സെബാസ്ട്യന്‍ പോള്‍, പി ജെ ജോസഫ് , പന്തളം സുധാകരന്‍, മുനീര്‍...
സംഗീതസംവിധായകനും സൌണ്ട് എന്‍ജിനീയറുംപാട്ടുകാരും ഓര്‍ക്കസ്ട്രക്കാരും ഉള്‍പ്പെടെ സ്റ്റുഡിയോയിലെ സകലചരാചരങ്ങളും റെഡി. ഇനി വേണ്ടത് പാടാന്‍ ഒരു പാട്ടാണ്. പറഞ്ഞിട്ടെന്തു കാര്യം? പാട്ടെഴുതാമെന്ന് ഏറ്റിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പൊടി പോലുമില്ല.
സ്റ്റുഡിയോ കാലേക്കൂട്ടി ബുക്ക് ചെയ്തുപോയിരുന്നതിനാല്‍ റെക്കോര്‍ഡിംഗ് നീട്ടി വെക്കുന്ന പ്രശ്നമേയില്ല. കവിയെ കാത്തിരുന്നു മടുത്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ മനസ്സില്‍ പെട്ടെന്ന് ഒരാശയം മൊട്ടിടുന്നു. റെക്കോര്‍ഡിങ്ങിന്റെ ചുമതലയുമായി സ്റ്റുഡിയോയില്‍ ചുറ്റിപ്പറ്റി നിന്ന , നിര്‍മാതാവിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ചെറുപ്പക്കാരനെ കണ്സോളിലേക്ക് വിളിച്ചുവരുത്തി ജെറി പറഞ്ഞു: ``എന്താ ഒരു പാട്ട് എഴുതി നോക്കിക്കൂടെ?'' അഭിഭാഷകനായ യുവാവ് ഞെട്ടി. ആഴമുള്ള വായനയും പ്രസംഗവും പത്രപ്രവര്‍ത്തനവും അത്യാവശ്യം ഗദ്യരചനയും ഒക്കെ ഉണ്ടെങ്കിലും പദ്യത്തില്‍ അന്ന് വരെ കൈവച്ചിട്ടില്ല. തനിക്കു ഒരിക്കലും വഴങ്ങാത്ത ഇടപാടാണെന്നറിയാവുന്നത് കൊണ്ടാണ്. മാത്രമല്ല, ചുള്ളിക്കാട് എഴുതാനിരുന്ന പാട്ട് പകരം താന്‍ എഴുതുക എന്ന് പറഞ്ഞാല്‍ അത് അധികപ്രസംഗവുമല്ലേ ?
പക്ഷെ ജെറിയുണ്ടോ വഴങ്ങുന്നു? ഗത്യന്തരമില്ലാതെ കൊച്ചിക്കാരന്‍ വക്കീല്‍ ജീവിതത്തില്‍ ആദ്യമായി ഒരു ചലച്ചിത്രഗാനം എഴുതുന്നു: ``തല്ലം തല്ലം പാടിടാം, ഉല്ലാസപ്പൂ ചൂടിടാം..'' യൌവനത്തിന്റെ ഉത്സാഹവും ആഹ്ലാദ ത്തിമിര്‍പ്പും നിറഞ്ഞു നില്‍ക്കുന്ന , വളരെ ലളിതമായ ഒരു പാട്ട്. കൊച്ചിയിലെ സി എ സി സ്റ്റുഡിയോയില്‍ ഇരുന്നു ജെറി അമല്‍ദേവ് മൂളിക്കൊടുത്ത ഈണത്തിനൊത്തു വരികള്‍ കുറിച്ച ആ യുവാവിന്റെ പേര് സെബാസ്ട്യന്‍ പോള്‍. പില്‍ക്കാലത്ത് ലോക്സഭാംഗവും മാധ്യമ നിരൂപകനും വാഗ്മിയുമൊക്കെയായി പേരെടുത്ത അതേ ഡോ. സെബാസ്ട്യന്‍ പോള്‍ തന്നെ.
``അടുത്തിടെ ഫിലിം ചേംബറിന്റെ ഒരു സുവനീറില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം പാട്ടെഴുതിയവരുടെ പട്ടികയില്‍ മഹാകവി ജി ശങ്കരക്കുറുപ്പിനെ പോലുള്ള മഹാരഥന്‍മാര്‍ക്കൊപ്പം എന്റെ പേരും അടിച്ചു കണ്ടപ്പോള്‍, അറിയാതെ നെഞ്ചില്‍ കൈവച്ചുപോയി. ഗതികേട് കൊണ്ട് പാട്ടെഴുതിപ്പോയ ഞാന്‍ എവിടെ, കവിതയ്ക്ക് വേണ്ടി ജീവിച്ചു മരിച്ച മഹദ് വ്യക്തികളെവിടെ?'' സെബാസ്ട്യന്‍ പോള്‍ പൊട്ടിച്ചിരിക്കുന്നു.
മമ്മൂട്ടി നായകനായി അഭിനയിച്ച കാണാതായ പെണ്‍കുട്ടി (1985 ) എന്ന ചിത്രത്തില്‍ ഒരൊറ്റ പാട്ടേ ഉണ്ടായിരുന്നുള്ളൂ. സെബാസ്ട്യന്‍ പോള്‍ - ജെറി അമല്‍ദേവ് സഖ്യം സൃഷ്ടിച്ച ആ ഗാനത്തിന് ശബ്ദം പകര്‍ന്നത് കെ ബി സുജാത, പ്രീതി, എലിസബത്ത്, നദിന്‍, രേണുക, മോളി, സന്ധ്യ തുടങ്ങി യുവഗായികമാരുടെ ഒരു നിര. അക്കരെപോലുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ കെ എന്‍ ശശിധരന്‍ ആയിരുന്നു സംവിധായകന്‍. നിര്‍മാതാവ്, മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന കൊച്ചി സ്വദേശി സുരേഷ്. സുരേഷുമായുള്ള സൌഹൃദവും സംഗീത സംവിധായകന്‍ ജെറി അമല്‍ദേവുമായുള്ള അടുത്ത ബന്ധവുമാണ് കാണാതായ പെണ്‍കുട്ടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സെബാസ്ട്യന്‍ പോള്‍ പറയും. ജെറിയും പോളും സഹോദരീസഹോദരന്മാരുടെ മക്കള്‍.
ഗാനരചയിതാവ് എന്ന നിലയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അരങ്ങേറ്റ ചിത്രമാകേണ്ടതായിരുന്നു കാണാതായ പെണ്‍കുട്ടി. ``പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പാട്ട് എഴുതിക്കൊടുക്കാമെന്ന് ഏറ്റുപോയതാണ്. ധൈര്യമുണ്ടായിട്ടല്ല.'' ചുള്ളിക്കാട് പറയുന്നു. ``സമയമെത്തിയപ്പോള്‍ ഞാന്‍ മുങ്ങിക്കളഞ്ഞു . വേറെ വഴിയുണ്ടായിരുന്നില്ല. ഈണത്തിനു അനുസരിച്ച് പാട്ടെഴുതുക എന്ന ഇടപാടിനോട് ഇന്നും പൊരുത്തപ്പെടാന്‍ ആയിട്ടില്ല -- രണ്ടു മൂന്നു പടങ്ങളില്‍ ആ കൃത്യം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും.'' ശ്രുതിയിലാണ് ചുള്ളിക്കാട് ഗാനരചയിതാവായി അരങ്ങേറിയത് (സംഗീതം ജോണ്‍സണ്‍) . അത് കഴിഞ്ഞു പ്രദക്ഷിണം (രവീന്ദ്രന്‍), അബ്രഹാം ലിങ്കണ്‍ (ഔസേപ്പച്ചന്‍) എന്നീ ചിത്രങ്ങള്‍.
ചുള്ളിക്കാടിന്റെ അഭാവത്തില്‍ ഗാനരചയിതാവിന്റെ റോളും ഏറ്റെടുക്കേണ്ടി വന്ന സെബാസ്ട്യന്‍ പോള്‍ വിയര്‍ത്തുപോയത് സ്വാഭാവികം. ``എഴുതാന്‍ മടിച്ചു നിന്ന എനിക്ക് ധൈര്യം പകര്‍ന്നത് ജെറി ആണ്. ക്ലിപ്ത സമയത്തിനുള്ളില്‍ ഒരു പ്രത്യേക ഈണത്തിന് ഒപ്പിച്ചു പാട്ടെഴുതുക എന്നത് അത്ര ചെറിയ കാര്യമല്ലെന്ന് അന്ന് മനസ്സിലായി. കുറെ കുട്ടികള്‍ ബസ്സില്‍ വിനോദയാത്രക്ക് പോകുന്നു -- അതാണ് സിറ്റുവേഷന്‍. അവര്‍ക്ക് പാടാന്‍ ഒരു പാട്ട്. അത്രയേ വേണ്ടൂ. ചിക് ചിക് ചിക്കാഗോ എന്നൊരു അമേരിക്കന്‍ ഗാനം മാതൃകയായി അദ്ദേഹം എനിക്ക് കേള്‍പ്പിച്ചു തരിക കൂടി ചെയ്തു.''
രണ്ടും കല്പിച്ച് അങ്ങനെ സെബാസ്ട്യന്‍ പോള്‍ പാട്ടെഴുതാന്‍ ഇരിക്കുന്നു. അല്പം പ്രയാസപ്പെട്ടാണെങ്കിലും ഈണത്തിന്റെ സ്കെയിലില്‍ ഒതുങ്ങുന്ന വരികള്‍ എഴുതിക്കൊടുത്തപ്പോള്‍ ജെറിക്ക് സംതൃപ്തി. ``പല്ലവിയില്‍ പം പം പമ്പയില്‍ എന്നൊരു പ്രയോഗമുണ്ട്. ചിക് ചിക് ചിക്കാഗോ ഞാനൊന്ന് പ്രാദേശികവല്കരിച്ചു നോക്കിയതാണ്. ഭാഗ്യവശാല്‍, പാട്ട് സിനിമയില്‍ ചിത്രീകരിച്ചു കണ്ടപ്പോള്‍ അപാകതയൊന്നും തോന്നിയില്ല.''- സെബാസ്ട്യന്‍ പോള്‍ പറയുന്നു. ``എന്തായാലും അതിനു ശേഷം അതുപോലൊരു സാഹസത്തിനു മുതിര്‍ന്നിട്ടേയില്ല. പാട്ടെഴുത്ത് എന്റെ മേഖലയല്ലെന്ന് ഉത്തമബോധ്യം ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ നിങ്ങള്‍ പറയുമ്പോഴാണ് ആ വരികള്‍ പോലും ഞാന്‍ ഓര്‍ക്കുന്നത്.'' ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നു പഴയ ഗാനരചയിതാവ്: ``എങ്കിലും പുതിയ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, എന്റെ പാട്ടും അത്ര മോശമായിരുന്നില്ലല്ലോ എന്ന് തോന്നാറുണ്ട്. വരികളും വാക്കുകളും ഒന്നും പ്രസക്തമല്ലല്ലോ ഇന്ന് സിനിമാപ്പാട്ടില്‍. ശ്രദ്ധിച്ചു കേട്ടാല്‍ പോലും അവ വേര്‍തിരിച്ചെടുക്കാന്‍ കഴിയാറുമില്ല.'' സെബാസ്ട്യന്‍ പോളിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോണ്‍ ആദ്യമായി മുഖം കാട്ടിയ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കാണാതായ പെണ്‍കുട്ടിക്ക്.
മന്ത്രിയുടെ ഗാനം
ജെറി അമല്‍ദേവിന്റെ സംഗീതസൃഷ്ടിയില്‍ `രാഷ്ട്രീയ ഇടപെടല്‍'' നടാടെ ആയിരുന്നില്ല. തൊട്ടു തലേ വര്‍ഷമാണ് സംസ്ഥാനത്തെ ഒരു മന്ത്രി അദ്ദേഹത്തിന്റെ ഈണത്തില്‍ സിനിമയ്ക്ക് വേണ്ടി പാടിയത് -- റവന്യൂ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പി ജെ ജോസഫ്. ``ശബരിമല ദര്‍ശനം'' എന്ന ചിത്രത്തില്‍ ചുനക്കര രാമന്‍കുട്ടി എഴുതി ജെറി ഈണമിട്ടു ജോസഫ് പാടിയ പാട്ടിന്റെ പല്ലവി ഇങ്ങനെ:
``ഈ ശ്യാമസന്ധ്യ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി
ഹൃദന്തം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയേ ദേവതേ..''
തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയില്‍ വച്ചുള്ള റെക്കോര്‍ഡിംഗ് മറന്നിട്ടില്ല ജോസഫ്. ``കുറെയേറെ റിഹേഴസലുകള്‍ക്ക് ശേഷമാണ് പാടാനായി മൈക്കിനു മുന്നില്‍ നിന്നത്.
ഞാന്‍ ആഗ്രഹിച്ച പോലെ മെലഡിയുടെ സ്പര്‍ശമുള്ള ഗാനം .ആര്‍ദ്രത നിറഞ്ഞ വരികളും സംഗീതവും. പാട്ടിനോടും ഈണത്തിനോടും പരമാവധി നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.''
ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ പിന്നണിഗായകന്റെ വേഷമണിയാന്‍ ജോസഫ് തീരുമാനിച്ചതിനു പിന്നില്‍, പടത്തിന്റെ നിര്‍മാതാക്കളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധം മാത്രം. ``കുട്ടിക്കാലം മുതലേ സ്റ്റേജില്‍ സ്ഥിരമായി പാടിയിരുന്നു ഞാന്‍. തിരുവനന്തപുരത്ത് ടാഗോര്‍ തിയറ്ററിലോക്കെ പാടിയിട്ടുണ്ട്. അതു കൊണ്ട് തന്നെ റെക്കോര്‍ഡിംഗ് റൂമില്‍ നിന്നപ്പോള്‍ പരിഭ്രമമൊന്നും തോന്നിയില്ല.'' ജോസഫ് പറയുന്നു. യേശുദാസും ചിത്രയും പാടിയ വേറെയും പാട്ടുകളുണ്ട് ശബരിമല ദര്‍ശനത്തില്‍. നിര്‍ഭാഗ്യവശാല്‍, പടം വെളിച്ചം കണ്ടില്ല. റെക്കോര്‍ഡ് ചെയ്ത പാട്ടുകളില്‍ , ആകാശവാണിയിലൂടെ പ്രശസ്തി നേടിയത് യേശുദാസിന്റെ ശബരിമലയൊരു പൂങ്കാവനം എന്ന ഗാനം മാത്രം. തീവ്രവിഷാദസ്പര്‍ശം നല്‍കി ജോസഫ് ആലപിച്ച ``ഈ ശ്യാമസന്ധ്യ'' കേട്ടിട്ടുള്ള മലയാളികള്‍ ചുരുങ്ങും.
പില്‍ക്കാലത്തും സിനിമയില്‍ നിന്ന് പാടാനുള്ള ക്ഷണം ലഭിച്ചിരുന്നതായി ജോസഫ് പറയുന്നു. പക്ഷെ എല്ലാം നിരസിക്കേണ്ടി വന്നു. സമയക്കുറവു തന്നെ പ്രശ്നം. ഇന്നും ഇടക്കൊക്കെ വേദികളില്‍ ഗാനം ആലപിച്ചുകൊണ്ട് സംഗീതവുമായുള്ള തന്റെ ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നു, ഈ മുന്‍ മന്ത്രി. ചിത്ര, മഞ്ജരി തുടങ്ങി പ്രമുഖ ഗായികമാര്‍ക്കൊപ്പം സ്റ്റേജില്‍ യുഗ്മഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് അദ്ദേഹം.
പാടുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഒറ്റയ്ക്കല്ല ജോസഫ്. എം കെ മുനീര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം വിജയകുമാര്‍ ... ആ നിര നീളുന്നു. ആല്‍ബങ്ങള്‍ക്കു വേണ്ടി മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മുന്‍ മന്ത്രി മുനീര്‍ ഇടയ്ക്ക് സിനിമയിലും പാടി: ചെമ്പടയില്‍ മുസാഫിറിന്റെയും ( ജ്യോല്സ്നയോടൊപ്പം മുഹബത്തിന്‍ കടലേ), കെ കെ റോഡില്‍ എസ് പി വെങ്കിടെഷിന്റെയും (മഞ്ജരിയോടൊപ്പം താരങ്ങള്‍ തൂകും) ഈണത്തില്‍. ഗാനരചയിതാവിന്റെ വേഷവും തനിക്കു ഇണങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട് മുനീര്‍. സുരേഷ് മണിമല ഈണം പകര്‍ന്ന ഒരു പെരുന്നാള്‍ ഗാന കാസറ്റിലാണ് പാട്ടെഴുത്തുകാരനായി അരങ്ങേറ്റം. അത് കഴിഞ്ഞു ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ പ്രിയേ പ്രണയിനീ എന്ന ഗസല്‍ ആല്‍ബം. രണ്ടു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൂടി ഉണ്ടായിരുന്നു ആ ആല്‍ബത്തില്‍ മുനീറിനോപ്പം ഗാനരചയിതാക്കളായി - മന്ത്രി ബിനോയ് വിശ്വവും ടി എന്‍ പ്രതാപന്‍ എം എല്‍ എ യും. മൂവരും ഒപ്പം ഈസ്റ്റ് കോസ്റ്റ് വിജയനും എഴുതിയ പ്രണയ ഗീതങ്ങള്‍ ഈണമിട്ടു പാടിയത് ഉമ്പായി. മലയാളി റോക്ക് ബാന്‍ഡ് `അവിയലി'ലെ ലീഡ് ഡ്റമ്മര്‍ മിഥുന്‍ പുത്തന്‍വീട്ടിലിന്റെ പിതാവ് കൂടിയായ കടന്നപ്പള്ളി രാമചന്ദ്രനാണ് വേദികളിലും ടെലിവിഷന്‍ ഷോകളിലും പാടി ആസ്വാദകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മന്ത്രി . ഇവരില്‍ ആരെയെങ്കിലും സമീപഭാവിയില്‍ സിനിമയിലും കണ്ടുമുട്ടിയാല്‍ അത്ഭുതം വേണ്ട .
രാഷ്ട്രീയത്തില്‍ ചേക്കേറിയ സിനിമക്കാര്‍ നിരവധി. ഇന്നും തുടരുന്നു ആ പ്രവാഹം. അത്രയും വരില്ല സിനിമയുടെ ആകര്‍ഷണ വലയത്തില്‍ പെട്ട് പോകുന്ന രാഷ്ട്രീയക്കാരുടെ എണ്ണം. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമാപ്പാട്ടെഴുത്തും ഒരുമിച്ചു കൈകാര്യം ചെയ്തു രണ്ടു മേഖലകളിലും ശ്രധേയരാകാന്‍ കഴിഞ്ഞ ചിലരെങ്കിലും ഉണ്ട് -- പന്തളം സുധാകരനെയും കണിയാപുരം രാമചന്ദ്രനെയും പോലെ.
എന്റെ മൌനരാഗം
മുന്ഗാമികളെപ്പോലെ തിരക്കേറിയ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് സിനിമയില്‍ `വഴിതെറ്റി' വന്നുകയറിയതല്ല പന്തളം സുധാകരന്‍. മോഹിച്ചത് എഴുത്തുകാരനാകാനാണ്. വന്നുപെട്ടത് രാഷ്ട്രീയത്തിലും. കുറെ കവിതകള്‍ എഴുതി. അഞ്ചെട്ടു സിനിമകള്‍ക്ക് വേണ്ടി പാട്ടും. തിരക്ക് മൂലം കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞില്ല എന്നതിലേയുള്ളൂ ഈ മുന്‍മന്ത്രിക്ക് ദുഃഖം.എഴുതിയ പാട്ടുകളില്‍ ചിലതെങ്കിലും മലയാളികളുടെ ഹൃദയത്തിലുണ്ട്: കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ ``എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ '' പോലെ.
``ഈണത്തിന് അനുസരിച്ചാണ് ഭൂരിഭാഗം പാട്ടുകളും എഴുതിയിട്ടുള്ളതെങ്കിലും, അവയില്‍ എന്റെ ആത്മാംശമുണ്ട്. ദുരിതമയവും ഏകാന്തവുമായ ബാല്യമാണ്
എന്നെ സ്വപ്നജീവിയും കവിയുമാക്കി മാറ്റിയതെന്ന് തോന്നുന്നു. അച്ഛന്‍ പന്തളം എന്‍ എസ് എസ് കോളേജില്‍ പ്യൂണ്‍ ആയിരുന്നു. അമ്മ അവിടത്തെ ഒരു സാധാരണ ജീവനക്കാരിയും. വരുമാനം തുച്ഛമായിരുന്നിട്ടും അല്ലലൊന്നും അറിയിക്കാതെ മക്കളെ വളര്‍ത്താന്‍ ശ്രമിച്ചു അവര്‍. പുറത്തിറങ്ങാതെ പോയ ഒരു ചിത്രത്തിന് വേണ്ടി പില്‍ക്കാലത്ത് കെ ജെ ജോയിയുടെ ഈണത്തിനൊത്ത് ``അമ്മയ്ക്ക് കിന്നാരച്ചെപ്പു തുറക്കുന്ന പൊന്‍തിങ്കള്‍മുത്തേ മിഴിമുത്തേ , ആയിരം വസന്തം കണിയായാലും അമ്മയ്ക്ക് അമൃതം നീയല്ലോ'' എന്നീ വരികള്‍ കുറിക്കുമ്പോള്‍, സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ അമ്മയുടെ മുഖമായിരുന്നു എന്റെ മനസ്സില്‍. എന്റെ ഉള്ളിലിരുന്നു ആ വരികള്‍ എഴുതിച്ചത് അമ്മ തന്നെയല്ലേ എന്ന് തോന്നിയിട്ടുണ്ട്,'' സുധാകരന്‍ ഒരു നിമിഷം മൌനിയാകുന്നു.
പന്തളം കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദത്തിനു പഠിക്കുമ്പോഴേ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതും സുധാകരന്‍. ``അന്നൊന്നും എന്റെ ഉള്ളില്‍ ഒരു രാഷ്ട്രീയക്കാരന്‍ ഇല്ല. സാഹിത്യമാണ് പ്രിയ വിഷയം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയാണ് എന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. ഈ രംഗത്ത് നിലനില്‍ക്കാന്‍ പ്രചോദനമായത് കെ കരുണാകരനുമായുള്ള കൂടിക്കാഴ്ചയും. കെ എസ് യു സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്, എം എല്‍ എ, മന്ത്രി...അങ്ങനെ പല പദവികളും വഹിച്ചു. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും, കവിതയോടും പാട്ടിനോടുമുള്ള പ്രണയം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.''
