Showing posts with label പി ജയചന്ദ്രന്‍. Show all posts
Showing posts with label പി ജയചന്ദ്രന്‍. Show all posts

Thursday, March 3, 2011

പാട്ടിലെ അര്‍ഥങ്ങള്‍ , അനര്‍ഥങ്ങള്‍



ശ്രുതിമധുരമായി പാടും മനോഹരന്‍. ഒരൊറ്റ കൊല്ലമേ സ്കൂളില്‍ ഞങ്ങള്‍ ഒപ്പം പഠിച്ചിട്ടുള്ളൂ എന്നാണോര്‍മ്മ. വെള്ളിയാഴ്ച അവസാന പീരിയഡിലെ `സാഹിത്യസമാജ'ത്തില്‍ അവന്‍ `ഉത്തരാസ്വയംവരം' പാടുന്നത് കേട്ട് ഒരിക്കല്‍ തരിച്ചിരുന്നു പോയിട്ടുണ്ട്. മനോഹരന്‍ പാടി നിര്‍ത്തിയപ്പോള്‍ മാഷ്‌ ക്ലാസിനോട്‌ മുഴുവനായി ഒരു ചോദ്യം: ഇപ്പോ നിങ്ങള്‍ കേട്ട പാട്ടില്‍ ഒരു അബദ്ധം ഉണ്ട്. അറിയുമോ?


കുട്ടികളല്ലേ? ഞങ്ങളെങ്ങനെ അറിയാന്‍? ഒടുവില്‍ മാഷ്‌ തന്നെ ``അബദ്ധം'' വിവരിച്ചുതരുന്നു: ``അര്‍ജുനനായി ഞാന്‍ അവള്‍ ഉത്തരയായി'' എന്ന വരി കേട്ടില്ലേ? അര്‍ജുനനും ഉത്തരേം എങ്ങന്യാ പ്രേമിക്ക്യാ? ഉത്തരേടെ അമ്മായിയപ്പന്‍ അല്ലേ അര്‍ജുനന്‍?'' മാഷിന്റെ ചോദ്യം. പാട്ടെഴുതിയത് ശ്രീകുമാരന്‍ തമ്പി ആണെന്നോ ഈണമിട്ടത് ദക്ഷിണാമൂര്‍ത്തി ആണെന്നോ അറിയില്ല അന്ന്. യേശുദാസിന്റെ ഗന്ധര്‍വനാദം കഷ്ടിച്ച് തിരിച്ചറിയാമെന്ന് മാത്രം.

അജ്ഞാതവാസത്തിനൊടുവില്‍ അര്‍ജുനന്‍ തന്നെ മുന്‍കൈ എടുത്താണ് മകന്‍ അഭിമന്യുവിനെ വിരാടപുത്രി ഉത്തരയ്ക്ക് വിവാഹം ചെയ്തുകൊടുത്തത് . സത്യം ഇതാണെന്നിരിക്കെ ഡെയ്ഞ്ചര്‍ ബിസ്കറ്റിലെ ഗാനത്തില്‍ ഉത്തര എങ്ങനെ അര്‍ജുനന്റെ പ്രണയ ജോഡിയായി? അതും ആയിരം സങ്കല്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍... അന്യായമല്ലേ അത്? മാഷിന്റെ ചോദ്യം അതായിരുന്നു.



എന്നെങ്കിലും കവിയെ നേരിട്ട് കണ്ടാല്‍ ചോദിക്കണം എന്നുദ്ദേശിച്ച ചോദ്യം. പക്ഷെ ചോദിക്കാന്‍ സങ്കോചമുണ്ടായിരുന്നു. ബൃഹന്നളയെയും വലലനെയും സൈരന്ധ്രിയെയും പറ്റി എഴുതാന്‍ അറിവുള്ള ആള്‍ക്ക് എങ്ങനെ ഇക്കാര്യത്തില്‍ മാത്രം പിഴവ് പറ്റും ? എന്നിട്ടും ചോദിച്ചു. പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. പക്ഷെ ഉറക്കെ ചിരിച്ചുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മറുപടി. ``മാഷിന്റെ കാര്യം പോട്ടെ. ഭാഷാപണ്ഡിതര്‍ എന്ന് അഭിമാനിക്കുന്നവര്‍ പോലും എഴുന്നള്ളിച്ചിട്ടുണ്ട് ഇതേ വിവരക്കേട്. വ്യാസഭാരതത്തിലെ വിരാടപര്‍വ്വം ഒരിക്കലെങ്കിലും മനസ്സിരുത്തിവായിക്കാത്തത് കൊണ്ടുള്ള കുഴപ്പമാണ്. സിനിമയിലെ ഗാനസന്ദര്‍ഭത്തെ കുറിച്ചും സാമാന്യബോധം വേണം. രണ്ടും ഇല്ലാത്തവരോടു മറുപടി പറഞ്ഞു മടുത്തിരിക്കുന്നു ഞാന്‍..''

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പരിഭാഷപ്പെടുത്തിയ വ്യാസഭാരതത്തിലെ ഒരു ശ്ലോകം ക്ഷമയോടെ ചൊല്ലിക്കേള്‍പ്പിച്ചു തന്നു, തമ്പി: ``പാര്‍ഥനാണീ രാജ്യവും ഇങ്ങിനി മറ്റുള്ളതൊക്കെയും/ അതോക്കെയേറ്റു വാങ്ങി ക്കൊള്‍കശങ്കമിത് പാണ്ഡവര്‍ / കൈക്കൊള്ളുകിങ്ങുത്തരയെ സവ്യസാചി ധനഞ്ജയന്‍ / ഇവള്‍ക്ക് ചേര്‍ന്ന ഭര്‍ത്താവാണിവന്‍ പുരുഷസത്തമന്‍...''

