മഞ്ഞണിഞ്ഞ വെള്ളരിമല പോലെ, ചൂളമടിക്കുന്ന മലങ്കാറ്റു പോലെ, സ്വര്‍ണനിറമുള്ള മധുരനാരങ്ങകള്‍പോലെ, മുനിഞ്ഞുകത്തുന്ന റാന്തല്‍വിളക്ക് പോലെ വയനാടന്‍ ജീവിതം എന്റെ മനസ്സില്‍ കോറിയിട്ട വികാരദീപ്തമായ ഒരു ബാല്യകാല ചിത്രമുണ്ട്; അന്ധനായ മുഹമ്മദിന്റെ ചിത്രം.
നിലാവില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന എസ്‌റ്റേറ്റ്ബംഗ്ലാവിന്റെ മുറ്റത്തെ സിമന്റ് പടവിലിരുന്ന് കൂരിരുട്ടിലേക്ക് നോക്കി പ്രകൃതിയുടെ നിശബ്ദതാളത്തിനൊത്ത് മുഹമ്മദ് പാടുന്നു: ''വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ, മണ്ണിതില്‍ ഇഴയുന്ന മനുഷ്യനോ, അന്ധനാര് ഇപ്പോള്‍ അന്ധനാര്, അന്ധകാരപരപ്പിതില്‍ അന്ധനാര്....'' കേള്‍വിക്കാരായി ഞങ്ങള്‍ നാലുപേര്‍- ഞാന്‍, അനിയന്‍ രാജേന്ദ്രന്‍, അനിയത്തി രഞ്ജിനി; പിന്നെ സുബൈറും. മുപ്പത്തഞ്ച് വര്‍ഷം പഴക്കമുള്ള ഓര്‍മ.
കളിച്ചു വളര്‍ന്ന വീടും പരിസരവും ഒരിക്കല്‍ക്കൂടി കാണാനുള്ള അടങ്ങാത്ത കൊതിയുമായി അടുത്തൊരു നാള്‍ ചുണ്ടയിലെ ഞങ്ങളുടെ പഴയ എസ്‌റ്റേറ്റ് ബംഗ്ലാവ് നിന്നിരുന്ന സ്ഥലത്തെത്തിയപ്പോള്‍, കണ്ണുകള്‍ ആദ്യം പരതിയത് ആ സിമന്റ് പടവാണ്. മുഹമ്മദിന്റെ വിഷാദാര്‍ദ്രമായ ആലാപനത്തില്‍ മുഴുകി ഞങ്ങള്‍ തരിച്ചിരുന്ന അതേ സ്ഥലം. പക്ഷെ പടവ് പോയിട്ട്, മൂന്ന് പതിറ്റാണ്ട് ഞങ്ങള്‍ ജീവിച്ച വീട് പോലും ഉണ്ടായിരുന്നില്ല അവിടെ. ആകെയുള്ളത് കുറെ മുള്‍പ്പടര്‍പ്പുകളും പാമ്പുകള്‍ ഇഴയുന്ന പൊന്തക്കാടുകളും മാത്രം. ശൈശവ സ്മരണകളുടെ നേര്‍ത്ത മുദ്രകള്‍പോലും അവശേഷിപ്പിക്കാതെ എല്ലാം തുടച്ചു നീക്കിയിരിക്കുന്നു കാലം. ചുറ്റും പേടിപ്പെടുത്തുന്ന നിശബ്ദത മാത്രം. ആ നിശബ്ദതയിലേക്ക് വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്ന് മുഹമ്മദിന്റെ ഗാനം ഒഴുകിവരുന്ന പോലെ തോന്നി എനിക്ക്... ''മായാമരീചികയില്‍ മനസ്സിലെ ആശകളാല്‍ മാളിക കെട്ടുന്നു മാനവന്‍, കാലത്തിന്‍ കൈയിലുള്ള പീലിയൊന്നുഴിയുമ്പോള്‍ കാണുന്നൂ മുന്നില്‍ വെറും ശൂന്യത...'' ഭാസ്‌കരന്‍ മാഷിന്റെ അര്‍ഥഗര്‍ഭമായ വരികള്‍...
