Tuesday, June 15, 2010

താഴമ്പൂമണമുള്ള പാട്ടുകള്‍

മാതൃഭൂമി ജൂണ്‍ 15,2010

പാതിരാക്കാറ്റില്‍ ഒരു പുല്ലാങ്കുഴല്‍ പാടുന്നു--എ എം രാജയുടെ വിഷാദാര്ദ്രമായ ശബ്ദത്തില്‍ : കാറ്ററിയില്ല കടലറിയില്ല അലയും തിരയുടെ വേദന...

നൊമ്പരമുണര്‍ത്തുന്ന നാദം. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പാവം മനുഷ്യന്റെ വ്യഥകളും വിഹ്വലതകളും ഉണ്ടതില്‍. ഒരു പാട് അസ്വസ്ഥതകള്‍ ഉള്ളില്‍ ഒതുക്കി, പ്രശാന്തമായി ഒഴുകുന്ന നദിയെ ഓര്‍മ്മിപ്പിക്കുന്ന ആലാപനം. രാജയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം വയലാര്‍- ദേവരാജന്‍ ടീമിന് വേണ്ടി അദ്ദേഹം തന്നെ പാടി അനശ്വരമാക്കിയ പഴയൊരു പാട്ടിന്റെ ഈരടികളാണ് മനസ്സില്‍ വന്നു നിറയുക: `` തീര്‍ഥയാത്രകള്‍ പോയാലും, ചെന്ന് തീരങ്ങളോട് പറഞ്ഞാലും, കരുണയില്ലാത്തൊരീ ലോകത്തിലാരും തിരിഞ്ഞുനോക്കുകയില്ലല്ലോ...''. അറം പറ്റിയോ ആ വരികള്‍ക്ക്?

ജീവിതത്തെ പോലെ മരണവും ആ മഹാകലാകാരനോട്‌ കരുണ കാട്ടിയില്ല. ദാരുണമായിരുന്നു രാജയുടെ വിടവാങ്ങല്‍. കന്യാകുമാരി ജില്ലയിലെ കുറ്റാലുമൂട് ഭദ്രേശ്വരി അമ്മന്‍ കോവിലില്‍ ഗാനമേള നടത്താന്‍ സ്വന്തം ട്രൂപ്പിനോപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു രാജ. വഴിക്ക്, വണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോള്‍ ഒപ്പമുള്ള ഒരാളെ തിരഞ്ഞു അദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു. പരിഭ്രമത്തോടെ ഓടുന്ന വണ്ടിയില്‍ പിടിച്ചു കയറാനുള്ള ശ്രമത്തില്‍ കൈവഴുതി രാജ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിലൂടെ റെയില്‍പ്പാളത്തിലേക്ക്‌ ഊര്‍ന്നുവീഴുന്നു. ക്രൂരമായ അന്ത്യം.

തീവണ്ടിയുടെ കംപാര്ട്ട്മെന്റിനകത്ത് നിസ്സഹായരായി ആ ദുരന്തം കണ്ടു തരിച്ചിരുന്നവരില്‍ രാജയുടെ പ്രിയപത്നീയും ഉണ്ടായിരുന്നു-- തെന്നിന്ത്യയുടെ ഗാനകോകിലമായിരുന്ന ജിക്കി എന്ന പി ജി കൃഷ്ണവേണി. ജീവിതാന്ത്യം വരെ ആ ദൃശ്യം ജിക്കിയെ വേട്ടയാടിയിരിക്കണം. 1990 കളുടെ ഒടുവില്‍, ``ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദലഹരി'' എന്ന ദൂരദര്‍ശന്‍ സംഗീതപരമ്പരയ്ക്ക് വേണ്ടി ചെന്നൈയിലെ ഫ്ലാറ്റില്‍ വച്ച് നേരിട്ട് കണ്ടപ്പോള്‍, ഒന്ന് വാവിട്ടു കരയാന്‍ പോലും ആവാതെ നിശ്ചലയായി, നിര്‍വികാരയായി ഇരുന്നുപോയ ആ നിമിഷങ്ങള്‍ ജിക്കി വേദനയോടെ അയവിറക്കിയതോര്‍ക്കുന്നു.

1989 ഏപ്രില്‍ ഏഴിനായിരുന്നു തെന്നിന്ത്യന്‍ സംഗീതലോകത്തെ നടുക്കിയ ആ ദുരന്തം. അതിനു കഷ്ടിച്ച് 24 മണിക്കൂര്‍ മാത്രം മുന്‍പാണ് ഗായകന്‍ ഉദയഭാനുവിന് രാജയുടെ ഒരു കത്ത് കിട്ടുന്നത് . ``രണ്ടു ദിവസത്തിനകം ഞാന്‍ തിരുവനന്തപുരത്തെത്തും -- ദൂരദര്‍ശനിലും ആകാശവാണിയിലും ലളിതഗാനങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി. എത്രയോ കാലമായുള്ള ആഗ്രഹമാണ് . എല്ലാ സഹായവും വേണം. ബാക്കി കാര്യങ്ങള്‍ നേരിട്ട് കാണുമ്പോള്‍ ...'' വടിവൊത്ത കൈപ്പടയില്‍ ഇംഗ്ലീഷില്‍ എഴുതിയ ആ കത്ത് വര്‍ഷങ്ങളോളം സൂക്ഷിച്ചു വച്ചിരുന്നു ഉദയഭാനു.

പക്ഷെ, ആ ആഗ്രഹം നടന്നില്ല. `` കത്ത് കിട്ടിയതിന്റെ പിറ്റേന്ന് കാലത്ത് രാജയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. പൊതുവേ ആരോടും ഉള്ളു തുറന്നു സംസാരിക്കുന്ന ശീലമില്ലാത്ത രാജയുടെ അപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഞാന്‍.''-- ഉദയഭാനു പറയുന്നു.

രാജയെ ഉദയഭാനു ആദ്യം കാണുന്നത് 1960 ലാണ് . ഉദയായുടെ ഉമ്മ എന്ന പടത്തിന്റെ റെക്കോര്‍ഡിംഗ് വേളയില്‍. . ``സിനിമയില്‍ പാടാന്‍ വേണ്ടിയാണ് സംഗീത സംവിധായകന്‍ ബാബുരാജ് എന്നെ മദ്രാസിലേക്ക് കൂട്ടിക്കൊണ്ടു പോയത്. നാട്ടില്‍ വച്ചുതന്നെ ഉമ്മയിലെ പാട്ടുകള്‍ പാടി പഠിപ്പിച്ചിരുന്നു. പക്ഷെ മദ്രാസിലെത്തിയപ്പോള്‍ എല്ലാ പ്ലാനും തകിടം മറിഞ്ഞു. പാട്ടുകള്‍ എ എം രാജ പാടണം എന്ന് കുഞ്ചാക്കോ. ബാബുരാജ് ധര്‍മസങ്കടത്തിലായി. കുഞ്ചാക്കോയോട് ആരും മറുത്തു പറയുന്ന പതിവില്ല അന്ന് . മനസ്സില്ലാമനസ്സോടെ ബാബു വഴങ്ങുന്നു. പാടാന്‍ മോഹിച്ച രണ്ടു പാട്ടുകളും രാജയെ ഒടുവില്‍ ഞാന്‍ തന്നെ പാടി പഠിപ്പിക്കേണ്ടിവന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം --- പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക് , എന്‍ കണ്ണിന്റെ കടവിലടുത്താല്‍... ‍''

മറ്റാര്‍ക്കായിരുന്നെങ്കിലും കടുത്ത രോഷവും അസൂയയും തോന്നിയെക്കാവുന്ന സന്ദര്‍ഭം. പക്ഷെ, ഉദയഭാനുവും രാജയും മനസ്സുകൊണ്ട് അടുത്തത്‌ അതിനു ശേഷമാണ് . ``ചെന്നൈയില്‍ ചെല്ലുമ്പോഴെല്ലാം ഞാന്‍ രാജയുടെ വീട്ടില്‍ പോകും. മിതഭാഷിയാണ്. അപരിചിതരെ മാത്രമല്ല അടുപ്പമുള്ളവരെയും സംശയത്തോടെ വീക്ഷിക്കുന്ന പ്രകൃതം. എങ്കിലും ഉള്ളിന്റെയുള്ളില്‍ രാജ പാവമായിരുന്നു. സംഗീതം മാത്രം ശ്വസിച്ച മനുഷ്യന്‍..''

ഏകാന്തസുന്ദരമായ ഒരു ലോകം സ്വയം സൃഷ്ടിച്ച് അതിന്റെ അതിരുകള്‍ക്കുള്ളിലേക്ക് നിശബ്ദമായി ഉള്‍വലിയുമ്പോഴും, സ്വന്തം സംഗീതത്തിന്റെ ശക്തി തിരിച്ചറിഞ്ഞിരുന്നു രാജ. ഘണ്ടശാലയും ടി എം സൌന്ദരരാജനും പി ബി ശ്രീനിവാസും യേശുദാസും ഒക്കെ ജ്വലിച്ചു നിന്ന തെന്നിന്ത്യന്‍ സംഗീതലോകത്ത് തന്റേതായ മേല്‍വിലാസം ഉണ്ടാക്കാന്‍ രാജയ്ക്ക് കഴിഞ്ഞതും അതുകൊണ്ട് തന്നെ. തമിഴന് ആ ശബ്ദം ``തേന്‍നിലവാ''യിരുന്നു; ആത്മാവിലേക്ക് മധുകണമായി പെയ്തിറങ്ങുന്ന ആലാപനം. നമ്മള്‍ മലയാളികള്‍ ആ നാദത്തിലെ വിഷാദഭാവത്തെയാണ് കൂടുതല്‍ പ്രണയിച്ചതെന്നു തോന്നിയിട്ടുണ്ട്. മലയാളത്തില്‍ രാജ പാടിയ കാല്‍പനികഗാനങ്ങള്‍ക്ക് പോലും ഉണ്ടായിരുന്നില്ലേ മധുരമുള്ള ഒരു വിഷാദസ്പര്‍ശം? ദേവതാരു പൂത്ത നാളൊരു (മണവാട്ടി). കണ്മണി നീയെന്‍ കരം പിടിച്ചാല്‍ , കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തെ (കുപ്പിവള), കുങ്കുമച്ചാറുമണിഞ്ഞു പുലര്‍കാലമങ്ക (കിടപ്പാടം), കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ (വെളുത്ത കത്രീന ), അന്ന് നിന്നെ കണ്ടതില്‍ പിന്നെ (സുശീലയോടൊപ്പം ഉണ്ണിയാര്‍ച്ചയില്‍ ), ആകാശഗംഗയുടെ കരയില്‍ (ഓമനക്കുട്ടന്‍), മാനസേശ്വരീ മാപ്പ് തരൂ, താഴമ്പൂ മണമുള്ള (അടിമകള്‍), മയില്‍‌പ്പീലി കണ്ണ് കൊണ്ട് (കസവ് തട്ടം), ചന്ദ്രികയില്‍ അലിയുന്ന (ഭാര്യമാര്‍ സൂക്ഷിക്കുക), സ്നേഹത്തില്‍ വിരിയുന്ന പൂവേതു പൂവ് (ബല്ലാത്ത പഹയന്‍), പട്ടും വളയും പാദസരവും (അമ്മ എന്ന സ്ത്രീ).... അവസാനം പറഞ്ഞ പാട്ടിനു ഒരു പ്രത്യേകത കൂടിയുണ്ട്: എ എം രാജ സ്വയം ചിട്ടപ്പെടുത്തി പാടിയ പാട്ടാണത് .രാജയിലെ അസാമാന്യ പ്രതിഭാശാലിയായ സംഗീതസംവിധായകനെ തിരിച്ചറിയാന്‍, തമിഴില്‍ അദ്ദേഹം ഈണമിട്ട സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍ കേള്‍ക്കണം നാം. കല്യാണപ്പരിശ് , വിടിവള്ളി , തേന്‍നിലവ്, ആടിപ്പെരുക്ക് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍. ഹംസാനന്ദി രാഗത്തിന്റെ വശ്യത മുഴുവന്‍ ചാലിച്ചുചേര്‍ത്ത തേന്‍നിലവിലെ ``കാലൈയും നീയെ മാലൈയും നീയേ'' കേള്‍ക്കുമ്പോള്‍ രാജയിലെ സംഗീതശില്പിയെ മനസ്സുകൊണ്ട് പ്രണമിച്ചു പോകാറുണ്ട്, ഇന്നും.


പട്ടിന്റെ മിനുമിനുപ്പുള്ള ശബ്ദം
പാട്ടുകാരാകാന്‍ മോഹിച്ച് ഒടുവില്‍ സംഗീത സംവിധായകരായി തീര്‍ന്നവര്‍ നിരവധിയുണ്ട് നമ്മുടെ സിനിമാചരിത്രത്തില്‍ -- മദന്‍മോഹനും ബോംബെ രവിയും എം എസ് വിശ്വനാഥനും രവീന്ദ്രന്‍ മാസ്റ്ററും ഉള്‍പ്പെടെ. നേരെ മറിച്ചാണ് എ എം രാജയുടെ കഥ . കുട്ടിക്കാലത്തേ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതിലായിരുന്നു രാജയ്ക്ക് കമ്പം. പാടാന്‍ മറ്റാരെയും സൌകര്യത്തിനു ഒത്തുകിട്ടാത്തത് കൊണ്ട് മാത്രം ആ ഈണങ്ങള്‍ക്ക് സ്വന്തം ശബ്ദം നല്‍കി, രാജ. പാട്ട് കേട്ടവരുടെ മനസ്സില്‍ തങ്ങിയത് ലളിതസുന്ദരമായ ഈണങ്ങളെക്കാള്‍ , പട്ടുറുമാലിന്റെ മാര്‍ദവമുള്ള ആ ആലാപനസൌകുമാര്യമാണ്. ചെന്നൈ പച്ചൈപ്പാസ് കോളേജില്‍ നിന്ന് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുന്ദരനായ ചെറുപ്പക്കാരന് സിനിമയിലേക്ക് വഴി തുറന്നതും മിനുമിനുപ്പുള്ള ആ ശബ്ദം തന്നെ. സമകാലീനരായ മറ്റു പല ഗായകരെയും പോലെ ജന്മദേശമായ ആന്ധ്രപ്രദേശില്‍ നിന്ന് മദ്രാസില്‍ എത്തിപ്പെടുകയായിരുന്നു രാജ-- ഒരു നിയോഗം പോലെ. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലുള്ള രാമചന്ദ്രപുരത്താണ് ഏമല മന്മഥരാജു രാജയുടെ ജനനം . മൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട രാജ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം തമിഴ് നാട്ടിലേക്ക് താമസം മാറുന്നു -- ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പത്തെ കഥ.

രാജയിലെ സംഗീതവിദ്യാര്‍ഥിക്ക് വളക്കൂറുള്ള മണ്ണായിരുന്നു പഴയ മദ്രാസ്‌ നഗരം. കോളേജ് വിദ്യാഭ്യാസകാലത്ത്‌ കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലുമെന്ന പോലെ പിയാനോയിലും പ്രാവീണ്യം നേടിയ രാജ, എച്ച് എം വിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്ന കെ വി മഹാദേവന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. റെക്കോര്‍ഡ്‌ ആയി പുറത്തു വന്ന രാജയുടെ ആദ്യ രണ്ടു ഗാനങ്ങള്‍ക്കും പശ്ചാത്തലവാദ്യവിന്യാസം നിര്‍വഹിച്ചത് കെ വി എം ആണ്. രാജ സ്വയം ചിട്ടപ്പെടുത്തി പാടിയ ആ ലളിതഗാനങ്ങള്‍ റേഡിയോയില്‍ കേട്ട കല്‍ക്കി കൃഷ്ണമൂര്‍ത്തി പുതിയ പാട്ടുകാരന്റെ പേര് സുഹൃത്തായ ജെമിനി സ്റ്റുഡിയോ ഉടമ എസ് എസ് വാസന്റെ ശ്രദ്ധയില്‍ പെടുത്തുന്നു. ജെമിനിയുടെ അടുത്ത ചിത്രമായ `സംസാര'ത്തില്‍ പിന്നണി ഗായകനായി രാജ അരങ്ങേറുന്നത് അങ്ങനെയാണ് -1950ല്‍. തെലുങ്ക്‌ പതിപ്പില്‍ എസ് ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ ഘണ്ടശാല വെങ്കടേശ്വരറാവു പാടിയ ശീര്‍ഷക ഗാനം അങ്ങനെ സംസാരത്തിന്റെ തമിഴ് പതിപ്പില്‍ പുതിയ ഗായകന്റെ ശബ്ദത്തില്‍ അനശ്വരമാകുന്നു.

പ്രണയത്തിന്റെ സംഗീതം
``സംസാര''ത്തില്‍ ജിക്കിയുമുണ്ട് പാട്ടുകാരിയായി. പിന്നണിഗായിക എന്ന നിലയില്‍ ജിക്കി അന്നേ നാടൊട്ടുക്കും പ്രശസ്ത. കാണാനും സുന്ദരി. .``റെക്കോര്‍ഡിംഗ് റൂമിന്റെ ഒരു മൂലയില്‍ ഒതുങ്ങി നിന്ന പുതിയ പാട്ടുകാരനെ അധികമാരും ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടണമെന്ന ആഗ്രഹവും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്‌. വര്‍ത്തമാനം വളരെ കുറവ്. ചിരി അതിലും അപൂര്‍വ്വം,'' -- രാജയുമായുള്ള ആദ്യ സമാഗമം ജിക്കി ഓര്‍ത്തെടുത്തത്‌ അങ്ങനെയാണ്. ഔപചാരികമായ സംഭാഷണശകലങ്ങള്‍ക്കപ്പുറത്തേക്ക് ആ സൗഹൃദം വളരുമെന്ന് രാജ പ്രതീക്ഷിച്ചിരുന്നില്ല; ജിക്കിയും. ഗായകന്‍ എന്ന നിലയില്‍ രാജ പ്രശസ്തിയുടെ പടവുകള്‍ കയറി തുടങ്ങിയതോടെ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പതിവായി. സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലെക്കുള്ള തിരക്കിട്ട പ്രയാണങ്ങള്‍ക്കിടയില്‍ , സ്വയമറിയാതെ തന്നെ അവര്‍ക്കിടയില്‍ അനുരാഗം മൊട്ടിട്ടിരിക്കണം. നാല് വര്‍ഷത്തെ നിശബ്ദ പ്രണയം. മഹേശ്വരി (1954 ) എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റിഹേഴ്സലിനിടെ ആയിരുന്നു രാജയുടെ വിവാഹാഭ്യര്‍ത്ഥന. പാട്ടിന്റെ നൊട്ടേഷന്‍ ഷീറ്റില്‍ രാജ കുറിച്ച് തന്ന വാക്കുകള്‍ മരണം വരെ മറന്നില്ല ജിക്കി : ``ഉന്നൈയും ഉന്‍ പാട്ടൈയും റൊമ്പ പിടിച്ചിരിക്ക്. ഉന്നൈ കല്യാണം പണ്ണിക്കാ ആസൈപ്പെടറേന്‍. സമ്മതമാ..?'' സമ്മതം എന്ന് എഴുതിക്കൊടുക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ജിക്കിക്ക്. ആര്‍ഭാടപൂര്‍ണമായിരുന്നു വിവാഹം.

``സംഗീതമാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. വ്യക്തികള്‍ എന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാന്‍ രണ്ടു പേരും ശ്രമിക്കാതിരുന്നത് ഒരു പോരായ്മയായി പിന്നീട് തോന്നിയിട്ടുണ്ട്,'' ജിക്കിയുടെ വാക്കുകള്‍. ``രാജയ്ക്ക് സംഗീതം ആയിരുന്നു എല്ലാം. കുടുംബം പോലും അത് കഴിഞ്ഞേ വരൂ. സുഹൃത്തുക്കള്‍ വളരെ കുറവ്. നേരെ മറിച്ചായിരുന്നു എന്റെ കാര്യം‍. സൌഹൃദങ്ങള്‍ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ല എനിക്ക്. ഈ പൊരുത്തക്കേടുകള്‍ക്കിടയിലും ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. ഇടയ്ക്കുവച്ച് അദ്ദേഹം യാത്ര പറഞ്ഞു പിരിയും വരെ, നിരവധി വേദികളില്‍ ഒന്നിച്ചു പാടി..''

ജി രാമനാഥന്റെ ഈണത്തില്‍ രാജയും ജിക്കിയും (അഴക്‌ നിലവിന്‍ ഓര്‍മ്മയില്ലേ?) സുശീലയും പാടിയ മനോഹരഗാനങ്ങള്‍ ഉണ്ടായിരുന്നു `മഹേശ്വരി'യില്‍. ആ ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിനായി മദ്രാസില്‍ നിന്ന് സേലം മോഡേണ്‍ തീയേറ്ററിലെക്കുള്ള തീവണ്ടിയാത്രക്കിടെയാണ് , പില്‍ക്കാലത്ത് തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ സംവിധായകനായി ഉയര്‍ന്ന ശ്രീധറിനെ രാജ പരിചയപ്പെടുന്നത്. രാജയെ പോലെ സിനിമാസ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്ന തിരക്കിലായിരുന്നു ശ്രീധറും.
.
തീവണ്ടി യാത്രയില്‍ ``വീണുകിട്ടിയ'' സുഹൃത്തിന്റെ സംഗീതജ്ഞാനത്തില്‍ ആകൃഷ്ടനായ ശ്രീധര്‍ രാജയ്ക്ക് ഒരു വാഗ്ദാനം നല്‍കുന്നു: എന്നെങ്കിലും ഞാന്‍ ഒരു പടം സംവിധാനം ചെയ്യുകയാണെങ്കില്‍ സംഗീതസംവിധാനം നിര്‍വഹിക്കുക നീയായിരിക്കും . നാല് വര്ഷം കഴിഞ്ഞ്, ശ്രീധര്‍ വാക്ക് പാലിച്ചു-- തന്റെ ആദ്യ ചിത്രമായ കല്യാണപ്പരിശില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ രാജയെ ക്ഷണിച്ചുകൊണ്ട്.

അതിനും ഏറെക്കാലം മുന്‍പ് തന്നെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചതാണ് രാജയ്ക്ക്. എം ജി ആര്‍ നായകനായ ജെനോവ ആയിരുന്നു പടം. വര്ഷം 1952 . ജ്ഞാനമണി, കല്യാണം എന്നിവര്‍ക്കൊപ്പം പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ രാജയെ ക്ഷണിച്ചത് സാക്ഷാല്‍ എം ജി ആര്‍ തന്നെ. പക്ഷെ, സുഹൃത്തായ എം എസ്‌ വിശ്വനാഥനെ ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചു കൊണ്ട് പിന്‍വാങ്ങുകയായിരുന്നു രാജ. എം എസ്‌ വിയ്ക്ക് സംഗീതജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്‌ ആയി മാറി ജെനോവ.
വി ദക്ഷിണാമൂര്‍ത്തി , ജി രാമനാഥന്‍, എസ്‌ രാജേശ്വര റാവു, കെ വി മഹാദേവന്‍, ടി ആര്‍ പാപ്പ, സി എന്‍. പാണ്ഡുരംഗന്‍, വിശ്വനാഥന്‍--രാമമൂര്‍ത്തി, സുദര്‍ശനം, എസ്‌ വി വെങ്കടറാവു, ടി ചലപതിറാവു, ലിംഗപ്പ, ശങ്കര്‍ ഗണേഷ്, വേദ .. തമിഴില്‍ രാജയുടെ തേന്‍ കിനിയുന്ന ശബ്ദത്തില്‍ നിന്ന് ഹിറ്റുകള്‍ മെനഞ്ഞെടുത്ത സംഗീത സംവിധായകരുടെ നിര നീളുന്നു. അന്പേ വാ (അവന്‍), മയക്കും മാലൈ (ഗുലേബക്കാവലി), വാരായോ വെണ്ണിലാവെ , വൃന്ദാവനവും നന്ദകുമാരനും (മിസ്സിയമ്മ), തെന്‍ട്രല്‍ ഉറങ്കിയ പോതും (പെറ്റ്ര മകനെ വിറ്റ അന്നൈ), എന്തന്‍ കണ്ണില്‍ കലന്ത് (മല്ലികൈ ), ആടാത മനമും ആടുതെ, അരുകില്‍ വന്താല്‍ (കളത്തൂര്‍ കണ്ണമ്മ ), കലൈയെ എന്‍ വാഴ്കയില്‍ ( മീണ്ട സ്വര്‍ഗം), ഇദയ വാനിന്‍ ഉദയ നിലാവേ ( പാര്‍ഥിപന്‍ കനവ് ), സിര്‍പ്പി സെതുക്കാത (എതിര്‍പാരാതത് )..... ഒരു കാലഘട്ടത്തെ സുദീപ്തമാക്കിയ പാട്ടുകള്‍. സിര്പി സെതുക്കാത എന്ന ഗാനം ഇയ്യിടെ വീണ്ടും കേട്ടപ്പോള്‍ ഓര്മ വന്നത് തലത് മെഹ് മൂദിനെയാണ്. രാജയുടെ പ്രിയഗായകനായിരുന്നു തലത്.

തെലുങ്ക് ചിത്രമായ `ശോഭ'യിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എ എം രാജയുടെ അരങ്ങേറ്റം. അത് കഴിഞ്ഞു ശ്രിധരിന്റെ കല്യാണപ്പരിശ് . ഉന്നൈ കണ്ടു നാന്‍ ആടാ ‍, വാടിക്കൈ മറന്തതും ഏനോ, കാതലിലെ തോല്‍വിയുറ്റ്രാല്‍, ആസൈനാലേ മനം (രാജാ, സുശീല), തുള്ളാത മനമും തുള്ളും (ജിക്കി)....എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങള്‍. ജെമിനി ഗണേശന്റെ ശബ്ദമയി തമിഴകം രാജയെ അംഗീകരിച്ചു കഴിഞ്ഞിരുന്നു, അതിനകം. ``തുള്ളാത മനമും തുള്ളും'' സത്യത്തില്‍ ഇഷ്ടഗായികയായ പി സുശീലയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണ് രാജ. ശ്രീധറിന്റെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് ആ ഗാനം സ്വന്തം ഭാര്യയെക്കൊണ്ട് പാടിക്കാന്‍ രാജ തീരുമാനിച്ചത്. ``രാജയുടെ നിലപാടുകള്‍ പലതും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. തേന്‍ നിലവിന്റെ കമ്പോസിംഗ് വേളയില്‍, കണ്ണദാസന്‍ എഴുതിയ ഒരു പല്ലവി പൂര്‍ണമായും ഈണത്തിന്റെ സ്കെയിലില്‍ ഒതുങ്ങാതെ വന്നു. ഈണം ചെറുതായൊന്നു മാറ്റിയിരുന്നെങ്കില്‍ വരികള്‍ അതെ പോലെ നിലനിറുത്താന്‍ കഴിഞ്ഞേനെ. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലായിരുന്നു രാജ. ഒടുവില്‍ പല്ലവിയില്‍ മാറ്റം വരുത്താതെ ഗത്യന്തരമില്ലെന്നു വന്നു കണ്ണദാസന് .'' ശ്രീധര്‍ ഒരു പില്‍ക്കാല അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്തം ജോലിയോടുള്ള കറകളഞ്ഞ പ്രതിബദ്ധത തന്നെയാവണം രാജയുടെ ഈ കര്‍ശന നിലപാടുകള്‍ക്ക് പിന്നില്‍. തേന്‍നിലവിലെ പാട്ടുകള്‍ ഇന്നും നമ്മുടെ ഓര്‍മകളില്‍ സുഗന്ധം ചൊരിഞ്ഞു നില്‍ക്കുന്നതും അതുകൊണ്ട് തന്നെ. കാലൈയും നീയെ, ഓഹോ എന്തന്‍ ബേബി (രാജാ, ജാനകി), നിലവും മലരും, ചിന്ന ചിന്ന കണ്ണിലെ (രാജ, സുശീല) , പാട്ട് പാടവാ (രാജ), മലരേ മലരേ തെരിയാതെ (സുശീല)... രൂപത്തിലും ഭാവത്തിലും ആസ്വാദ്യതയിലും വൈവിധ്യം പുലര്‍ത്തുന്ന പാട്ടുകള്‍. പക്ഷെ തേന്‍നിലവിന് ശേഷം രാജയെ തന്റെ പടങ്ങളില്‍ സഹകരിപ്പിക്കാന്‍ ശ്രീധര്‍ തയ്യാറായില്ല എന്ന് കൂടി അറിയുക. രാജയുടെ പിടിവാശികള്‍ (തേന്‍നിലവിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കാതെ സ്ഥലം വിട്ട രാജയെ ഒടുവില്‍ സാക്ഷാല്‍ എം ജി ആര്‍ ഇടപെട്ടാണ് തിരിച്ചു കൊണ്ടുവന്നത് ) ശ്രീധറെ അത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഫലം: അടുത്ത ചിത്രമായ നെഞ്ചില്‍ ഒരു ആലയത്തില്‍ സംഗീതസംവിധായകനായി രാജയ്ക്ക് പകരം വിശ്വനാഥന്‍ - രാമമൂര്‍ത്തി വന്നു.

തിരിച്ചടികള്‍, പക്ഷെ രാജയെ തളര്‍ത്തിയില്ല. സിനിമയില്ലെങ്കിലും ജീവിക്കും എന്ന വാശിയോടെ ചെന്നൈ നഗരത്തില്‍ ടൂറിസ്റ്റ് ടാക്സി ബിസിനസ് തുടങ്ങി വച്ച അദ്ദേഹം, മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ സജീവമായതും ഇക്കാലത്ത് തന്നെ. സത്യനും പ്രേംനസീറും നാഗേശ്വരറാവുവും എന്‍ ടി രാമറാവുവും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍, രാജയുടെ പ്രണയ ഗാനങ്ങള്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കി.

മലയാളത്തില്‍
മലയാളത്തില്‍ 1952 ലായിരുന്നു രാജയുടെ അരങ്ങേറ്റം. വിശപ്പിന്റെ വിളി, അച്ഛന്‍ , ലോകനീതി എന്നിവ ആദ്യകാല ചിത്രങ്ങള്‍. പക്ഷെ പുതിയ ഗായകന്‍ മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമാകുന്നത് സ്നേഹസീമയിലും (ലീലയോടൊപ്പം കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍ ), കിടപ്പാടത്തിലും (കുങ്കുമച്ചാറുമണിഞ്ഞു) അഭയദേവ്-ദക്ഷിണാമൂര്‍ത്തി ടീം ഒരുക്കിയ പാട്ടുകളിലൂടെയാണ് . അറുപതുകളുടെ മദ്ധ്യം വരെ നീണ്ട ആ ജൈത്രയാത്രയില്‍ രാജയുടെ ശബ്ദത്തില്‍ നിന്ന് ഹിറ്റുകള്‍ സൃഷ്ടിക്കാത്ത സംഗീതസംവിധായകര്‍ കുറവ്. കൂടുതല്‍ വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ സമ്മാനിച്ചത്‌ ദേവരാജനായിരുന്നു: ഭാര്യയിലെ പെരിയാറെ, മനസ്സമ്മതം തന്നാട്ടെ,ഓമനക്കുട്ടനിലെ ആകാശ ഗംഗയുടെ, കടലമ്മയിലെ പാലാഴിക്കടവില്‍, മണവാട്ടിയിലെ ദേവതാരു പൂത്ത നാളൊരു, ജയിലിലെ കാറ്ററിയില്ല, അടിമകളിലെ താഴമ്പൂ മണമുള്ള, മാനസേശ്വരീ, ദാഹത്തിലെ ഏകാന്തകാമുകാ നിന്‍ വഴിത്താരയില്‍ , ഓടയില്‍നിന്നിലെ മാനത്തു ദൈവമില്ല, വെളുത്ത കത്രീനയിലെ കാട്ടുചെമ്പകം, കസവുതട്ടത്തിലെ മയില്‍‌പ്പീലി കണ്ണ് കൊണ്ട്, കളിത്തോഴനിലെ നന്ദനവനിയില്‍ എന്നീ പാട്ടുകള്‍ ഓര്‍ക്കുക. മിക്ക യുഗ്മഗാനങ്ങളിലും സുശീലയായിരുന്നു സഹഗായിക.

ബാബുരാജ്-എ എം രാജ സഖ്യത്തിന്റെ ഗാനങ്ങളില്‍ കണ്മണി നീയെന്‍, കാണാന്‍ പറ്റാത്ത (കുപ്പിവള), എന്‍ കണ്ണിന്റെ കടവിലടുത്താല്‍ , പാലാണ് തേനാണെന്‍ (ഉമ്മ), കിഴക്കേ മലയിലെ (ലോറാ നീ എവിടെ), ചന്ദനപ്പല്ലക്കില്‍ (പാലാട്ടു കോമന്‍) എന്നിവ അവിസ്മരണീയം. രാഘവന്‍ (ഉണ്ണിയാര്ച്ചയിലെ അന്ന് നിന്നെ കണ്ടതില്‍ പിന്നെ, റബേക്കയിലെ കിളിവാതിലില്‍ മുട്ടി വിളിച്ചത്, മാനത്തെ എഴുനില മാളികയില്‍ , നീലിസാലിയിലെ ദൈവത്തിന്‍ പുത്രന്‍ ജനിച്ചു, കൂടപ്പിറപ്പിലെ മാനസറാണി), ദക്ഷിണാമൂര്‍ത്തി (ഭാര്യമാര്‍ സൂക്ഷിക്കുകയിലെ ചന്ദ്രികയില്‍ അലിയുന്ന, ആത്മാര്പണത്തിലെ ആനന്ദവല്ലീ, ഇണപ്രാവുകളിലെ അക്കരയ്ക്കുണ്ടോ ), ജോബ്‌ (ബല്ലാത്ത പഹയനിലെ സ്നേഹത്തില്‍ വിടരുന്ന പൂവേതു പൂവ്) ആര്‍ കെ ശേഖര്‍ (ആയിഷയിലെ മുത്താണേ എന്റെ മുത്താണേ, പഴശിരാജയിലെ ചിറകറ്റു വീണൊരു) എന്നിവരും രാജയ്ക്ക് വേണ്ടി മറക്കാനാവാത്ത ഈണങ്ങള്‍ ഒരുക്കിയവരാണ്. ``മലയാള സിനിമയില്‍ മാത്രമേ അദേഹത്തിന് കുറച്ചെങ്കിലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുള്ളൂ. ദേവരാജന്‍ മാസ്റ്ററോട് വലിയ ബഹുമാനമായിരുന്നു. യേശുദാസിനോട് സഹോദര നിര്‍വിശേഷമായ വാത്സല്യവും. തന്റെ ഈണത്തില്‍ ദാസ്‌ ഒരു പാട്ട് പാടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം'' (ജിക്കിയുടെ അഭിമുഖത്തില്‍ നിന്ന്.). അമ്മ എന്നാ സ്ത്രീയിലെ മദ്യപാത്രം മധുര കാവ്യം എന്ന ഗാനം ആ സ്വപ്നത്തിന്റെ സാക്ഷാല്കാരമായിരുന്നു. ശാസ്ത്രീയസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഉള്ള അവഗാഹം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ പോന്ന ഗാനങ്ങള്‍ മലയാളത്തില്‍ ലഭിചില്ലല്ലോ എന്നൊരു ദുഖമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.

മറ്റു പല അന്യഭാഷാ ഗായകരെയും പോലെ ഉച്ചാരണ വൈകല്യം തന്നെയായിരുന്നു മലയാളത്തില്‍ രാജയുടെ മുഖ്യ പോരായ്മ. `മരക്കാന്‍ നിനക്ക് മടിയാണെങ്കില്‍' എന്നും തനീച്ചിരുന്നുരങ്ങുന്ന ചെരൂപ്പക്കാരി'' എന്നും പാടിയ രാജയെ എന്നിട്ടും മലയാളികള്‍ ഹൃദയപൂര്‍വം സ്വീകരിച്ചെങ്കില്‍ അതിനു പിന്നില്‍ കാല്പനികഭാവം തുളുമ്പുന്ന ആ ശബ്ദത്തോടുള്ള അനുരാഗം തന്നെയാവണം. ഒരു ഇടവേളയ്ക്കു ശേഷം `ലവ് മാരേജ്' (1975 ) എന്ന സിനിമയ്ക്ക് വേണ്ടി പാടിയ `പ്രസാദകുങ്കുമം ചാര്‍ത്തിയ ദേവി' ആണ് രാജയുടെ അവസാന മലയാള ഗാനം.

മങ്കൊമ്പ് എഴുതി ആഹ്വാന്‍ സെബാസ്ത്യന്‍ ഈണമിട്ട ലവ് മാരേജിലെ മറ്റു പാട്ടുകള്‍ എല്ലാം റെക്കോര്‍ഡ്‌ ആയി പുറത്തു വന്നെങ്കിലും രാജ പാടിയ പ്രസാദകുങ്കുമം സിനിമയിലേ ഉള്ളു. അത് കൊണ്ട് തന്നെ ആ ഗാനം കേട്ടവര്‍ പിന്‍തലമുറയില്‍ അപൂര്‍വ്വം. ``യഥാര്‍ഥത്തില്‍ സിനിമയിലെ ഏറ്റവും മികച്ച ഗാനം അതായിരുന്നു.,'' സെബാസ്ട്യന്‍ ഓര്‍ക്കുന്നു.`` യേശുദാസിനെ ഉദ്ദേശിച്ചു ചിട്ടപ്പെടുത്തിയ പാട്ടാണത്. ‌ പെട്ടെന്ന് ബോംബയിലേക്ക് പോകേണ്ടി വന്നതിനാല്‍ ദാസിനു റെക്കോര്‍ഡിങ്ങിനു വരാന്‍ പറ്റിയില്ല. പകരം ബ്രഹ്മാനന്ദന്റെ പേര് പൊന്തിവന്നെങ്കിലും നിര്‍മാതാവിന് താല്പര്യമില്ല. അദ്ദേഹം നിര്‍ദേശിച്ചത് എ എം രാജയുടെ പേരാണ്. എനിക്കും സന്തോഷമായി . കുട്ടിക്കാലം മുതലേ രാജയുടെ ആരാധകനാണ് ഞാന്‍. പക്ഷെ ചെന്നൈ എ വി എം സ്റ്റുഡിയോയില്‍ പാട്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍ എത്തിയ രാജ ഞങ്ങളുടെ മനസ്സിലെ ആ പഴയ ഭാവഗായകന്റെ നിഴല്‍ മാത്രമായിരുന്നു. വാര്‍ധക്യം അദ്ദേഹത്തിന്റെ രൂപത്തെ മാത്രമല്ല ആലാപനത്തെയും ബാധിച്ചിരുന്നു. ദീര്‍ഘനേരം എടുത്തു പാട്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍. ഒടുവില്‍ കേട്ട് നോക്കിയപ്പോള്‍ ഗുണം പോരെന്നു തോന്നി. അത് കൊണ്ടാണ് റെക്കോര്‍ഡ്‌ പുറത്തിറക്കേണ്ട എന്ന് തീരുമാനിച്ചത്. എങ്കിലും രാജയെ കൊണ്ട് എന്റെ ഒരു ഈണം പാടിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഇന്നുമുണ്ട് അഭിമാനം .''

അതിനും വര്‍ഷങ്ങള്‍ മുന്‍പ് തന്നെ സിനിമയുടെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും രാജ അകന്നു കഴിഞ്ഞിരുന്നു. സ്വയം തിരഞ്ഞെടുത്ത ഒരു അജ്ഞാതവാസം.
``സിനിമയുടെ വഴികളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നു അദേഹത്തിന് . പ്രധാന കാരണം സംശയം തന്നെ. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലും സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയ രാജ അവരുമായി കരുതിക്കൂട്ടി തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതും പതിവായി. ശ്രീധറിനേയും കെ വി മഹാദേവനെയും പോലുള്ള പഴയ അഭ്യുദയകാംക്ഷികള്‍ പോലും അദേഹത്തില്‍ നിന്ന് പതുക്കെ അകന്നു. രാജയാകട്ടെ, എല്ലാം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗം എന്നാണു വിശ്വസിച്ചത്. ഒരു ഘട്ടത്തില്‍ ഭാര്യ ജിക്കിയെ നിര്‍ബന്ധിച്ചു സിനിമയില്‍ നിന്ന് അകറ്റിനിറുത്തുക വരെ ചെയ്തു അദ്ദേഹം.' രാജയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഒരു ഗായകന്‍ ഓര്‍ക്കുന്നു. ``പാട്ടുകാരി എന്ന നിലയില്‍ ജിക്കിയുടെ പ്രതിഭ അംഗീകരിക്കാന്‍ രാജ വിമുഖനായിരുന്നു.''

ഏഴാം വയസ്സില്‍ പന്തല്ലമ്മ എന്ന തെലുങ്ക് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമയില്‍ അരങ്ങേറിയ ജിക്കി പാട്ടുകാരിയാകുന്നത് ജ്ഞാനസൌന്ദരി എന്നാ തമിഴ് ചിത്രത്തിലൂടെയാണ്. ജിക്കിയുടെ മികച്ച ഗാനങ്ങളില്‍ മയക്കുംമാലൈ (ഗുലെബക്കാവലി) , വാരായി വാരായി പോകുമിടം (മന്ത്രികുമാരി), ഓ ദേവദാസ് (ദേവദാസ്), ഊരെങ്ങും തേടിനാന്‍ (തേന്‍ നിലവ്), ഏര് പൂട്ടി പോവായി (കാലം മാറി പോച്ച്) എന്നിവയുണ്ട്. വഞ്ചിക്കോട്ടൈ വാലിബനില്‍ പി ലീലയോടൊപ്പം പാടിയ കണ്ണും കണ്ണും കലന്തു സൊന്തം കൊണ്ടാടുതേ (സംഗീതം സി രാമചന്ദ്ര), തെന്നിന്ത്യന്‍ സിനിമയിലെ ആദ്യ റോക്കന്‍റോള്‍ ഗാനമായി വിശേഷിപ്പിക്കപ്പെടുന്ന ഉത്തമപുത്രനിലെ യാരടീ നീ മോഹിനീ (സംഗീതം ജി രാമനാഥന്‍) എന്നിവ ജിക്കിയുടെ സര്‍വകാല ഹിറ്റുകളാണ്.