എണ്പതുകളുടെ തുടക്കത്തില്‍ നിയമസഭാംഗമായി തിരുവനന്തപുരത്തെത്തിയ നാട്ടിന്പുറത്തുകാരനെ കാത്തിരുന്നത് , സഹൃദയരുടെ ഒരു കൂട്ടായ്മയാണ്. പ്രശസ്തരും, പ്രശസ്തിയുടെ പടവുകള്‍ കയറിത്തുടങ്ങിയവരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍ -- പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, ലെനിന്‍ രാജേന്ദ്രന്‍, എം ജി ശ്രീകുമാര്‍, പെരുമ്പടവം ശ്രീധരന്‍, എം കെ മാധവന്‍ നായര്‍... അങ്ങനെ പലരും. ``എം എല്‍ എ ഹോസ്റ്റലിലെ എന്റെ മുറി അന്ന് സിനിമാക്കാരുടെ താവളമാണ്. പ്രേംനസീര്‍, കെ എസ് സേതുമാധവന്‍, എ വിന്സന്റ് തുടങ്ങിയവരൊക്കെ സ്ഥിരക്കാര്‍. എങ്കിലും സിനിമയുമായി ബന്ധപ്പെട്ടു മറ്റു സ്വപ്‌നങ്ങള്‍ ഒന്നുമില്ല. യാദൃച്ചികമായാണ് പാട്ടെഴുതാന്‍ ക്ഷണം വരുന്നത്.''
പ്രിയദര്‍ശന്‍ ``മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു'' (1986 ) എന്ന പടം ചെയ്യാന്‍ ഒരുങ്ങുന്ന സമയം. ഞങ്ങളുടെ സുഹൃദ് വലയത്തിലെ സജീവാംഗമായിരുന്ന കേരളദേശം പത്രമുടമ ഇടപ്പഴഞ്ഞി വേലപ്പനാണ് നിര്‍മാതാവ്. നായകന്‍ മോഹന്‍ലാല്‍ . ലാല്‍ ലൈംലൈറ്റിലേക്ക് വന്നു തുടങ്ങിയിട്ടേയുള്ളൂ. ഒരു ദിവസം പ്രിയന്‍ വിളിച്ചു പറയുന്നു-- എന്റെ പുതിയ പടത്തില്‍ പാട്ടെഴുതുന്നത് പന്തളം ആണ്.
``എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു.ഈണത്തിനൊത്തു പാട്ടെഴുതി ശീലമില്ല എന്ന് പറഞ്ഞു നോക്കി. പ്രിയനുണ്ടോ വിടുന്നു. ശ്രമിച്ചാല്‍ നിങ്ങള്‍ക്കത് എളുപ്പം വഴങ്ങും എന്നായി അദ്ദേഹം. ശ്രീക്കുട്ടനും അക്കാര്യത്തില്‍ സംശയമില്ലായിരുന്നു. അങ്ങനെയാണ് പാട്ടെഴുതാന്‍ ചെന്നൈയിലേക്ക് തിരിച്ചത്. അവിടെ പാംഗ്രൂവ് ഹോട്ടലില്‍ ഒരൊറ്റ മുറിയിലാണ് ഞങ്ങളുടെ താമസം. പ്രിയന്‍, സുരേഷ് കുമാര്‍, ശ്രീക്കുട്ടന്‍ എല്ലാവരുമുണ്ട്. കളിയും ചിരിയും ആഘോഷവും ചുറ്റും പൊടിപൊടിക്കുമ്പോഴും പാട്ടെഴുതാന്‍ കഴിയുമോ എന്ന ആശങ്കയായിരുന്നു എന്റെ ഉള്ളു നിറയെ.''
കെ ജെ ജോയ് ആണ് സംഗീത സംവിധായകന്‍. പിറ്റേന്ന് കാലത്ത് ട്യൂണ്‍ കേള്‍ക്കാനായി ശ്രീകുമാറിനൊപ്പം പന്തളം സുധാകരന്‍ ജോയിയുടെ വീട്ടില്‍ ചെല്ലുന്നു. എക്കോഡിയന്‍ വായിച്ചാണ് ജോയ് ഈണമിടുക. ആദ്യം മൂളിത്തന്ന ട്യൂണ്‍ കേട്ട നിമിഷം തന്നെ, എങ്ങുനിന്നോ മനസ്സില്‍ അതിനൊത്ത വരികള്‍ വന്നു നിറഞ്ഞു: ``ധനുമാസക്കുളിരല ചൂടി, ഋതുഗാന പല്ലവി പാടി....'' തൊട്ടു പിന്നാലെ തുമ്പിമഞ്ചലേറി വാ എന്ന ഗാനം. ``ജോയിയും പ്രിയനും ഗാനങ്ങള്‍ ഓക്കേ ചെയ്തെങ്കിലും എനിക്ക് എന്തോ ഒരു തൃപ്തിയില്ലായ്മ. മുറിയില്‍ വന്ന ശേഷം രാത്രി ഞാന്‍ ആ പാട്ടുകള്‍ ശ്രീക്കുട്ടനെ കൊണ്ട് പാടിച്ചു നോക്കും. കുഴപ്പമുണ്ടെന്നു തോന്നുന്ന ഭാഗങ്ങളില്‍ ശ്രീക്കുട്ടന്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കും. ഞാന്‍ സ്വീകരിക്കുകയും ചെയ്യും. അങ്ങനെയാണ് എന്റെ ആദ്യ സിനിമാ ഗാനങ്ങളുടെ പിറവി''-- പന്തളം സുധാകരന്‍ ഓര്‍ക്കുന്നു.