ജന്മനാ അന്ധനായിരുന്നു മുഹമ്മദ്. അച്ഛന്‍ മാനേജരായിരുന്ന കാപ്പിത്തോട്ടത്തില്‍ ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന മമ്മീസയുടെയും ബീക്കുട്ടി ഉമ്മയുടെയും മൂത്ത മകന്‍. സദാ മൂക്കീരൊലിപ്പിച്ചു നടന്നിരുന്ന സുബൈറിന്റെ ജ്യേഷ്ഠന്‍. 'പാടി' എന്ന് വയനാട്ടുകാര്‍ വിളിച്ചിരുന്ന ഇടുങ്ങിയ കൂലി ലൈനിലാണ് അവരുടെ താമസം. കുട്ടിക്കാലത്തെ ഞങ്ങളുടെ കളിക്കൂട്ടുകാര്‍ എല്ലാവരും ആ പാടിയിലെ അന്തേവാസികളായിരുന്നു. അലി, സാറ, വേലായുധന്‍, അമ്മിണി, പോക്കര്‍, ലീല, ജയരാജ്... അങ്ങനെ പലരും. എസ്‌റ്റേറ്റ് മാനേജരുടെ മക്കളെന്നോ തൊഴിലാളികളുടെ മക്കളെന്നോ വേര്‍തിരിവില്ലാതെ ഒരുമിച്ച് പന്ത് കളിക്കാനും(അടുപ്പിലെ കനലില്‍ വാട്ടിയെടുത്തു മൃദുലമാക്കി മാറ്റിയ ബബ്ലിമൂസ് എന്ന് പേരുള്ള ഭീമന്‍ നാരങ്ങ കൊണ്ടാണ് അന്ന് ഫുട്‌ബോള്‍ കളിക്കുക) ഒരേ പുഴയില്‍ തുടിച്ചു കുളിക്കാനും ഒരേ പേരമരത്തില്‍ കയറി തൂങ്ങിയാടാനും ഞങ്ങളെ പ്രോത്സാഹിപ്പിച്ച അച്ഛന്റെ വലിയ മനസ്സിന് നന്ദി. കൊച്ചുമുതലാളി എന്ന പ്രാമാണിത്തം ധ്വനിപ്പിക്കുന്ന പേരിനു പകരം 'രവ്യേട്ടാ..' എന്ന് വിളിക്കാന്‍ അവരെ ശീലിപ്പിച്ചതിനും.
അച്ഛന്‍ വരാന്‍ വൈകുന്ന രാത്രികളില്‍ അമ്മയ്ക്കും മക്കള്‍ക്കും കൂട്ടിരിക്കാനാണ് മുഹമ്മദും സുബൈറും വരിക. ഭീതിദവും എകാന്തമൂകവുമായ രാത്രികള്‍. അങ്ങ് ദൂരെ, മുടിയഴിച്ചിട്ട യക്ഷിയെപ്പോലെ മലര്‍ന്നു കിടക്കുന്ന വെള്ളരിമല. ചിതറിത്തെറിച്ച സ്വര്‍ണ വളപ്പൊട്ടുകള്‍ കണക്കെ മലയുടെ നെഞ്ചില്‍ പടരുന്ന കാട്ടുതീ. ആ കാഴ്ചയുടെ ഭയാനകസൗന്ദര്യം വിവരിച്ചു കേള്‍ക്കാന്‍ എന്തൊരു ആവേശമായിരുന്നു മുഹമ്മദിന്! ചുറ്റും ഞങ്ങള്‍ ഓടിക്കളിക്കുമ്പോള്‍ പങ്കുചേരാന്‍ കഴിയാത്തതിന്റെ വേദനയുമായി ഒറ്റയ്ക്കിരുന്ന് അവന്‍ പാടും; രാകി മിനുക്കാത്തതെങ്കിലും ശ്രുതിശുദ്ധമായ ശബ്ദത്തില്‍... പാട്ടിന്റെ ചരണത്തിലെ ''കത്തിജ്വലിക്കുന്നു കതിരവന്‍ എങ്കിലും നട്ടുച്ചയും ഇന്നിവര്‍ക്ക് പാതിരാ...'' എന്ന ഭാഗമെത്തുമ്പോള്‍ അറിയാതെ ഒരു വിങ്ങല്‍ മനസ്സില്‍ നിറയും. സൂര്യന്‍ ജ്വലിച്ചു നില്ക്കുമ്പോഴും കണ്ണില്‍ ഇരുട്ടുമായി ജീവിക്കുക. എന്തൊരു വിചിത്രമായ വിധിയാണതെന്ന് തോന്നിയിരുന്നു അന്നത്തെ പതിമൂന്നു വയസ്സുകാരന്. സുബൈറിനെയും കൂട്ടി ഞങ്ങള്‍ മൂന്നു നാഴിക ദൂരെയുള്ള സ്‌കൂളിലേക്ക് ആഘോഷപൂര്‍വം നടന്നു പോകുമ്പോള്‍ യാത്രയാക്കാന്‍ റോഡരികിലെ വേലിക്കരികില്‍ വിഷണ്ണനായി നില്ക്കും മുഹമ്മദ്. വൈകീട്ട് ഞങ്ങള്‍ തിരിച്ചെത്തും വരെ പക്ഷിക്കൂട്ടങ്ങളുമായി സല്ലപിച്ചും അവയുടെ പാട്ടുകള്‍ക്ക് എതിര്‍പാട്ട് പാടിയും തോട്ടത്തില്‍ കറങ്ങി നടക്കും അവന്‍.
പിന്നെയെപ്പോഴോ എസ്‌റ്റേറ്റ് ജീവിതത്തോടും വയനാടിന്റെ കുത്തിത്തുളയ്ക്കുന്ന തണുപ്പിനോടും വിടവാങ്ങി ഞങ്ങള്‍ മലപ്പുറത്തിന്റെ പൊടിമണ്ണിലേക്കും ചൂടിലേക്കും യാത്രയായി; മുഹമ്മദ് ഉള്‍പ്പെടെയുള്ള വയനാടന്‍ മുഖങ്ങള്‍ മറവിയുടെ തിരശ്ശീലയ്ക്ക് പിന്നിലേക്കും. പന്തു കളിക്കമ്പവും 'പാട്ടെഴുത്തു'മായി പത്രപ്രവര്‍ത്തനത്തിന്റെ വഴികളിലൂടെ ഒഴുകുകയായിരുന്നു ഞാന്‍. ആ ഒഴുക്കിനിടെയാണ് മുഹമ്മദിന്റെ പ്രിയഗാനത്തിന്റെ ശില്പിയെ കണ്ടുമുട്ടിയത്. സംഗീത സംവിധായകന്‍ പുകഴേന്തി. 'മൂന്ന് പൂക്കള്‍' എന്ന സിനിമയ്ക്കു വേണ്ടി ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ ആ പാട്ടിന്റെ പശ്ചാത്തലത്തില്‍ മരണത്തിന്റെ ഫീല്‍ കൊണ്ടുവരാനായി, സ്റ്റീല്‍ ചോറ്റുപാത്രത്തിന്മേല്‍ ഡ്രം സ്റ്റിക്ക് കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദം താളമായി ഉപയോഗിച്ച കഥ പുകഴേന്തി പറഞ്ഞാണ് അറിഞ്ഞത്. ''സിനിമയിലെ ഒരു പ്രത്യേക സന്ദര്‍ഭത്തിന് വേണ്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ നാം ഉണ്ടാക്കുന്ന പാട്ട് അറിയപ്പെടാത്ത എത്രയോ മുഹമ്മദുമാരുടെ ഹൃദയത്തെ ചെന്നുതൊടുന്നു എന്നത് ഏത് അവാര്‍ഡിനെക്കാളും മഹത്തായ ബഹുമതി തന്നെ''- അന്ന് പുകഴേന്തി വികാരാധീനനായി പറഞ്ഞു.