അജ്ഞാതവാസം അവസാനിപ്പിച്ചു തിരിച്ചുപോകാന്‍ ഒരുങ്ങുന്ന പാണ്ഡവരോട് വിരാട രാജന്റെ അപേക്ഷയാണ്. പശ്ചാത്താപത്തില്‍ നിന്ന് ഉടലെടുത്തതാണ് ആ അപേക്ഷ. അറിഞ്ഞുകൊണ്ടല്ലെങ്കിലും, വേഷപ്രച്ഛന്നരായി സ്വന്തം കൊട്ടാരത്തില്‍ കഴിഞ്ഞ പാണ്ഡവരെ ഭൃത്യരായി കണ്ടില്ലേ?


പക്ഷെ ഉത്തരയെ പത്നിയായി സ്വീകരിക്കാന്‍ അര്‍ജുനന് തെല്ലുമില്ല മനസ്സ്. ഇഷ്ടക്കുറവ് കൊണ്ടല്ല. ബൃഹന്നളയായി വേഷം മാറി അവളെ ഇത്ര കാലം നൃത്തം പഠിപ്പിച്ചതല്ലേ താന്‍? ശിഷ്യയെ ഭാര്യയാക്കുന്നത് മാന്യന്മാര്‍ക്കു ഭൂഷണമല്ല. ജ്യേഷ്ഠനായ യുധിഷ്ടിരന് നേരെ അര്‍ത്ഥഗര്‍ഭമായ ഒരു നോട്ടമയച്ച ശേഷം പാര്‍ഥന്‍, രാജാവിന് മറുപടി നല്‍കുന്നു: ``സ്വീകരിക്കാം നിന്‍ മകളെ സ്നുഷയായ് ഞാന്‍ നരാധിപാ, മത്സ്യന്മാര്‍ക്കും ഭാരതര്‍ക്കും ചാര്‍ച്ചയെന്നത് ചേര്ച്ചയാം..'' മകളെ ഭാര്യയായി സ്വീകരിക്കാന്‍ എന്താണിത്ര മടി എന്ന രാജാവിന്റെ ചോദ്യത്തിന് അര്‍ജുനന്‍ നല്‍കിയ മറുപടിയും ശ്രീകുമാരന്‍ തമ്പി ഓര്‍മ്മയില്‍ നിന്ന് ഉദ്ധരിച്ചു കേള്‍പ്പിച്ചു: ``അന്ത:പുരത്തില്‍ പാര്‍ത്തേന്‍ നന്മകളെ കണ്ടുകൊണ്ടു ഞാന്‍, ഒളിവും തെളിവും താതന്‍മട്ടു വിശ്വാസമാം വിധം.......ദുശ്ശങ്ക നാട്ടുകാര്‍ക്കുണ്ടായ് വരാം, അങ്ങേയ്ക്കുമേ വിഭോ, അതിനാല്‍ സ്നുഷയായ് ഏല്പേന്‍ നിന്‍ പുത്രിയെ നരാധിപാ..'' ഉത്തരയെ അര്‍ജുനന്‍ സ്നുഷയായി (പുത്രഭാര്യ) സ്വീകരിക്കുന്നത് അങ്ങനെയാണ്.

ഇനി ഡെയ്ഞ്ചര്‍ ബിസ്കറ്റിലെ ഗാനസന്ദര്‍ഭം കൂടി അറിയുക. അര്‍ജുനന്റെ മാനസികാവസ്ഥയിലാണ് സിനിമയില്‍ പ്രേംനസീര്‍ അഭിനയിക്കുന്ന വേഷപ്രച്ഛന്നനായ സി ഐ ഡി കഥാപാത്രം. ഷീലയോടുള്ള ആത്മാര്‍ത്ഥ പ്രേമം ഒരു വശത്ത്‌. സാധന അവതരിപ്പിച്ച കഥാപാത്രത്തിന്റെ ശൃംഗാരപ്രകടനം മറുവശത്ത്‌. സാധനയെ ശിഷ്യയായി മാത്രം കാണുന്ന നസീറിനു ആ പ്രേമാഭ്യര്‍ത്ഥന നിരസിച്ചേ പറ്റൂ. തന്റെ കുറ്റാന്വേഷണ ദൌത്യത്തില്‍ സാധനയുടെ സഹായം അനിവാര്യമാണെന്നിരിക്കെ അവളെ പിണക്കാനും വയ്യ. അപ്പോള്‍ പിന്നെ ഭംഗ്യന്തരേണ കാര്യം അവളെ പറഞ്ഞു ബോധ്യപ്പെടുത്തുകയെ വഴിയുള്ളൂ. അതിനു വേണ്ടി എഴുതിയതാണ് ഉത്തരാസ്വയംവരം എന്ന ഗാനം. സാധനയുടെ കഥാപാത്രത്തെ ഉത്തരയായി സങ്കല്‍പ്പിച്ചു കൊണ്ട് എഴുതിയ വരികളില്‍ കഥാസന്ദര്‍ഭം വ്യക്തമായി പ്രതിഫലിക്കുന്നുവെന്ന കാര്യത്തില്‍ തമ്പിക്ക് തെല്ലുമില്ല സംശയം. കഥയറിയാതെ ആട്ടം കാണുന്നവര്‍ക്കെ സംശയം തോന്നൂ.

ഡെയ്ഞ്ചര്‍ ബിസ്കറ്റ് പോലൊരു സി ഐ ഡി പടത്തില്‍ ഗഹനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം പാട്ടുകള്‍ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യത്തില്‍ അര്‍ത്ഥമില്ല. ``അതായിരുന്നു അന്നത്തെ ശൈലി. പാട്ടുകള്‍ക്ക് ഇന്നത്തെക്കാള്‍ മൂല്യം ഉണ്ടായിരുന്നു അക്കാലത്ത്. സിനിമയുടെ സ്വഭാവം അനുസരിച്ച് പാട്ട് എഴുതുക എന്ന രീതി ആയിരുന്നില്ല അന്ന്. ടി ഇ വാസുദേവനെ പോലുള്ള നിര്‍മാതാക്കള്‍ ഉപദേശിക്കാറുണ്ട് -- പടത്തിന്റെ നിലവാരം നിങ്ങള്‍ നോക്കേണ്ട; പാട്ടുകള്‍ ഗംഭീരമായിരിക്കണം. ശരാശരി ആസ്വാദകന്റെ നിലവാരത്തിലേക്ക് ഇറങ്ങി ചെല്ലുകയല്ല, അവന്റെ ആസ്വാദന നിലവാരം ഉയര്‍ത്തിക്കൊണ്ടു വരികയാണ് നമ്മള്‍ ചെയ്യേണ്ടതെന്ന ചിന്താഗതി അന്നുണ്ടായിരുന്നു.'' തമ്പിയുടെ വാക്കുകള്‍. സി ഐ ഡി നസീറിലും (നിന്‍ മണിയറയിലെ, നീല നിശീഥിനി), പ്രേതങ്ങളുടെ താഴ്വരയിലും (മലയാള ഭാഷ തന്‍) റസ്റ്റ്‌ ഹൌസിലും (പാടാത്ത വീണയും പാടും, യദുകുല രതി ദേവനെവിടെ , പൌര്‍ണമി ചന്ദ്രിക ) പദ്മവ്യൂഹത്തിലും (പാലരുവിക്കരയില്‍, കുയിലിന്റെ മണിനാദം) ഒക്കെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചില പാട്ടുകള്‍ നാം കേള്‍ക്കാന്‍ ഇടവന്നത് അങ്ങനെയാണ്. സംഗീത സംവിധാനത്തിലെ കുലപതിയായ ദേവരാജന്‍ മാസ്റ്ററുടെ ഒരു നിരീക്ഷണം ഓര്‍മ്മ വരുന്നു:`` സാഹിത്യത്തിലും സംഗീതത്തിലും പാണ്ഡിത്യം ഉള്ളവരായിരിക്കില്ല സാധാരണക്കാരായ ശ്രോതാക്കള്‍‍. സൂക്ഷ്മമായി വിശകലനം ചെയ്തല്ല അവര്‍ ഗാനം ആസ്വദിക്കുന്നതും. ഗാനത്തിന്റെ ബാഹ്യഭാവം ലളിതമായിരിക്കാം. പക്ഷെ വിശകലനയോഗ്യമായ സാങ്കേതികമേന്മയും സ്വാഭാവിക ഓജസ്സും അതിനു ഉണ്ടായിരിക്കുന്നത് നല്ലതല്ലേ? ''

പൂവമ്പ് ആരുടെ ?

കോഴിക്കോട് ദേവഗിരി കോളേജില്‍ പഠിക്കുന്ന കാലത്താണ് `അയലത്തെ സുന്ദരി' കണ്ടത്. ഹോസ്ടലിലെ സഹവാസികളും സുഹൃത്തുക്കളുമായ കൃഷ്ണന്‍ നമ്പൂതിരിക്കും ചെറിയാച്ചനും ഒപ്പം, ഹോസ്ടല്‍ വാര്‍ഡന്‍ കാനാട്ടച്ചന്റെ (1975 - 85 കാലത്ത് ദേവഗിരിയില്‍ പഠിച്ചവരാരും ഫാ. കുരിയന്‍ കാനാട്ടിനെ മറന്നു കാണില്ല) കണ്ണുകളേയും ആറു ബാറ്റരിയുള്ള ടോര്‍ച്ചിനെയും വെട്ടിച്ചു ചേവായൂര്‍ ചന്ദ്ര ടാക്കീസില്‍ ചെന്ന് സെക്കന്റ്‌ ഷോ കാണുക എളുപ്പമായിരുന്നില്ല. എന്നിട്ടും ആ സാഹസത്തിനു മുതിര്‍ന്നത് യേശുദാസിന്റെ ശബ്ദത്തില്‍ നസീര്‍ ``ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴൊരു'' എന്ന പാട്ട് പാടുന്നത് കാണാനാണ്; കേള്‍ക്കാനും. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതി ശങ്കര്‍ ഗണേഷ് ചിട്ടപ്പെടുത്തിയ ആ മനോഹര ഗാനം ആദ്യ ശ്രവണമാത്രയിലെ അതെ അനുഭൂതിയോടെ ഇന്നും മനസ്സിലുണ്ട്.

നിലാവുള്ള രാത്രിയില്‍ പടം കണ്ടു തിരിച്ചു പോരുമ്പോള്‍ ഞങ്ങളുടെ ചര്‍ച്ചകളില്‍ നിറഞ്ഞത്‌ ആ ഗാനത്തിലെ ഒരു `കല്ലുകടി'യാണ് -- മല്ലികാര്‍ജുന ക്ഷേത്രത്തില്‍ വച്ചവള്‍ മല്ലീശ്വരന്റെ പൂവമ്പ് കൊണ്ടു എന്ന രണ്ടാം വരിയിലെ `മല്ലീശ്വരന്‍' എന്ന പ്രയോഗം‍. മല്ലീശ്വരന്‍ ശിവനാണ് . പരമശിവന്‍ പൂവമ്പ് എയ്യുന്ന പ്രശ്നമേയില്ല. കാമദേവന്റെ ഏര്‍പ്പാടാണത്‌ . മല്ലീശരന്‍ എന്നാണ് അവിടെ വേണ്ടിയിരുന്നത്. ഒന്നുകില്‍ മങ്കൊമ്പിന് തെറ്റി; അല്ലെങ്കില്‍ യേശുദാസിന് . രണ്ടായാലും തെറ്റ് തെറ്റ് തന്നെ -- സുഹൃത്തുക്കളില്‍ ഒരാളുടെ വാദം. പാട്ടിറങ്ങിയ കാലത്ത് ചില വാരികകളില്‍ വന്ന നിരൂപണങ്ങളിലും ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടത് ഓര്‍ക്കുന്നു.

സത്യം എന്തെന്നറിയാന്‍ അന്നേ ആഗ്രഹം തോന്നിയിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം യാദൃചികമായി കവിയെ പരിചയപ്പെട്ടപ്പോള്‍ ആദ്യം ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് വിവാദപുരുഷനായ പഴയ മല്ലീശ്വരനെ പറ്റിയാണ് . ``സംശയം വേണ്ട. ഞാന്‍ ഉദ്ദേശിച്ചതും എഴുതിയതും മല്ലീശ്വരന്‍ എന്ന് തന്നെ.'' മങ്കൊമ്പ് പറഞ്ഞു. ``മല്ലി എന്നാല്‍ മുല്ലപ്പൂ. മല്ലീസായകന്‍ എന്നും മല്ലികാബാണന്‍ എന്നും കാമദേവനെ വിശേഷിപ്പിക്കാം എങ്കില്‍ എന്തുകൊണ്ട് മല്ലീശ്വരന്‍ എന്നും ആയിക്കൂടാ? പ്രണയത്തിന്റെ ഈശ്വരന്‍ സുന്ദരമായ ഒരു സങ്കല്പമല്ലേ? മല്ലീശ്വരന്റെ പൂവമ്പ് കൊണ്ടു എന്ന വരിയില്‍ തെറ്റൊന്നുമില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു..''

വിയോജിക്കുന്നവര്‍ ഉണ്ടാകാം. എങ്കിലും ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. വിവാദങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമെല്ലാം അപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞു ആ ഗാനം. `അതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഓര്‍മകളാണ്,'' മങ്കൊമ്പ് പറയുന്നു. ``ആ പ്രണയത്തിനു പശ്ചാത്തലമായ എന്റെ കൊച്ചു കുട്ടനാടന്‍ ഗ്രാമവും അവിടത്തെ അമ്പലവും ലക്ഷാര്‍ച്ചനയും എല്ലാം വരികളില്‍ കടന്നുവന്നത് സ്വാഭാവികം.'' മുഖക്കുരു മുളക്കാത്ത കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ട് ഞാന്‍ കവര്‍ന്നെടുത്തു എന്ന വരികളിലെ തീവ്രാനുരാഗം തിരിച്ചറിയണമെങ്കില്‍ ആ പഴയ കാമുകന്റെ മനസ്സറിയണം.


1974 ല്‍ പുറത്തു വന്ന അയലത്തെ സുന്ദരി സംവിധാനം ചെയ്തത് ഹരിഹരനാണ്. ``ഹരിഹരനെ പോലെ സാഹിത്യാഭിരുചിയും സംഗീതബോധവുമുള്ള സംവിധായകനൊത്തു നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. സ്വന്തം സിനിമയിലെ ഗാനങ്ങളുടെ രചനയും ഈണവും എങ്ങനെ ആവണമെന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് അദേഹത്തിന്. കഥാഗതിയുമായി പാട്ടുകള്‍ ഇഴുകിച്ചേര്‍ന്നു നില്‍ക്കണം. അല്ലാതെ പാട്ടിനു വേണ്ടി പാട്ട് എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ആളല്ല അദ്ദേഹം . അതുകൊണ്ടാകണം മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകള്‍ പലതും ഹരിഹരന്‍ ചിത്രങ്ങളില്‍ കേള്‍ക്കാന്‍ നമുക്ക് ഭാഗ്യമുണ്ടായതും.''
ശങ്കര്‍ - ഗണേഷിന്റെ ആദ്യ മലയാള ചിത്രമായിരുന്നു അയലത്തെ സുന്ദരി. സംഗീതസംവിധായകര്‍ അന്യഭാഷക്കാരാകുമ്പോള്‍ ആദ്യം ഈണമിട്ടു പാട്ടെഴുതിക്കുന്ന രീതിയുണ്ട്. പക്ഷെ ശങ്കര്‍ ഗണേഷ് മറിച്ചാണ് ചെയ്തത്. ആദ്യം എഴുതി ഈണമിട്ടവയാണ് ലക്ഷാര്‍ച്ചനയും ത്രയംബകം വില്ലൊടിഞ്ഞുവും ഉള്‍പ്പെടെ ആ പടത്തിലെ എന്റെ ഗാനങ്ങള്‍ എല്ലാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ''-- മങ്കൊമ്പ് ചോദിക്കുന്നു. ഇന്നത്തെ പോലെ തമിഴ് പാട്ടുകളുടെ ഡപ്പാംകുത്ത് ശൈലിയിലേക്ക് മലയാള പദങ്ങള്‍ തിരുകിക്കയറ്റുന്ന പതിവ് അന്ന് ഉണ്ടായിരുന്നില്ല. സലില്‍ ചൌധരിയെ പോലുള്ള ഉത്തരേന്ത്യന്‍ സംഗീത സംവിധായകര്‍ പോലും വരികളുടെ അര്‍ഥം ഗ്രഹിച്ചു മാത്രമേ സംഗീതം ചെയ്യൂ എന്ന് നിര്‍ബന്ധം പിടിച്ചിരുന്ന കാലം. ``പാട്ടുകളുടെ വരികള്‍ ഗൌരവത്തോടെ കാണുകയും അവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു അന്നത്തെ യുവതലമുറ. അത് കൊണ്ടാവാം ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നു വന്നതും. ''


പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മയില്‍ ഒരു അനുഭവമുണ്ട് . കായലും കയറും എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനമായ ``ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍'' (പൂവച്ചല്‍ - കെ വി മഹാദേവന്‍) എന്ന ഗാനത്തെ ചുറ്റിപ്പറ്റിയാണത്: ``കുടിലില്‍ താമസിക്കുന്നവന് എങ്ങനെ ശരറാന്തല്‍ വാങ്ങി തൂക്കിയിടാന്‍ കഴിയും എന്നായിരുന്നു ഒരു നിരൂപകന്റെ ചോദ്യം. എഴുത്തുകാരന്റെ ഭാവനയ്ക്ക് അത്രയെങ്കിലും സ്വാതന്ത്ര്യം അനുവദിക്കണ്ടേ ? മണ്‍കുടിലും പൊന്‍കുടിലും ഉണ്ട്. അതിലും മീതെയാണ് മുകിലിന്‍ കുടില്‍ എന്ന സങ്കല്പം. കവിതയാകുമ്പോള്‍ ഇമേജറികളും ബിംബങ്ങളും കടന്നു വരും. ചിലപ്പോള്‍ അത് യുക്തിക്കും വ്യാകരണത്തിനും അതീതമാകുകയും ചെയ്യും. അല്പമെങ്കിലും സഹൃദയത്വം ഉള്ളവര്‍ക്ക് അതാസ്വദിക്കാന്‍ പ്രയാസമുണ്ടാവില്ല.''


പക്ഷെ , പാട്ടിന്റെ വരികള്‍ യുക്തിയെ വെല്ലുവിളിക്കുന്നതിനോട് യോജിക്കാനാവില്ല പഴയ തലമുറയിലെ പല ഗാനാസ്വാദകര്ക്കും. 1950 - 60 കാലഘട്ടത്തിലെ മലയാള ചിത്രങ്ങളുടെ കടുത്ത ആരാധകനും, സിനിമാപാട്ട് പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരത്തിന്റെ ഉടമയുമായ ഗോപാലകൃഷ്ണന്‍ നായരുടെ (ബാബുവണ്ണന്‍) വാക്കുകള്‍ കേള്‍ക്കുക: `` വയലാര്‍ ആയാലും പി ഭാസ്കരന്‍ ആയാലും തെറ്റ് തെറ്റ് തന്നെ . പുനര്‍ജന്മത്തില്‍ വയലാര്‍ എഴുതിയ ഉണ്ണിക്കൈ വളര് എന്ന പാട്ടില്‍ ഒരു കല്ലുകടിയുണ്ട്. ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ട്‌ ആദ്യം പൂത്ത സ്വപ്നമല്ലേ എന്ന് പറഞ്ഞു നാക്കെടുക്കും മുന്‍പ് അദ്ദേഹം പറയുകയാണ് , കല്യാണ നാളിലെ കവിതയ്ക്ക് കിട്ടിയ സമ്മാനമല്ലേ നീ എന്ന്. രണ്ടാമത് പറഞ്ഞത് സത്യമാണെങ്കില്‍ ഉരുളി കമഴ്ത്തേണ്ട കാര്യമുണ്ടോ?''

സിനിമയിലെ ഏതെങ്കിലും പ്രത്യേക കഥാസന്ദര്‍ഭത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ക്ലിപ്തസമയത്തിനുള്ളില്‍ തികച്ചും പ്രോഫഷണലായി സൃഷ്ടിക്കപ്പെടുന്ന ഒരു ചലച്ചിത്ര ഗാനത്തെ എത്ര ഗൌരവപൂര്‍വമാണ് പണ്ടുള്ളവര്‍ നോക്കിക്കണ്ടതെന്നു വെളിവാക്കുന്നു ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങള്‍. ഇന്ന് സിനിമാ ഗാനങ്ങളില്‍ വരികള്‍ മിക്കവാറും അപ്രസക്തമായി. ഈണവും ആലാപനവും കഴിഞ്ഞേയുള്ളൂ രചനയ്ക്ക് സ്ഥാനം. ശബ്ദകോലാഹലങ്ങള്‍ക്കിടയിലെ ശൂന്യവേളകള്‍ നിറക്കാനുള്ള ഉപാധി മാത്രമായി ഗാനസാഹിത്യം മാറിയതിന്റെ ദുഃഖം അനുഗൃഹീത കവിയായ ഗുല്‍സാര്‍ പങ്കുവെച്ചത് അടുത്ത കാലത്താണ്. ``വലിയ പ്രതിഭയുള്ളവരെ പാട്ടെഴുതാല്‍ വിളിച്ചാല്‍ പ്രശ്നമാണ്. അവര്‍ക്ക് അവരുടെതായ നിലപാടുകളും അഭിപ്രായങ്ങളും കാണും. അതൊന്നും നമുക്കാവശ്യമില്ല. എന്റെ പാട്ടുകളുടെ ആദ്യവരി പലപ്പോഴും ഞാന്‍ തന്നെയാണ് നിര്‍ദ്ദേശിക്കുക. ബാക്കിയുള്ള വരികളുടെ കാര്യത്തിലും എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. അതനുസരിച്ച് വാക്കുകള്‍ പെറുക്കിവെക്കേണ്ട ചുമതലയെ ഉള്ളൂ പാട്ടെഴുത്തുകാരന് . ജിംഗിള്സിന്റെ ലാളിത്യമുള്ള പാട്ടുകളാണ് ഇപ്പോള്‍ ആളുകള്‍ക്കിഷ്ടം. അതിനു വലിയ കവിത്വമൊന്നും വേണ്ട..'' ഒരു പ്രമുഖ സംഗീതസംവിധായകന്റെ വാക്കുകള്‍. ``പല്ലവി പരമാവധി നന്നാക്കുക എന്നതാണ് ഇന്ന് പ്രധാനം. ബാക്കി വരികളുടെ ഈണവും ഓര്‍ക്കസ്ട്രെഷനും മാത്രമേ ആളുകള്‍ ശ്രദ്ധിക്കൂ.''

നിളയും നീളയും

അങ്ങനെയല്ലാത്ത ഒരു കാലവും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ സംഗീതപ്രേമികളുടെ പുതിയ തലമുറയ്ക്ക് പ്രയാസം തോന്നിയേക്കാം. പാട്ടിലെ അക്ഷരങ്ങള്‍ പോലും ആസ്വാദകരുടെ ``ശസ്ത്രക്രിയക്കു'' വിധേയമായിരുന്ന കാലം. മിനിമോള്‍ എന്ന പടത്തില്‍ ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ ടീം ഒരുക്കിയ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്റെ കഥയെടുക്കുക. ഗാനത്തിന്റെ ചരണത്തില്‍ ``നീരദമാലകളാല്‍ പൂവിടും മാനം കണ്ട് നീളാനദീ ഹൃദയം പാടും ' എന്നൊരു വരിയുണ്ട്. നിളാനദിയെയാണ് കവി ഉദ്ദേശിച്ചതെന്നു വ്യക്തം. ``എഴുതിക്കൊടുത്തത് നിളാനദി എന്ന് തന്നെ ആണെങ്കിലും മാസ്റ്റര്‍ ഈണമിട്ടു യേശുദാസിന്റെ സ്വരത്തില്‍ റെക്കോര്‍ഡ്‌ ചെയ്തു വന്നപ്പോള്‍ അതു നീളാനദി ആയി. ഈണത്തിലേക്ക് വാക്കിനെ സന്നിവേശിപ്പിച്ചപ്പോള്‍ വന്ന പിഴവാണത്‌. '' ശ്രീകുമാരന്‍ തമ്പി പറയുന്നു. പക്ഷെ ഗാനത്തിന്റെ ജനപ്രീതിയെ ഈ ഉച്ചാരണപ്പിശക് തെല്ലും ബാധിക്കുകയുണ്ടായില്ല എന്നതാണ് രസകരം. കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ചും കേരളീയതയെ കുറിച്ചും വന്നിട്ടുള്ള മികച്ച സിനിമാഗാനങ്ങളുടെ മുന്‍പന്തിയില്‍ തന്നെയുണ്ട്‌ ആ പാട്ട്.

ഇതേ ഗതി തന്നെ ആയിരുന്നു, മദനോല്സവത്തിനു വേണ്ടി ഓ എന്‍ വി - സലില്‍ ചൌധുരി ടീം ഒരുക്കിയ മേലെ പൂമല എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്റെ പല്ലവിയിലെ `നിവ' എന്ന പ്രയോഗത്തിനും. `കാറ്റേ വാ നീ വാ' എന്നാണ് ഓ എന്‍ വി എഴുതിയത്. പാട്ട് റെക്കോര്‍ഡ്‌ ചെയ്തു വന്നപ്പോള്‍ ദീര്‍ഘം അപ്രത്യക്ഷമായി എന്ന് മാത്രം. ``സലില്‍ദാ ആദ്യം പാട്ട് ചിട്ടപ്പെടുത്തിയത് മന്ദതാളത്തിലാണ്,'' ഓ എന്‍ വി ഓര്‍ക്കുന്നു. ചിത്രീകരണത്തിന് അനുസരിച്ച് പാട്ടിന്റെ താളത്തിനു വേഗത കൂട്ടേണ്ടി വന്നപ്പോഴാണ് നീവാ , നിവ ആയത്. റെക്കോര്‍ഡിംഗ് സമയത്ത് കവി സ്ഥലത്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നവര്‍ ആകട്ടെ ഉച്ചാരണപ്പിശക് സംഗീതസംവിധായകന്റെ ശ്രദ്ധയില്‍ പെടുത്തിയതുമില്ല. അങ്ങനെ സംഭവിച്ചു പോയതാണ്‌ ആ പിഴവ്. പക്ഷെ സലില്‍ ദായുടെ സംഗീത ജീവിതത്തില്‍ അതൊരു ഒറ്റപ്പെട്ട അനുഭവമായിരുന്നെന്നു ഓ എന്‍ വി കൂട്ടിച്ചേര്‍ക്കുന്നു. `` മലയാളം വാക്കുകളുടെ അര്‍ത്ഥവും ഗാനത്തിന്റെ ആശയവും പൂര്‍ണ്ണമായി ഗ്രഹിച്ച ശേഷം മാത്രം സംഗീതം നല്‍കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്..''


നോട്ടപ്പിശക് കൊണ്ടോ സാങ്കേതിക കാരണങ്ങളാലോ സംഭവിക്കുന്ന ഇത്തരം പിഴവുകള്‍ തിരുത്താന്‍, സ്റ്റേജ് പരിപാടികളിലും റിയാലിറ്റി ഷോകളിലും അവ ഏറ്റുപാടുന്ന പുതു തലമുറയിലെ ഗായകര്‍ മിനക്കെടാറില്ല എന്നതാണ് ദൌര്‍ഭാഗ്യകരം. അതിനവരെ ആരും ഉപദേശിക്കാറുമില്ല. നിള എന്ന് തിരുത്തി പാടുന്നതിനു പകരം നീളാ എന്ന് തന്നെ പഠിച്ചുപാടുന്നു അവര്‍. ``ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍, ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍'' എന്ന് ഒരു മത്സരാര്‍ഥി പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ പാടിക്കേട്ടത്‌ കുറച്ചു കാലം മുന്‍പാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിധികര്‍ത്താവിനോട് പയ്യന്‍ കൂസലെന്യേ പറഞ്ഞു: ഞാന്‍ കേട്ട സി ഡിയില്‍ അങ്ങനെയാണ്. അത് തന്നെ പാടിയാല്‍ മതിയെന്ന് മാഷും പറഞ്ഞു. ദാസ് സാര്‍ പാടിയത് മാറ്റി പാടുന്നത് ശരിയല്ലല്ലോ.''

യഥാര്‍ഥത്തില്‍ പരീക്ഷ എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരന്‍ എഴുതിയതും യേശുദാസ് പാടി റെക്കോര്‍ഡ്‌ ചെയ്തതും ``ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍ / ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം, ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍'' എന്നാണ്. സിനിമയില്‍ ആ ഗാനരംഗം കണ്ടാല്‍ അത് വ്യക്തമാകും. പക്ഷെ പാട്ടിന്റെ ഗ്രാമഫോണ്‍ റിക്കോര്‍ഡില്‍ കഥ മാറി. പല്ലവിയുടെ ആവര്‍ത്തനത്തില്‍, ഇടയ്ക്കുള്ള വരി ``അപ്രത്യക്ഷമായി.'' വില്ലനായി മാറിയത് പ്രോസസിംഗിനായി കൊല്‍ക്കത്തയിലെക്കയക്കും മുന്‍പ് പാട്ടിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ഏതെങ്കിലും `വിദഗ്ദനാ'കണാം . അന്നത്തെ പതിവനുസരിച്ച് മൂന്നു മിനിറ്റ് 20 സെക്കണ്ടിലേക്ക് പാട്ടിനെ ഒതുക്കാനുള്ള തത്രപ്പാടില്‍ ഇടയ്ക്കുള്ള വരി മുറിച്ചു കളയുകയായിരുന്നു എഡിറ്റര്‍. സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പല്ലവിയുടെ ആവര്‍ത്തനം ആണ് മുറിച്ചു മാറ്റുക. മലയാളമറിയാത്ത എഡിറ്റര്‍ പകരം കത്തി വെച്ചത് പല്ലവിയുടെ ഹൃദയ ഭാഗത്തായിപ്പോയി. കുറ്റം പാട്ടെഴുതിയ ഭാസ്കരന്‍ മാഷിനും പാടിയ യേശുദാസിനും. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ആ തെറ്റിദ്ധാരണ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.


ധനുമാസ ചന്ദ്രിക

ഇനി ഒരു പാതിരാ പന്തയത്തിന്റെ കഥ. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അര്‍ദ്ധരാത്രി കഴിഞ്ഞെത്തിയ ആ ഫോണ്‍കോള്‍. സുഹൃത്തും പ്രശസ്ത സംവിധായകനുമായ രഞ്ജിത്ത് ആണ് ഫോണിന്റെ അങ്ങേത്തലയ്ക്കല്‍. അസമയത്ത് വിളിച്ചുണര്‍ത്തിയതിന് ക്ഷമ ചോദിച്ച ശേഷം രഞ്ജിത്ത് പറഞ്ഞു: ``ഒരു പന്തയത്തിന്റെ കാര്യമാണ്. ഇവിടെ ഒരാള്‍ പറയുന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി മധുമാസചന്ദ്രിക വന്നു ആണ് ശരിയെന്ന്‌ . ധനുമാസ ചന്ദ്രിക എന്നാണു ഭാസ്കരന്‍ മാഷ്‌ എഴുതിയിട്ടുള്ളതെന്നു ഞാനും‍. ഏതാണ് ശരി?''

ധനുമാസചന്ദ്രിക എന്ന് സംശയലേശമന്യേ ഉത്തരം നല്‍കിയപ്പോള്‍, പന്തയം തോറ്റ സുഹൃത്തിന്റെ (അദ്ദേഹവും പ്രമുഖ സംവിധായകന്‍ തന്നെ) നെടുവീര്‍പ്പ് ഫോണിലൂടെ കേള്‍ക്കാമായിരുന്നു എനിക്ക്. ജയചന്ദ്രന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ `കളിത്തോഴനിലെ ആ ഗാനത്തിന്റെ പല്ലവി കുട്ടിക്കാലം മുതലേ കേട്ട് മനസ്സില്‍ പതിഞ്ഞിരുന്നത്‌ കൊണ്ടാവാം, ഉറക്കച്ചടവിലും ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല. ഞെട്ടിപ്പോയത് പിറ്റേന്ന് പി ഭാസ്കരന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരം വെറുതെ ഒന്ന് മറിച്ച് നോക്കിയപ്പോഴാണ് -- അതാ കിടക്കുന്നു മധുമാസചന്ദ്രിക. കവി എഴുതിയത് ഒന്നും ഗായകന്‍ പാടിയത് മറ്റൊന്നും ആകുന്നതെങ്ങനെ? ജയചന്ദ്രനെ തന്നെ നേരിട്ട് വിളിച്ചു ചോദിച്ചപ്പോഴാണ് സമാധാനമായത്: ``ഭാസ്കരന്‍ മാഷ്‌ എഴുതിയതും ഞാന്‍ പാടിയതും ധനുമാസചന്ദ്രിക എന്നാണ്. സൗകര്യം പോലെ വല്ലവരും മാറ്റി പാടുന്നതിനു ഞാന്‍ ഉത്തരവാദിയല്ല.''

ആധികാരികരേഖകളായി കണക്കാക്കപ്പെടുന്ന പുസ്തകങ്ങളെപോലും അന്ധമായി ആശ്രയിക്കുന്നത് ചിലപ്പോള്‍ അബദ്ധമാകുമെന്ന് അര്‍ഥം. ചില്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും -- മുടിയനായ പുത്രനില്‍ കെ എസ ജോര്‍ജ് ശബ്ദം നല്‍കിയ ഈ പ്രശസ്ത നാടകഗാനത്തിന്റെ തുടക്കം ഓ എന്‍ വിയുടെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ സമാഹാരമായ `മാണിക്യവീണ'യില്‍ നല്‍കിയിട്ടുള്ളത് അങ്ങനെയാണ്. ഇതേ ഗാനം ഇല്ലിമുളം കാടുകളില്‍ എന്നും പാടിക്കെട്ടിട്ടുണ്ട്. ശരിയെതെന്നറിയാന്‍ കവിയെ തന്നെ അഭയം പ്രാപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ``ഇല്ലിമുളം എന്നാണു ഞാന്‍ എഴുതിയത്. അതെങ്ങനെ ചില്ലിമുളം ആയി മാറി എന്നറിയില്ല.'' പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമക്ക് വേണ്ടി ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയതും (ഗാനം ഒലിവ് ബുക്സ് പുറത്തിറക്കിയ സമാഹാരത്തില്‍) ഗാനഗന്ധര്‍വന്‍ പാടിയതും ``ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍, ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം'' എന്നായിരിക്കാം. പക്ഷെ ആ പാട്ട് വേദികളിലും ചാനലുകളിലും ``ആരോ വിരല്‍ മീട്ടി'' എന്നേ പാടിക്കേള്‍ക്കാറുള്ളൂ.