ചെന്നൈയില്‍ ജോയിയുടെ റെക്കോര്‍ഡിംഗ് തിയറ്ററില്‍ വെച്ചാണ് പാട്ടുകള്‍ ആലേഖനം ചെയ്യപ്പെട്ടത്. `` രണ്ടു പാട്ടും ശ്രീക്കുട്ടന്‍ പാടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ യേശുദാസോ ജയചന്ദ്രനോ ഒരു പാട്ട് പാടണമെന്ന് കാസറ്റ് കമ്പനികാര്‍ക്ക് നിര്‍ബന്ധം. തരംഗിണിക്ക് വേണ്ടി മാത്രമേ യേശുദാസ് പാടൂ. അപ്പോള്‍ പിന്നെ ജയചന്ദ്രനെ കൊണ്ട് പാടിക്കുകയെ വഴിയുള്ളൂ. അങ്ങനെയാണ് ധനുമാസക്കുളിരല എന്ന ഗാനം ചിത്രയുടെയും ജയചന്ദ്രന്റെയും ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യുന്നത്. മറ്റേ പാട്ട് ശ്രീക്കുട്ടനും ലതികയും പാടി.''
ആദ്യമായി സിനിമക്ക് വേണ്ടി എഴുതിയ പാട്ടിന്റെ ചിത്രീകരണം കാണാന്‍ എഴുത്തുകാരന് ആകാംക്ഷയുണ്ടാകുക സ്വാഭാവികം. പക്ഷെ, തിയറ്ററില്‍ ചെന്ന് നേരിട്ട് സിനിമ കാണാന്‍ ധൈര്യം പോര സുധാകരന്. ``പ്രധാന തിയറ്ററുകളിലൊക്കെ കളിച്ചു പോയ ശേഷം, പന്തളത്തെ അശ്വതി തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് ഞാന്‍ പടം കണ്ടത്. അപ്പോഴേക്കും റിലീസായി മൂന്നു നാല് മാസം കഴിഞ്ഞിരുന്നു. നെഞ്ചിടിപ്പോടെ ഒരു രാത്രി സെക്കന്റ് ഷോയ്ക്ക് കയറിയത് ഓര്‍മ്മയുണ്ട്. ടൈറ്റിലില്‍ പേര് കണ്ടപ്പോള്‍ സന്തോഷം തോന്നി. എങ്കിലും ടെന്ഷനോടെയാണ് ആ പടം കണ്ടു തീര്‍ത്തത്. ഇന്നും ആ പാട്ടുകള്‍ എഴുതിയത് ഞാനാണെന്ന് പലര്‍ക്കും അറിയില്ല.''
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിനു ശേഷം പലരും പാട്ടെഴുതാന്‍ വിളിച്ചു. ഓ എസ് ഗിരീഷ് സംവിധാനം ചെയ്ത കട്ടുറുമ്പിനും കാതുകുത്ത് ആയിരുന്നു രണ്ടാമത്തെ പടം. കണ്ണൂര്‍ രാജന്റെ സംഗീതം. ഈ പടത്തിലാണ് യേശുദാസ് ആദ്യമായി പന്തളം സുധാകരന്റെ രചനയില്‍ പാടിയത്-- അമൃതം ചൊരിയും എന്ന ഗാനം. ഗിരീഷിന്റെ തന്നെ കാര്യം കാണാന്‍ ഒരു കള്ളച്ചിരി എന്ന ചിത്രത്തിനും പാട്ടെഴുതി. എ ടി ഉമ്മറിന്റെ ഈണത്തില്‍, ഈ പടത്തില്‍ യേശുദാസ് പാടിയ `യാമങ്ങള്‍ ചിലങ്ക കെട്ടി സ്വപ്‌നങ്ങള്‍ ഉടുത്തൊരുങ്ങി' സുധാകരന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളില്‍ ഒന്നാണ്.
സഖാവ് എന്ന ചിത്രത്തില്‍ സുധാകരന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് വി ഡി രാജപ്പന്‍. ഈ പടത്തില്‍ രക്തംചിന്തി എന്ന ഗാനം പാടിയ മധു ഭാസ്കര്‍ എന്ന യുവഗായകനാണ് പില്‍ക്കാലത്ത് ഫിംഗര്‍ടിപ്സ് എന്ന പേരില്‍ പ്രശസ്തമായ ടെലിഫോണിക് ഇന്‍ഫര്‍മേഷന്‍ സെന്ററിനു രൂപം നല്‍കിയത്. കൊട്ടും കുരവയും (സംഗീതം: രഘുകുമാര്‍), പാളയം (ശ്യാം) എന്നീ ചിത്രങ്ങളുടെയും ഗാനരചന സുധാകരന്റെത് തന്നെ. താളവട്ടത്തില്‍ എല്ലാ പാട്ടുകളും പ്രിയ സുഹൃത്ത് സുധാകരന്‍ എഴുതണം എന്നായിരുന്നു പ്രിയദര്‍ശന്റെ ആഗ്രഹം. `` നിയമസഭ നടക്കുന്ന കാലമായിരുന്നതിനാല്‍ ചെന്നൈയില്‍ ചെന്ന് പാട്ടെഴുതാന്‍ നിവൃത്തിയില്ലെന്ന കാര്യം ഞാന്‍ പ്രിയനെ അറിയിച്ചു. എങ്കില്‍ പിന്നെ ഒരു പാട്ടെങ്കിലും എഴുതി തരണമെന്നായി പ്രിയന്‍. അങ്ങനെ എഴുതിയതാണ് യേശുദാസും ചിത്രയും പാടിയ കൊഞ്ചും നിന്‍ ഇമ്പം എന്ന ഗാനം.'' രഘുകുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച താളവട്ടത്തിലെ മറ്റു പാട്ടുകള്‍ രചിച്ചത് പൂവച്ചല്‍ ഖാദര്‍.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷംഎഴുതിയ പാട്ടാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തില്‍ ബേണി ഇഗ്നേഷ്യസ് ഈണമിട്ട എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ (യേശുദാസ്, ചിത്ര). ചിരകാല സുഹൃത്തായ സംവിധായകന്‍ രാജസേനന്റെ നിര്‍ബന്ധമായിരുന്നു ആ തിരിച്ചു വരവിനു പിന്നില്‍. പക്ഷെ പാട്ടെഴുതിയത് മുന്‍ മന്ത്രി ആണെന്നറിയുന്നവര്‍ ചുരുങ്ങും.
