ഇന്നത്തെ മാതൃഭൂമിയില്‍ നിന്ന്
എം ജി രാധാകൃഷ്ണനെയും ജി ദേവരാജനെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ചില കണ്ണികളുണ്ട്. കവിതയോടുള്ള പ്രണയമാണ് ഒന്ന്. മറ്റൊന്ന്, ശാസ്ത്രീയരാഗങ്ങളെ ലളിതസംഗീതവുമായി ഔചിത്യപൂര്‍വം വിളക്കിചേര്‍ക്കാനുള്ള കഴിവ്.
തീര്‍ന്നില്ല. കൌതുകകരമായ മറ്റൊരു സാമ്യം കൂടിയുണ്ട് ഇരുവര്‍ക്കും. രണ്ടു പേരും ആദ്യമായി ഒരു ഗാനം ചിട്ടപ്പെടുത്തി പാടുന്നത് വിദ്യാര്‍ഥി ജീവിതകാലത്താണ് -- ഒരേ പാട്ടുതന്നെ . കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ... ഉള്ളൂര്‍ എഴുതിയ ആ പ്രശസ്തമായ കുട്ടിപ്പാട്ടിനു അവരവരുടേതായ രീതിയില്‍ വ്യത്യസ്തമായ `സംഗീതവ്യാഖ്യാന'ങ്ങള് നല്‍കുകയായിരുന്നു ചെറുപ്രായത്തില്‍ തന്നെ ദേവരാജനും രാധാകൃഷ്ണനും.
1930 കളില്‍ പറവൂര്‍ തെക്കുംഭാഗം എല്‍ പി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു, ദേവരാജന്‍ മാസ്റ്ററുടെ ആദ്യ `` സംഗീതപരീക്ഷണം '' . അധ്യാപകന്റെ നിര്‍ദേശപ്രകാരം പദ്യം ചൊല്ലാന്‍ എഴുന്നേറ്റു നിന്നപ്പോള്‍, അത് പാടിപ്പഴകിയ ഈണത്തില്‍ ആവരുതെന്നു മനസ്സില്‍ ഉറച്ചിരിക്കണം ദേവരാജന്‍. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്ന് താന്‍ പാടിയ ``കാക്കേ കാക്കേ'' ശങ്കരാഭരണം രാഗത്തിലായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിയുന്നത്.
അന്‍പതുകളില്‍ ആലപ്പുഴ എസ് ഡി കോളേജില്‍ വച്ച് ഇതേ കവിതാശകലം ``തന്നിഷ്ടപ്രകാരം'' സഹപാഠികളെ ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ രാധാകൃഷ്ണനും അറിഞ്ഞിരുന്നില്ല മോഹന രാഗം തന്റെ ആലാപനത്തില്‍ വന്നു നിറഞ്ഞ കാര്യം . . ``മനസ്സില്‍ തോന്നിയ ഒരു ഈണത്തില്‍ പാടി. അത്ര തന്നെ. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന മോഹം അന്നേ ഉപബോധമനസ്സില്‍ ഉണ്ടായിരുന്നിരിക്കണം,'' പില്ക്കാലത്ത് ഒരു കൂടിക്കാഴ്ചയില്‍ രാധാകൃഷ്ണന് പറഞ്ഞു. ചെയ്ത ഗാനങ്ങളുടെ എണ്ണത്തേക്കാള്‍, വൈവിധ്യം കൊണ്ടായിരിക്കണം തന്നെ വരുംതലമുറകള്‍ ഓര്‍ക്കേണ്ടതെന്ന ആഗ്രഹം ആയുഷ്കാലം മുഴുവന്‍ അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നത് സ്വാഭാവികം.
കാവാലവുമായി ചേര്‍ന്ന് സൃഷ്ടിച്ച എണ്ണമറ്റ ജനപ്രിയ ലളിതഗാനങ്ങളിലൂടെ (ഘനശ്യാമസന്ധ്യാഹൃദയം, ഓടക്കുഴല്‍ വിളി, ശ്രീ ഗണപതിയുടെ, പൂമുണ്ടും തോളത്തിട്ടു, കുറ്റാലം കുറവഞ്ചി... ) മലയാളികളുടെ ഹൃദയം കവര്‍ന്ന ശേഷമാണ് രാധാകൃഷ്ണന് സിനിമയില്‍ പ്രശസ്തനാകുന്നത്. ഗായകനായിട്ടായിരുന്നു തുടക്കം - കള്ളിച്ചെല്ലമ്മയില്‍ പി ഭാസ്കരനും കെ രാഘവനും ചേര്‍ന്നൊരുക്കിയ ``ഉണ്ണി ഗണപതിയെ'' എന്ന ഗാനത്തിലൂടെ. പക്ഷെ എം ജി രാധാകൃഷ്ണന് എന്ന ഗായകന്റെ അഗാധഗംഭീരശബ്ദം ഇന്നും നമ്മുടെ കാതിലും മനസ്സിലും മുഴങ്ങുന്നുവെങ്കില്‍ അതിനു നന്ദി പറയേണ്ടത് വയലാര്‍- ദേവരാജന്‍ ടീമിനോടാണ്. ശരശയ്യക്ക് വേണ്ടി അവര്‍ സൃഷ്ടിച്ച ശാരികേ ശാരികേ എന്ന ഗാനം മറ്റേതെങ്കിലും ഗായകന്റെ ശബ്ദത്തില്‍ സങ്കല്പ്പിക്കാന് പോലുമാവുമോ നമുക്ക്? നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പല്ലനയാറ്റിന് തീരത്ത് (സുശീലയോടൊപ്പം) , കുമാരസംഭവത്തിലെ മല്ലാക്ഷി മണി മാറില്‍ (വസന്തയോടൊപ്പം) എന്നീ ഗാനങ്ങളും മറക്കാനാവില്ല. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും , രാധാകൃഷ്ണന്റെ വേറിട്ട ശബ്ദം സിനിമാ പിന്നണിഗാനങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്ടീരിയോടൈപ്പ് സങ്കല്പങ്ങളുമായി യോജിച്ചു പോകുന്നതേ ആയിരുന്നില്ല. ഗായകനില്‍ നിന്ന് മുഴുവന്‍സമയ സംഗീതസംവിധായകനിലെക്കുള്ള വേഷപ്പകര്‍ച്ച ഈ തിരിച്ചറിവില്‍ നിന്നാവണം.
സിനിമയില്‍ രാധാകൃഷ്ണന് ആദ്യം ചിട്ടപ്പെടുത്തിയതും കാവാലത്തിന്റെ വരികള്‍ തന്നെ: തമ്പില്‍ ഉഷാരവി പാടിയ കാനകപ്പെണ്ണ് ചെമ്പരുത്തി. ``സാധാരണ പാട്ടെഴുത്തുകാരുടെ ശൈലിയിലല്ല കാവാലം എഴുതുക. ഒരു പ്രത്യേക താളമാണ് ആ പാട്ടുകള്‍ക്ക്. കാവാലത്തിന്റെ മനസ്സിലെ താളം എളുപ്പം തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു..'' രാധാകൃഷ്ണന് ഒരിക്കല്‍ പറഞ്ഞു. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ (രണ്ടു ജന്മം), മുക്കുറ്റി തിരുതാളി (ആരവം), പ്രേമയമുനാ (പൂരം), ചെമ്പഴുക്ക, ഹരിചന്ദന (കണ്ണെഴുതി പൊട്ടും തൊട്ടു) എന്നിവ ഈ സഖ്യത്തിന്റെ മികച്ച സിനിമാ ഗാനങ്ങള്‍. ഗിരീഷ് പുത്തഞ്ചേരിയും എം ജി രാധാകൃഷ്ണനും ഒരുമിച്ചപ്പോഴാണ് സൂര്യകിരീടം (ദേവാസുരം), നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ (അഗ്നിദേവന്), പൊന്നാര്യന്‍ പാടം (രക്തസാക്ഷികള്‍ സിന്ദാബാദ്), തിരനുരയും, ഇണക്കമാണോ (അനന്ത ഭദ്രം) , എന്തിത്ര വൈകി നീ (പകല്‍) തുടങ്ങിയ മനോഹരഗാനങ്ങള്‍ പിറന്നത് . ഓ എന്‍ വി (ജാലകത്തിലെ ഒരു ദലം മാത്രം, മിഥുനത്തിലെ അല്ലിമലര്‍ കാവില്‍, അയിത്തത്തിലെ ഒരു വാക്കില്‍), പൂവച്ചല്‍ ഖാദര്‍ (തകരയിലെ മൌനമേ, ചാമരത്തിലെ നാഥാ നീ വരും), ബിച്ചു തിരുമല (മണിച്ചിത്രത്താഴിലെ പഴംതമിഴ് പാട്ട് ), കൈതപ്രം ( അദ്വൈതത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട്), സത്യന് അന്തിക്കാട് (ഞാന്‍ എകനാണിലെ ഓ മൃദുലേ, രജനീ), രമേശന് നായര്‍ (രാക്കുയിലിന്‍ രാഗസദസ്സിലെ എത്ര പൂക്കാലം), തിരുനല്ലൂര്‍ (കാറ്റേ നീ വീശരുതിപ്പോള്‍), മധുസൂദനന് നായര്‍ (കുലത്തിലെ എന്തമ്മേ ചുണ്ടത്ത്), കണിയാപുരം രാമചന്ദ്രന് (യൌവനം ദാഹത്തിലെ അനുരാഗസുധയാല്‍)....എല്ലാ ഗാനരചയിതാക്കള്‍ക്കും അനശ്വരമായ ഈണങ്ങള്‍ സൃഷ്ടിച്ചു നല്കി രാധാകൃഷ്ണന്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നിലൂടെയുള്ള പതിവ് സായാഹ്നയാത്രക്കിടെ കാവാലം ആത്മഗതമെന്നോണം മൂളിയ ഒരു പല്ലവിയില്‍ നിന്നു നിമിഷങ്ങള്‍ക്കകം രാധാകൃഷ്ണന് സൃഷ്ടിച്ച ഈണമാണ് ഘനശ്യാമ സന്ധ്യാഹൃദയം എന്ന അവിസ്മരണീയ ലളിതഗാനമായത്-- യുവജനോത്സവ വേദികളില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഗാനം. ``വളരെ പെട്ടെന്നാവും പല പാട്ടുകളും പിറവി കൊള്ളുക . പലപ്പോഴും പല്ലവിയുടെ പ്ലാന്‍ എന്റെതാകും. ചരണത്തിന്റെത് രാധാകൃഷ്ണന്റെതും. ചിലപ്പോള്‍ ഞാന്‍ വരികള്‍ ഫോണില്‍ ചൊല്ലിക്കൊടുക്കും. ഒരു തവണ കേട്ടാല്‍ മതി; ഈണം രാധാകൃഷ്ണന്റെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടാകും..'' കാവാലത്തിന്റെ വാക്കുകള്‍. ``സമാന ഹൃദയഭാവങ്ങളുടെ അനുരണനമുണ്ട് ഞങ്ങളുടെ ഗാനസൃഷ്ടിയില്‍.''
കാവാലത്തിന് പുറമേ ഓ എന്‍ വിയും (ഓടക്കുഴലേ ), പി ഭാസ്കരനും (മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയീ) ബിച്ചുവും (ശാരദേന്ദു മയൂഖമാലകള്‍, അന്നത്തോണി പൂന്തോണി), കെ ജി സേതുനാഥും (വാതുക്കലെത്തുന്ന നേരം ചിരിക്കുന്ന ) പൂവച്ചലും (രാമായണക്കിളി , ജയദേവകവിയുടെ), മഹാദേവന് തമ്പിയും (ബ്രഹ്മകമല ദളങ്ങള്‍) മുതല്‍ ഭാര്യ പദ്മജ വരെ (ആകാശത്താരകള്‍ കണ്ണുകള്‍ ചിമ്മി) രാധാകൃഷ്ണന് വേണ്ടി ലളിതസുന്ദരഗാനങ്ങള്‍ എഴുതി. ആകാശവാണിയിലൂടെ ഒഴുകിവന്ന ആ ഗാനങ്ങള്‍ ജനപ്രീതിയില്‍ സിനിമാഗാനങ്ങളെ അതിശയിച്ചിരുന്നു ഒരു കാലത്ത്. മലയാളിയുടെ ലളിതസംഗീതാസ്വാദന സംസ്കാരം രൂപപ്പെടുത്തിയതില്‍ കെ രാഘവനും ദേവരാജനും ഒപ്പം രാധാകൃഷ്ണനും ഉണ്ട് നിര്‍ണായകമായ ഒരു പങ്ക്.
``ഔദ്യോഗികവൃത്തിയുടെ ഭാഗമായി പാട്ടുണ്ടാക്കേണ്ടി വരുമ്പോള്‍ പരിമിതികള്‍ പലതുണ്ടാകും ,'' രാധാകൃഷ്ണന് ഒരിക്കല്‍ പറഞ്ഞു. ``വ്യക്തിപരമായ വൈഷമ്യങ്ങള്‍ പോലും മറന്നു സംഗീതസൃഷ്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. എന്റെ ഭാര്യ അസുഖം ബാധിച്ചു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്നു. എനിക്കാണെങ്കില്‍ 24 മണിക്കൂറിനകം യേശുദാസിന് പാടാന്‍ ഒരു ലളിതഗാനം ഉണ്ടാക്കണം . ഭാര്യയെ ആശുപത്രിയില്‍ ചെന്ന് കണ്ട് ഹൃദയഭാരത്തോടെ തിരികെ വരും വഴി കാറിന്റെ സ്റ്റിയറിംഗില്‍ താളം പിടിച്ചു മനോഹരമായ ഒരു പ്രണയ ഗാനം ചിട്ടപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ. ആ മാനസികാവസ്ഥയില്‍ സൃഷ്ടിച്ചതാണ് പ്രാണസഖി നിന് മടിയില്‍ മയങ്ങും എന്ന ഗാനം....''
അവസാനമായി എം ജി രാധാകൃഷ്ണനെ കണ്ടത് ആഴ്ചകള്‍ മാത്രം മുന്‍പാണ്. കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ അദ്ദേഹം ഞങ്ങളെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ, ഒപ്പമുണ്ടായിരുന്ന ഗായകന് ജയചന്ദ്രന്റെ കരം ഗ്രഹിച്ച് പതുക്കെ മൂളി: ``ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ...'' അരികില്‍ ഇരുന്ന് ആ വരികള്‍ മുഴുമിക്കവേ ജയചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു; രാധാകൃഷ്ണന്റെയും. മാഞ്ഞുപോയ പഴയൊരു കാലം ഓര്‍ത്തുപോയിരിക്കാം അവര്‍.
Saturday, July 3, 2010
Subscribe to:
Post Comments (Atom)
5 comments:
ഇത് വായിച്ച് കണ്ണുനിറയാത്ത കഠിനഹൃദയർ ആരുണ്ട്. നന്ദി ശ്രീ. രവിമേനോൻ.
നല്ല ലേഖനം..തകരയിലെ കുടയോളം ഭൂമി അന്നു വരെ കേട്ട ഗാനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തം,,,
പിന്നെ പൂവച്ചലിന്റെ രാധാമാധവ സങ്കല്പത്തിന് എന്ന ലളിതഗാനവും ഓര്‍മ്മിക്കാം
മറ്റെങും കാണാനാകാത്ത പാട്ട് വിവരങള് കിട്ടണമെങ്കില്‍ താങ്കളെ വായിച്ചാല്‍ മതിയല്ലൊ..ഇവിടെയൊ/അച്ചടിയിലൊ
(ചില സംഗീത വിശേഷങള് കൂടി)
എം.ജി യുടെ വിയോഗത്തില്‍ ഉള്ള ദു:ഖം ഞാനും പങ്കു വെക്കട്ടെ...
valare hrudyamaya lekhanam...
radhakrishnan chettanu aadaraanjalikal
Post a Comment