തീര്‍ന്നില്ല. പത്തുവര്‍ഷം മുമ്പൊരു കോഴിക്കോടന്‍ സായാഹ്നത്തില്‍ തെല്ലും നിനച്ചിരിക്കാതെ ഒരിക്കല്‍കൂടി വന്ന് മനസ്സിനെ തഴുകി, ആ ഗാനം. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ പത്രപ്രവര്‍ത്തകനാണ് ഞാന്‍ അന്ന്. മാവൂര്‍ റോഡ് സ്റ്റാന്‍ഡില്‍നിന്ന് നാട്ടിലേക്കുള്ള ബസ്സില്‍ കയറിയിരുന്നു കൈയിലെ വാരിക മറിച്ചു നോക്കവേ, ചുറ്റിലുമുള്ള ശബ്ദഘോഷങ്ങള്‍ക്കെല്ലാം മുകളിലൂടെ ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ ഒഴുകിയെത്തുന്നു; കുട്ടിക്കാലത്ത് കേട്ട് മനസ്സില്‍ പതിഞ്ഞ അതേ ശബ്ദം; കുറച്ചുകൂടി പരുക്കനായിട്ടുണ്ടോ എന്നൊരു സംശയം മാത്രം. ഒരു കാലഘട്ടം മുഴുവന്‍ മനസ്സിലേക്ക് ഇരച്ചുകയറി വന്നു അപ്പോള്‍.
തലയുയര്‍ത്തി നോക്കി. കൈയില്‍ ചില്ലറ കിലുങ്ങുന്ന തകരപ്പാട്ടയുമായി ഒരു യുവാവ് മുന്നില്‍. ചെമ്പിച്ച മുടിയും താടിയും. മുഷിഞ്ഞ വേഷം. ഒരൊറ്റ നോട്ടം മതിയായിരുന്നു എനിക്ക് മുഹമ്മദിനെ ആ ക്ഷീണിതരൂപത്തില്‍നിന്നു വേര്‍തിരിച്ചെടുക്കാന്‍... തകരപ്പാട്ടയുമായി മുഖത്തിനു നേരെ നീണ്ട മെലിഞ്ഞ കൈകളില്‍ മൃദുവായി തൊട്ട് ഞാന്‍ ചോദിച്ചു: ''മുഹമ്മദല്ലേ? ഓര്‍മയുണ്ടോ?''
മൗനമുഖരിതമായ നിമിഷങ്ങള്‍. എന്റെ കൈ മുറുക്കെ പിടിച്ചു നിശ്ചലനായി നിന്നു മുഹമ്മദ്. മുന്നിലെ കൂരിരുള്‍ തിരശ്ശീലയില്‍ പഴയൊരു കളിക്കൂട്ടുകാരന്റെ മുഖം പരതുകയായിരുന്നിരിക്കുമോ അവന്‍? അല്പനേരത്തെ മൗനത്തിനു ശേഷം മുഹമ്മദ് മന്ത്രിച്ചു: ''രവ്യേട്ടന്‍?'' തൊണ്ടയില്‍ ഒരു ഗദ്ഗദം വന്ന് തടഞ്ഞ നിമിഷം. വെള്ളാരംകല്ലുപോലെ വിളര്‍ത്ത കണ്ണുകളില്‍ നേര്‍ത്ത നനവ് പടര്‍ന്നുവോ?