മലയാളത്തില്‍ സജീവസാന്നിധ്യമായിരുന്നില്ലെങ്കിലും പാടിയ പാട്ടുകളില്‍ എല്ലാമുണ്ടായിരുന്നു സവിശേഷമായ ആ ആലാപനമുദ്ര. . ``അവരുണരുന്നു''വിലെ കിഴക്ക് നിന്നൊരു പെണ്ണ് വന്നു (വയലാര്‍-ദക്ഷിണാമൂര്‍ത്തി ), ഉമ്മയിലെ കദളിവാഴക്കയ്യിലിരുന്നു, അപ്പം തിന്നാന്‍ (ഭാസ്കരന്‍-ബാബുരാജ്‌), കാട്ടുതുളസിയിലെ മഞ്ചാടിക്കിളിമൈന , നാലുമൊഴി കുരവയുമായി (വയലാര്‍-ബാബുരാജ്‌), പാലാട്ടുകോമനിലെ പൂവേ നല്ല പൂവേ (ശാന്ത പി നായര്‍ക്കൊപ്പം.. വയലാര്‍- ബാബുരാജ്‌), കടലമ്മയിലെ മുങ്ങി മുങ്ങി (ജാനകിയോടൊപ്പം.. വയലാര്‍-ദേവരാജന്‍), നാടോടികളിലെ കുങ്കുമത്തിന്‍ പൊട്ടു തൊട്ടു (വയലാര്‍- ദക്ഷിണാമൂര്‍ത്തി) റബേക്കയിലെ മാനത്തെ എഴുനില (രാജയോടൊപ്പം...വയലാര്‍ ‍-രാഘവന്‍) എന്നിവ ഓര്‍ക്കുക. ദേവരാജന്‍ മാസ്റ്റര്‍ക്ക് വേണ്ടി പാടിയ കല്യാണപ്പുടവ വേണം എന്ന നാടകഗാനവും പ്രശസ്തം.

അജ്ഞാതവാസം അവസാനിപ്പിച്ച്‌ സിനിമയില്‍ തിരിച്ചുവരാന്‍ രാജയെ പ്രേരിപ്പിച്ചവരില്‍ ഒരാള്‍ സംഗീത സംവിധായകന്‍ വി.കുമാര്‍ ആണ്. കുമാറിന്റെ ഈണത്തില്‍ രംഗരത്തിനം എന്നാ ചിത്രത്തില്‍ എല്‍ ആര്‍ ഈശ്വരിയോടൊപ്പം പാടിയ മുത്താരമേ ആയിരുന്നു തമിഴില്‍ രാജയുടെ രണ്ടാംവരവിനു തുടക്കമിട്ട ഗാനം. വീട്ടുമാപ്പിള (1973 ), എനക്കൊരു മകന്‍ പിറപ്പാന്‍ (1975 ) എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചെങ്കിലും, ഈണങ്ങളിലെ പഴയ ഇന്ദ്രജാലം അപ്രത്യക്ഷമായിരുന്നു. ജിക്കിയാണ് തിരിച്ചുവരവ് കൂടുതല്‍ ശ്രദ്ധേയമാക്കിയത് . എഴുപതുകളുടെ ഒടുവിലും 80 കളിലുമായി ഇളയരാജയ്ക്ക് വേണ്ടി ജിക്കി പാടിയ പാട്ടുകളില്‍ കാലത്തിനു തൊടാന്‍ പോലും ആകാത്ത ആ ശബ്ദസൌകുമാര്യം നിറഞ്ഞു നിന്നു : കാതലെന്നും കാവ്യം (വട്ടത്തുക്കുള്‍ സതുരം), നിനൈത്ത്‌ യാരോ നീ താനേ (പാട്ടുക്ക്‌ ഒരു തലൈവന്‍), രാത്തിരി പൂത്തത് (ദായം ഒന്ന്)..

ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം, പതുക്കെ സിനിമയില്‍ നിന്ന്‌ അകന്ന ജിക്കി ഗാനമേളകളില്‍ പാടുന്നതും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നതും ദുര്‍ല്ലഭമായി. ദുരിതമയമായിരുന്നു അവരുടെ അവസാനനാളുകള്‍. അര്‍ബുദരോഗ ബാധിതയായി ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് 2004 ആഗസ്റ്റ്‌ 16 നു അവര്‍ മരണത്തിനു കീഴടങ്ങുന്നത്. രാജ - ജിക്കി ദമ്പതികളുടെ ആറ് മക്കളില്‍ രണ്ടു പേര്‍ ഗാനമേളാവേദികളില്‍ സജീവമായിരുന്നു ഏറെക്കാലം. ഇപ്പോള്‍ അവരെ കുറിച്ചും കേള്‍ക്കാറില്ല.

രാജയും ജിക്കിയും ഇന്ന് നമ്മുടെ ഗൃഹാതുരസ്മരണകളുടെ ഭാഗം. താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രികളില്‍, ആ ശബ്ദങ്ങള്‍ നമ്മെ ഇന്നും വന്നു തഴുകുന്നു.

4 comments:

ജയിംസ് സണ്ണി പാറ്റൂർ said...

വിപ്രലംബശൃംഗാരത്തിന്‍റെ വശ്യത
യാര്‍ന്ന കിഴക്കെ മലയിലെ വെണ്ണി
ലാവൊരു കൃസ്ത്യാനിപ്പെണ്ണ് വിട്ടു
പോയി . രാജയുടെ പാട്ടു കേള്‍ക്കു
മ്പോള്‍ വാര്‍ മഴവില്ലിന്‍ വളകളണിഞ്ഞു
വസന്തമെന്തെന്നറിയും ഞാന്‍

Ravi Menon said...

nandi james. kizhakke malayile paraamarshichittundu...

Justin പെരേര said...

വളരെ ആഴത്തിലെ അറിവുകള്‍ പങ്കുവച്ചതിനു നന്ദി. വളരെ പ്രസക്തമായ ഒരു പോസ്റ്റ്‌.

veekevee said...

ee nalla lekhanathinu orupaad nanni raviyettaa