ദേവരാജന്റെ ഈണത്തില്‍
സിനിമാ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവം എന്തെന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല സുധാകരന്. സംഗീതസംവിധായകരുടെ കുലപതി ആയ ദേവരാജന്‍ മാഷിനോപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ. ``ആകാശത്തിനു കീഴെ എന്ന പടത്തിന് വേണ്ടിയാണ് ആദ്യമായും അവസാനമായും ഞങ്ങള്‍ ഒന്നിച്ചത്. ദേവരാജന്‍ മാഷ് അസുഖം ഭേദപ്പെട്ടു വീണ്ടും സിനിമയില്‍ സജീവമായിത്തുടങ്ങിയ കാലം. ഈണം ആദ്യമിട്ടു പാട്ടെഴുതിക്കുകയല്ല, കവിതയില്‍ അന്തര്‍ലീനമായ ഈണം കണ്ടെത്തുകയാണ് മാഷിന്റെ ശൈലി. മാഷിന്റെ നിര്‍ദേശം അനുസരിച്ച് , പടത്തിലെ സന്ദര്‍ഭങ്ങള്‍ മനസ്സില്‍ കണ്ട് കുറിച്ച പാട്ടുകളുമായി ഞാന്‍ കരമനയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുന്നു. ഉള്ളില്‍ ചെറിയൊരു ഭയമുണ്ട്. കര്‍ക്കശക്കാരനായ മാഷുമായി ഒത്തുപോകുക എളുപ്പമല്ല എന്നാണു കേട്ടിരുന്നത്. എന്നാല്‍ വളരെയേറെ വാത്സല്യത്തോടെ ആണ് അദ്ദേഹം എന്നോട് പെരുമാറിയത്. എഴുതിക്കൊടുത്ത പാട്ടുകള്‍ അദ്ദേഹം സശ്രദ്ധം വായിച്ചു. പിന്നെ ചില നിര്‍ദേശങ്ങള്‍ തന്നു. ഭാഷയിലും സംഗീതത്തിലുമുള്ള അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യം വെളിപ്പെടുത്തുന്നതായിരുന്നു ആ നിര്‍ദേശങ്ങള്‍. '' കോദണ്ഡപാണി തിയേറ്ററില്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കണ്‍സോളില്‍ ദേവരാജന്‍ മാസ്ടര്‍ക്കൊപ്പം ഇരിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായി കരുതുന്നു സുധാകരന്‍.
ചെറിയൊരു `സൌന്ദര്യപ്പിണക്കം' മൂലമുണ്ടായ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം എസ് ജാനകി ദേവരാജസംഗീതത്തില്‍ വീണ്ടും പാടി എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു ആകാശത്തിനു കീഴെ എന്ന പടത്തിന്. കുമ്മാട്ടിപാട്ടിന്റെ താളത്തില്‍ എന്ന ഗാനമാണ് ജാനകിയുടെ സ്വരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. കാല്‍ നൂറ്റാണ്ടിലേറെ കാലം മുന്‍പ് പുറത്തുവന്ന നിശാഗന്ധിക്ക് ശേഷം ആദ്യമായി മാസ്റ്ററുടെ ഈണത്തില്‍ പാടുകയായിരുന്നു ജാനകി. സിനിമയിലെ മറ്റൊരു ഗാനം യേശുദാസും മാധുരിയും ചേര്‍ന്ന് പാടി: മുകിലിന്റെ പൊന്‍തേരില്‍. പടം പുറത്തു വന്നിരുന്നെങ്കില്‍ പാട്ടുകള്‍ രണ്ടും ശ്രദ്ധിക്കപ്പെട്ടേനെ എന്ന കാര്യത്തില്‍ സംശയമില്ല അവയുടെ രചയിതാവിന്.
എന്തുകൊണ്ട് സിനിമയില്‍ സജീവമായില്ല എന്ന ചോദ്യത്തിന് അര്‍ത്ഥ ഗര്‍ഭമായ ഒരു പുഞ്ചിരിയാണ് മറുപടി. ``ഔദ്യോഗികമായ തിരക്കുകള്‍ ഒരു വശത്ത്. പിന്നെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പും. പ്രോല്സാഹിപ്പിച്ചവര്‍ പലരുണ്ട് -- കെ കരുണാകരനെയും എ കെ ആന്റണിയെയും ചെറിയാന്‍ ഫിലിപ്പിനെയും പോലെ. രാഷ്ട്രീയവും സര്‍ഗസൃഷ്ടിയും ഒരുമിച്ചു കൊണ്ടുപോകണം എന്ന് ഉപദേശിച്ചയാളാണ് ലീഡര്‍. എതിര്‍ത്തവര്‍ ഏറെയും ഇടത്തരം നേതാക്കളായിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അവരുടെ എതിര്‍പ്പ് ശുദ്ധമായ അസൂയയില്‍ നിന്ന് ഉടലെടുത്തതായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇടയ്ക്കിടെ സിനിമാ വാരികകളിലും മറ്റും വാര്‍ത്തയും പടവും അടിച്ചുവരുന്നതും രസകരമായ ഗോസിപ്പുകളില്‍ ഞാന്‍ കഥാപാത്രമാകുന്നതും അവര്‍ക്കെങ്ങനെ സഹിക്കാനാകും? പന്തളത്തിന് പാര്‍ട്ടിയേക്കാള്‍ വലുത് പാട്ടാണെന്ന് വരെ പറഞ്ഞു നടന്നു അവര്‍.''
മറ്റു പല രാഷ്ട്രീയക്കാര്‍ക്കും ലഭിക്കാത്ത സൌഭാഗ്യങ്ങള്‍ സിനിമയുമായുള്ള ബന്ധം തനിക്കു നല്‍കിയിട്ടുണ്ടെന്ന് പറയും സുധാകരന്‍. അവയിലൊന്ന് കുട്ടിക്കാലം മുതലേ ആരാധിച്ചു പോന്നിരുന്ന പ്രേംനസീറുമായുള്ള സൌഹൃദമാണ്. ``നസീര്‍ സാറുമൊത്തുള്ള ഒരു കാര്‍ യാത്ര മറക്കാനാവില്ല. ഡ്രൈവറുടെ സീറ്റില്‍ ഞാന്‍. തൊട്ടടുത്തു അദ്ദേഹം. സ്ടീരിയോയിലൂടെ നദിയിലെ പ്രശസ്ത ഗാനങ്ങള്‍ ഒഴുകുന്നു. ആയിരം പാദസരങ്ങള്‍, കായാമ്പൂ....നസീര്‍ സാര്‍ അഭിനയിച്ചു അനശ്വരമാക്കിയ ഗാനങ്ങള്‍. യേശുദാസിന്റെ ശബ്ദത്തിനൊപ്പം നസീര്‍ സാര്‍ പാട്ടുകള്‍ മൂളുന്നു. കുട്ടിക്കാലത്ത് നാട്ടിലെ കൊട്ടകയില്‍ ഇരുന്നു ആ സിനിമ കണ്ട് കയ്യടിച്ച കാലമാണ് എനിക്ക് ഓര്‍മ്മ വന്നത്.''
അനുരാഗ സുധയാല്‍
പാട്ടെഴുത്തുകാരായി മാറിയ സജീവ രാഷ്ട്രീയപ്രവര്‍ത്തകരില്‍ എടുത്തു പറയേണ്ട പേര് കണിയാപുരം രാമചന്ദ്രന്റെതാണ്. സിനിമക്ക് വേണ്ടി കണിയാപുരം രചിച്ച പാട്ടുകളില്‍ ഒന്ന് രണ്ടെണ്ണമെങ്കിലും ഇന്നും മനസ്സിലുണ്ട്: യൌവനം ദാഹത്തില്‍ യേശുദാസ് ശബ്ദം നല്‍കിയ അനുരാഗ സുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍ അനുവാദം ചോദിക്കാന്‍ വന്നൂ, ആനയും അമ്പാരിയും എന്ന ചിത്രത്തില്‍ എസ് ജാനകി പാടിയ കണ്ട നാള്‍ മുതല്‍. ആദ്യത്തേത് എം ജി രാധാകൃഷ്ണന്റെ മികച്ച ഈണങ്ങളില്‍ ഒന്ന്. രണ്ടാമത്തേത് ശ്യാമിന്റെതും.
സി പി ഐ നേതാവും എം എല്‍ എ യുമായിരുന്ന കണിയാപുരം നാടകത്തില്‍ നിന്നാണ് സിനിമയില്‍ എത്തിപ്പെടുന്നത്. ഗാനമെഴുതിയ ആദ്യ ചിത്രം 1966 ല്‍ പുറത്തു വന്ന മാണിക്യക്കൊട്ടാരം. ബാബുരാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന് വേണ്ടിയാണ് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ അവസാനമായി പിന്നണി പാടിയതെന്ന പ്രത്യേകതയുണ്ട്. -- നക്ഷത്രപ്പുണ്ണുകള്‍ ആയിരം പൊട്ടിയൊലിക്കുന്ന വാനം എന്ന ഗാനം. തുടര്‍ന്ന് ആനയും അമ്പാരിയും (ശ്യാം) , കല്‍ക്കി (ദേവരാജന്‍) , യൌവനം ദാഹം (എം ജി രാധാകൃഷ്ണന്‍) , തൊഴില്‍ അല്ലെങ്കില്‍ ജയില്‍ (അര്‍ജുനന്‍) എന്നിങ്ങനെ കുറച്ചു ചിത്രങ്ങള്‍ കൂടി. 2005 ഏപ്രിലില്‍ അന്തരിച്ച കണിയാപുരം രാമചന്ദ്രന്‍, നാടകകൃത്ത് എന്ന നിലയിലാണ് ഏറെ പ്രശസ്തന്‍. മാനസപുത്രി, എനിക്ക് മരണമില്ല, ഭഗവാന്‍ കാലു മാറുന്നു, സബ്കോ സന്മതി ദേ ഭഗവാന്‍ എന്നിവ കണിയാപുരത്തിന്റെ ശ്രദ്ധേയ നാടകങ്ങളില്‍ ചിലതാണ്.
സിനിമാപ്പാട്ടിലെ രാഷ്ട്രീയ `ഇടപെടലുകള്‍'' ഇവിടെ അവസാനിക്കുന്നില്ല. പാട്ടുകാരും പാട്ടെഴുത്തുകാരുമായ രാഷ്ട്രീയക്കാരുടെ എണ്ണം കൂടി വരുന്നു. രമേശ് ചെന്നിത്തലയാണ് ഗായകനിരയിലെ പുതിയ താരം. ``ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ രാഷ്ട്രീയം പാട്ടുകാര്‍ക്കിടയില്‍ ഉണ്ടെന്നു തോന്നുന്നു'' -- സിനിമാസംഗീതരംഗത്തെ അനാശാസ്യ പ്രവണതകളെ പറ്റി പരാമര്ശിക്കവേ, യശശരീരനായ കേന്ദ്ര മന്ത്രി യശ്വന്ത് റാവ് ബല്‍വന്ത് റാവ് ചവാന്‍ ഒരിക്കല്‍ പറഞ്ഞു. പാട്ടുകാര്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ സംഗീതം രാഷ്ട്രീയക്കാര്‍ക്ക് ഇടയില്‍ ഉണ്ടെന്നു നാം തിരുത്തിപ്പറയേണ്ട കാലം വരുമോ? ആര്‍ക്കറിയാം.
Wednesday, January 19, 2011
Monday, January 10, 2011
Wednesday, January 5, 2011
Subscribe to:
Posts (Atom)