്നെ ലതാജിയുടെ പ്രതിഭയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് ഒരിക്കല്‍. നാല്‍പതുകളില്‍ അന്ദാസ് എന്ന പടത്തിന്റെ റിക്കോഡിംഗ് വേളയിലായിരുന്നു അത്. നര്ഗീസിനു വേണ്ടി പിന്നണി പാടാന്‍ വന്ന പുതിയ പാട്ടുകാരിയെ ആപാദചൂഡം ഒന്ന് നോക്കി ഒപ്പമുണ്ടായിരുന്ന സംഗീതസംവിധായകന്‍ നൌഷാദിനോട് പടത്തിന്റെ നിര്‍മാതാവും സംവിധായകനുമായ മെഹബൂബ് ഖാന്‍ ചോദിച്ചു: ``മജ് രൂഹിന്റെ വരികളില്‍ കവിത മാത്രമല്ല, ശുദ്ധമായ ഉര്‍ദുവിന്റെ സംഗീതം കൂടി ഉണ്ട്. ആ സംഗീതത്തോട്‌ നീതി പുലര്‍ത്താന്‍ മഹാരാഷ്ട്രക്കാരിയായ ഈ പെണ്കുട്ടിയ്ക്കാകുമോ ?

നൌഷാദ് ചിരിക്കുക മാത്രം ചെയ്തു. കാലം ആ ചോദ്യത്തിന് മറുപടി നല്‍കുമെന്ന് മനസ്സില്‍ മന്ത്രിച്ചിരിക്കണം അദ്ദേഹം . അന്ന് ലത പാടി റെക്കോര്‍ഡ്‌ ചെയ്തു പാട്ട് കേട്ട് മെഹബൂബ് ഖാന്‍ വികാരവായ്പോടെ തന്നെ ആശ്ലേഷിച്ച കഥ ഒരു അഭിമുഖത്തില്‍ നൌഷാദ് വിവരിച്ചു കേട്ടിട്ടുണ്ട്. ദശാബ്ദങ്ങള്‍ക്ക് ശേഷവും നമ്മെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നു അന്നത്തെ ഇരുപതുകാരിയുടെ ഗാനം: ഉഡായെജാ ഉന്കെ സിതം.....

അങ്ങനെ എത്രയെത്ര പാട്ടുകള്‍. ലതാജിയുടെ ശബ്ദം ഒരിക്കലെങ്കിലും കാതില്‍ വന്നു വീഴാത്ത ദിനങ്ങള്‍ അപൂര്‍വമാണ് ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തില്‍. ടെലിവിഷനിലൂടെ, റേഡിയോയിലൂടെ, ഇന്റര്‍നെറ്റിലൂടെ, മൊബൈല്‍ ഫോണുകളിലൂടെ, മള്‍ട്ടിവാട്ട്സ് സ്പീക്കറുകളിലൂടെ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു അത്.

ജമാല്‍ കൊച്ചങ്ങാടി എഴുതിയ ഈ പുസ്തകവും ലതാജിയുടെ ഗാനങ്ങള്‍ പോലെ മധുരോദാരം. ആര്‍ദ്രവും സംഗീതാത്മകവുമായ ഭാഷ. മാഞ്ഞു പോയ ഒരു കാലഘട്ടത്തിന്റെ മനോഹരമായ പുനരാവിഷ്കാരം. ജമാലിന്റെ വരികളിലൂടെ ഒഴുകിപ്പോകുമ്പോള്‍ ഒരു `മെഹഫിലിന്റെ' സുഖമറിയുന്നു നാം; സിനിമാ സംഗീതത്തിന്റെ ശൈശവവും ബാല്യവും കൌമാര-യൌവനങ്ങളും ഒരു തിരശീലയില്‍ എന്ന വണ്ണം നമുക്ക് മുന്നില്‍ തെളിയുന്നു; ഗുലാം ഹൈദര്‍ മുതല്‍ എ ആര്‍ റഹ്മാന്‍ വരെ, ലതയുടെ ശബ്ദമാധുരിയില്‍ നിന്ന് അപൂര്‍വ സുന്ദരഗാനങ്ങള്‍ മിനഞ്ഞെടുത്ത സംഗീത ശില്‍പ്പികളുടെ മിഴിവാര്‍ന്ന ചിത്രങ്ങളും.
വരിക. ഈ മെഹ്ഫില്‍ ആസ്വദിക്കുക: ലഗ്ജാ ഗലേ കെ ഫിര്‍ യെ ഹസീന്‍ രാത് ഹോ ന ഹോ, ശായദ് ഫിര്‍ ഇസ് ജനം മേ മുലാകാത് ഹോ ന ഹോ


No comments: