Thursday, September 30, 2010

മറവി തൻ മാറിടത്തിൽ....


ഒക്ടോബർ-1 ലോക വൃദ്ധദിനം.

മലയാള ചലച്ചിത്രഗാനരംഗത്തെ കുലപതികളിലൊരാളുടെ വാർദ്ധക്യസഹജമായ ഓർമ്മക്കുറവിനെ പറ്റി നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവം ശ്രീ.രവി മേനോൻ പങ്കുവെക്കുന്നു...

കടപ്പാട് : മാതൃഭൂമി ആരോഗ്യമാസിക
 
സർഗ്ഗാത്മകതയും സാമൂഹ്യബോധവും ഉന്നതമൂല്യങ്ങളുമൊക്കെ പുലർത്തിയിരുന്ന ആളായിരുന്നു പ്രഗൽഭ സംവിധായകനും മുതിർന്ന രാഷ്ട്രീയപ്രവർത്തകനും മാധ്യമപ്രവർത്തകനും മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാളുമായിരുന്ന പി.ഭാസ്കരൻ. ഓർമ്മക്കുറവു മൂലം ഏതാനും വർഷം ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്കരൻ മാഷിനെ കാണാൻ എസ്.ജാനകിക്കൊപ്പം പോയ അനുഭവം പങ്കുവെക്കുകയാ‍ണ് പ്രശസ്ത ഗാനനിരൂപകനായ രവി മേനോൻ.
തിരുവനന്തപുരത്ത് ഒരു ഗാനമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്കു ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്കരൻ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്.
             ജവഹർ നഗറിലെ വീട്ടിലെത്തുമ്പോൾ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണർത്തിയപ്പോൾ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തിൽ. ഏതോ ഒരു സ്ത്രീ എന്ന കൌതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു- ആരാ മനസ്സിലായില്ലല്ലോ! വിതുമ്പൽ അടക്കി നിർത്താനായില്ല എസ്.ജാനകിക്ക്. മാസ്ടറുടെ കൈകൾ രണ്ടും ചേർത്തു പിടിച്ച് വിതുമ്പലോടെ അവർ പതുക്കെ ഉരുവിട്ടു - മാസ്റ്ററേ ഇത് ഞാനാണ്... ജാനകി.
          മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കേ പറഞ്ഞൂ-ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാ‍തിലിൽ ചാരിയിരുന്ന് ജാനകി പാടാൻ തുടങ്ങി - ഭാസ്കരൻ മാഷുടെ മനോഹരമായ ഗാനം ‘തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ....’ പാട്ട് ഭാസ്കരൻ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
            ജാനകി പിന്നെയും പാടി. ‘ഒരു കൊച്ചു സ്വപ്നത്തിൻ...,ആരാധികയുടെ പൂജാ കുസുമം...,കേശാദിപാദം തൊഴുന്നേൻ....,നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ....,‘ ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോൾ സ്വയമറിയാതെ മാസ്റ്റർ അതിൽ പങ്കു ചേരുന്നുണ്ടായിരുന്നു.
            മടങ്ങാൻ നേരം,സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ എസ്.ജാനകി എഴുന്നേറ്റപ്പോൾ അവരുടെ നേരെ കൈകൂപ്പി നിഷ്ക്കളങ്കമായ ചിരിയോടെ മാസ്റ്റർ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നാ‍യി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം...

    എസ്.ജാനകിയുടെ വിതുമ്പൽ തൊണ്ടയിൽ തടഞ്ഞുപോയി........
              
 

3 comments:

sitharas said...

bhaskaran maash....janakiyamma...ente kannu niranju.......

Rajeeve Chelanat said...

മറവി..എത്ര മനോഹരമായ പദം എന്ന് ചിലപ്പോള്‍ തോന്നായ്കയല്ല. എങ്കിലും, ഈ അനുഭവം വല്ലാതെ സങ്കടപ്പെടുത്തി രവി.
ബ്ലോഗ്ഗ് ഇന്നാണ് കണ്ടത്‌. നന്ദി. ഇനി പതിവായി നോക്കും.
അഭിവാദ്യങ്ങളോടെ

Sabu Hariharan said...

ശരിക്കും ഞാൻ കരഞ്ഞു...
ഹൃദയം മുറിഞ്ഞു പോയി..