ഓ എന്‍ വിയുടെ നീള്‍മിഴിപ്പീലിയില്‍ (വചനം) എന്ന ഗാനത്തിന്റെ തുടക്കത്തെ നീര്മിഴിപ്പീലി ആക്കുന്ന ഗായകര്‍ സുലഭം. ശരബിന്ദു മലര്‍ദീപ നാളം (ശരത് കാലത്തെ ഇന്ദു ‍-- ശരദിന്ദു എന്നാണു ശരി ) , കേരള മര്‍ത്യഭാഷ (കേവല മര്‍ത്യഭാഷ), കുന്നിമണി ചെപ്പുതുറന്നെന്നെ നോക്കും നേരം (എണ്ണി നോക്കും നേരം), സാഗരമേ ശാന്തമാക നീ എന്ന പാട്ടിലെ ചരണത്തില്‍ തളിര്‍ തൊട്ടില്‍ ഏതോ (തളിര്‍തൊത്തില്‍ )...ഇതൊക്കെ പതിവായി ആവര്‍ത്തിക്കപ്പെടുന്ന പിഴവുകള്‍. സിനിമാസംവിധായകരും പാട്ടുകാരും രാഷ്ട്രീയക്കാരും തൊട്ട് കവികള്‍ വരെ പ്രിയഗാനമായി `ശരബിന്ദു മലര്ദീപം ' എടുത്തു പറയുന്നതു കേട്ടിട്ടുണ്ട് . ``തിരുത്തിയിട്ടും കാര്യമില്ല എന്നതാണ് അവസ്ഥ,'' സെല്മാ ജോര്‍ജിനൊപ്പം ഉള്‍ക്കടല്‍ എന്ന ചിത്രത്തിന് വേണ്ടി ആ മനോഹര യുഗ്മഗാനത്തിന് ശബ്ദം പകര്‍ന്ന ജയചന്ദ്രന്‍ പറയുന്നു. ``അര്‍ത്ഥമറിഞ്ഞു പാട്ട് കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കുണ്ട് സമയം?''

തിരുത്താന്‍ പോയതിന്റെ പഴയൊരു തിക്താനുഭവം ജയചന്ദ്രന്‍ മറന്നുകാണില്ല. 1990 കളിലെ കഥയാണ്‌. ജയചന്ദ്രന്റെ അടുത്ത സുഹൃത്തും ടൈംസ് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനുമായ പ്രഭാകരന്റെ ചെന്നൈയിലെ ഓഫിസ് മുറിയില്‍ ഒരു മധ്യാഹ്നത്തില്‍ ഞങ്ങള്‍ ഒത്തുകൂടുന്നു. പാട്ടും കളിയും തമാശകളുമിട കലര്‍ന്ന ആ കൂട്ടായ്മയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ഒരു പാലക്കാട്ടുകാരനാണ് കഥാനായകന്‍. സൌകര്യത്തിനു വേണ്ടി നമുക്കദ്ദേഹത്തെ രാമേട്ടന്‍ എന്ന് വിളിക്കാം. പ്രഭാകരന്റെ പരിചയക്കാരനാണ്‌. സാമാന്യം നല്ല അരസികന്‍. പാട്ടിനോടും പാട്ടുകാരോടും പരമ പുച്ഛം. സംഗീതം മനുഷ്യനെ അലസനാക്കുന്നു എന്നൊരു ചിന്താഗതിയുമുണ്ട്. പക്ഷെ മുന്നില്‍ ഇരിക്കുന്നത് പ്രശസ്ത പിന്നണിഗായകനാകുമ്പോള്‍ ഉള്ളിലിരുപ്പ് പുറത്തു കാണിച്ചുകൂടല്ലോ.

നിലയ്ക്കാത്ത സംസാരത്തിനിടെ ജയചന്ദ്രനെ നോക്കി രാമേട്ടന്‍ ആദ്യ `വെടി' പൊട്ടിക്കുന്നു : ``എനിക്ക് പൊതുവേ പാട്ട് കേള്‍ക്കുന്ന ശീലമില്ല. എങ്കിലും ഭാര്യ കേള്‍ക്കും.അവള്‍ക്കു വല്യ പഠിപ്പൊന്നുമില്ല. നിങ്ങളുടെ നമ്പ്യാര്‍വട്ടപ്പൂ ചിരിച്ചു എന്ന പാട്ട് അവള്‍ക്കു ഇഷ്ടമാണത്രെ.'' എന്റെയും പ്രഭാകരന്റെയും ഇടപെടല്‍ ഒരുമിച്ചായിരുന്നു. ``നമ്പ്യാര്‍വട്ടമല്ല , നന്ത്യാര്‍വട്ടം,'' കോറസ്സായി ഞങ്ങള്‍ പറഞ്ഞു. അനവസരത്തിലുള്ള ആ തിരുത്ത് രാമേട്ടന് ഒട്ടും പിടിച്ചില്ല എന്ന് വ്യക്തം. നീരസത്തോടെ എന്നെ നോക്കി അദ്ദേഹം പറഞ്ഞു: ``തന്നെക്കാള്‍ പത്തു പതിനഞ്ചു ഓണം അധികം ഉണ്ടിട്ടുള്ളതാ ഞാന്‍. പൂക്കളുടെ പേരൊന്നും എന്നെ പഠിപ്പിക്കേണ്ട.''


അതുവരെ പത്രവായനയില്‍ മുഴുകിയിരുന്ന ജയചന്ദ്രന്‍ തലയുയര്‍ത്തിയതും ചര്‍ച്ചയില്‍ ഇടപെട്ടതും അപ്പോഴാണ്‌. ``മാഷേ, നന്ത്യാര്‍വട്ടമാണ് ശരി. അങ്ങനെയൊരു പൂവുണ്ട്.'' പക്ഷെ രാമേട്ടനുണ്ടോ കുലുങ്ങുന്നു. സഹതാപത്തോടെ ജയചന്ദ്രനെ നോക്കി അദ്ദേഹം പറഞ്ഞു: ``കാലം ശ്ശി ആയില്ലേ? നിങ്ങള്‍ മറന്നുപോയിട്ടുണ്ടാകും. ഇത് വരെ പാടിയത് പോട്ടെ; ഇനി അങ്ങനെ തെറ്റി പാടരുത്.''
ഭാവഗായകന്റെ മുഖത്തെ ഭാവപ്പകര്‍ച്ച ഈ ജന്മം മറക്കില്ല.

Monday, January 28, 2008

മേരി ആവാസ് സുനോ - പി ജയചന്ദ്രന്‍

മേരി ആവാസ് സുനോ എന്ന പുസ്തകത്തിന് പി ജയചന്ദ്രന്‍ എഴുതിയ മുഖവുര