ബസ് പുറപ്പെടാനുള്ള സമയമായിരുന്നു; മുഹമ്മദിന് ഇറങ്ങാനും. പോക്കറ്റില്‍ ആകെയുണ്ടായിരുന്ന നൂറുരൂപ തിടുക്കത്തില്‍ വലിച്ചെടുത്തു മുഹമ്മദിന്റെ കൈയില്‍ വെച്ചു കൊടുക്കാനാണ് എനിക്ക് തോന്നിയത്. കൈയിലിരുന്നു വിറച്ച കറന്‍സി നോട്ടിലൂടെ ഒന്ന് വിരലോടിച്ച ശേഷം, എന്നെ അമ്പരപ്പിച്ചുകൊണ്ട് അതെനിക്ക് തിരികെ തന്നു അവന്‍. പിന്നെ ഒരു നിമിഷം പോലും നില്ക്കാതെ ബസ്സിന്റെ പിന്‍വാതിലിലൂടെ ഓടിയിറങ്ങി പുറത്തെ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു മായാമരീചിക പോലെ! ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. പിന്നെ കണ്ടിട്ടില്ല മുഹമ്മദിനെ. വിഷാദസ്പര്‍ശമുള്ള ആ ശബ്ദം മാത്രമുണ്ട് കാതില്‍: ''ലക്ഷ്യമേതുമറിയാത്ത ജീവിതത്തിന്‍ പാതയില്‍ തപ്പിത്തടയുന്നു നിഴലുകള്‍....''
മൗനമുഖരിതമായ നിമിഷങ്ങള്‍. എന്റെ കൈ മുറുക്കെ പിടിച്ചു നിശ്ചലനായി നിന്നു മുഹമ്മദ്. മുന്നിലെ കൂരിരുള്‍ തിരശ്ശീലയില്‍ പഴയൊരു കളിക്കൂട്ടുകാരന്റെ മുഖം പരതുകയായിരുന്നിരിക്കുമോ അവന്‍? അല്പനേരത്തെ മൗനത്തിനു ശേഷം മുഹമ്മദ് മന്ത്രിച്ചു: ''രവ്യേട്ടന്‍?'' തൊണ്ടയില്‍ ഒരു ഗദ്ഗദം വന്ന് തടഞ്ഞ നിമിഷം. വെള്ളാരംകല്ലുപോലെ വിളര്‍ത്ത കണ്ണുകളില്‍ നേര്‍ത്ത നനവ് പടര്‍ന്നുവോ?
ബസ് പുറപ്പെടാനുള്ള സമയമായിരുന്നു; മുഹമ്മദിന് ഇറങ്ങാനും. പോക്കറ്റില്‍ ആകെയുണ്ടായിരുന്ന നൂറുരൂപ തിടുക്കത്തില്‍ വലിച്ചെടുത്തു മുഹമ്മദിന്റെ കൈയില്‍ വെച്ചു കൊടുക്കാനാണ് എനിക്ക് തോന്നിയത്. കൈയിലിരുന്നു വിറച്ച കറന്‍സി നോട്ടിലൂടെ ഒന്ന് വിരലോടിച്ച ശേഷം, എന്നെ അമ്പരപ്പിച്ചുകൊണ്ട് അതെനിക്ക് തിരികെ തന്നു അവന്‍. പിന്നെ ഒരു നിമിഷം പോലും നില്ക്കാതെ ബസ്സിന്റെ പിന്‍വാതിലിലൂടെ ഓടിയിറങ്ങി പുറത്തെ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു മായാമരീചിക പോലെ! ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. പിന്നെ കണ്ടിട്ടില്ല മുഹമ്മദിനെ. വിഷാദസ്പര്‍ശമുള്ള ആ ശബ്ദം മാത്രമുണ്ട് കാതില്‍: ''ലക്ഷ്യമേതുമറിയാത്ത ജീവിതത്തിന്‍ പാതയില്‍ തപ്പിത്തടയുന്നു നിഴലുകള്‍....''